ഡോ. സി.ആർ.റാവു അന്തരിച്ചു; ലോകപ്രശസ്ത സ്ഥിതിവിവര ശാസ്ത്രജ്ഞൻ

Mail This Article
വാഷിങ്ടൻ ∙ സ്ഥിതിവിവര ശാസ്ത്രത്തിലെ ഇന്ത്യൻ ഇതിഹാസം ഡോ. സി.ആർ.റാവു അന്തരിച്ചു. 103–ാം ജന്മദിനത്തിനു രണ്ടാഴ്ച മാത്രം ശേഷിക്കെയാണു മരണം. ഈ വർഷത്തെ സ്റ്റാറ്റിസ്റ്റിക്സ് ഇന്റർനാഷനൽ പ്രൈസ് ജേതാവായ ഡോ. റാവു യുഎസിലെ പിറ്റ്സ്ബർഗ്, പെൻസിൽവേനിയ സർവകലാശാലകളിൽ അധ്യാപകനായിരുന്നു. നിലവിൽ പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പ്രഫസർ ഇമെരിറ്റസും ബഫലോ സർവകലാശാലയിൽ റിസർച് പ്രഫസറുമാണ്.
സ്ഥിതിവിവര അളവുകോലുകളുടെ കൃത്യതയെയും വിവരസാധ്യതകളെയും കുറിച്ച് ബുള്ളറ്റിൻ ഓഫ് ദ് കൽക്കട്ട മാത്തമാറ്റിക്കൽ സൊസൈറ്റിയിൽ 1945 ൽ 25–ാം വയസ്സിൽ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തിലൂടെയാണ് ശാസ്ത്രമേഖലയിൽ ശ്രദ്ധേയനായത്.
കർണാടകയിലെ ഹുവിനഹഡഗളിയിൽ 1920 സെപ്റ്റംബർ 10നാണ് കലയംപുഡി രാധാകൃഷ്ണ റാവുവിന്റെ ജനനം. ആന്ധ്ര സർവകലാശാലയിൽനിന്നു ഗണിതശാസ്ത്രത്തിലും കൽക്കട്ട സർവകലാശാലയിൽനിന്നു സ്റ്റാറ്റിസ്റ്റിക്സിലും ബിരുദാനന്തര ബിരുദം നേടി. കേംബ്രിജ് സർവകലാശാലയിൽ നിന്നായിരുന്നു ഡോക്ടറേറ്റ്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൾപ്പെടെ സേവനമനുഷ്ഠിച്ചു. 2002 ൽ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് നാഷനൽ മെഡൽ ഓഫ് സയൻസ് നൽകി ആദരിച്ചിരുന്നു.
ഹൈദരാബാദിലെ സി.ആർ.റാവു അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ് (എഐഎംഎസ്‍സിഎസ്) ഇദ്ദേഹത്തിന് ആദരമായി.
English Summary: Dr CR Rao passed away