ADVERTISEMENT

പെരിയ∙ പെരിയ ചാലിങ്കാൽ ഏച്ചിത്തടത്തെ ഈ വീട്ടിൽ മകന്റെ വേർപാടിനു ശേഷം അധികം പുറംലോകത്തേക്ക് ഇറങ്ങാതെ കഴിയുകയാണ് അമ്മ ലക്ഷ്മിയെയും അച്ഛൻ കുഞ്ഞിരാമനും. ഇവരുടെ ഏക മകൻ ടി.വി.ദേവദാസ് 18 വർഷം മുൻപു ചാലിങ്കാലിൽ ഒരു സംഘം സിപിഎം പ്രവർത്തകരുടെ കൊലക്കത്തിക്കിരയാകുമ്പോൾ പ്രായം 24 മാത്രം.

കൃപേഷും ശരത് ലാലും പിടഞ്ഞു മരിച്ച കല്യോട്ട് നിന്ന് അധികം ദൂരമില്ല ചാലിങ്കാലിലേക്ക്. ചെങ്കൽപ്പണയിൽ കല്ലുചുമക്കുന്ന തൊഴിലാളിയായിരുന്നു ദേവദാസ്. യൂത്ത് കോൺഗ്രസ് ചാലിങ്കാൽ യൂണിറ്റ് പ്രസിഡന്റും. 2001 ജനുവരി 27നു വൈകിട്ടു മകൻ ജോലി കഴിഞ്ഞെത്തുന്ന നേരമാകുമ്പോഴേക്കും ചായയും പലഹാരവും ഒരുക്കി കാത്തിരിക്കുകയായിരുന്നു ലക്ഷ്മി. എന്നാൽ രാത്രിയായിട്ടും മകൻ വന്നില്ല. പിറ്റേന്നു വീട്ടിലെത്തിയത് മകന്റെ ചേതനയറ്റ ശരീരം.

ബസിൽ വച്ചാണു ദേവദാസിനെ 11 അംഗ സംഘം വെട്ടിവീഴ്ത്തിയത്. അമ്മ ലക്ഷ്മി (64) പിന്നീടു സാധാരണ നിലയിലേക്കു തിരിച്ചുവന്നില്ല. ഇപ്പോഴും ആളുകളെ കണ്ടാൽ മുഖം തിരിക്കും. കൂട്ടിരിക്കുന്നവരുടെ കണ്ണു തെറ്റിയാൽ വിളിപ്പാടകലെയുള്ള പ്രിയപുത്രന്റെ കുഴിമാടത്തിനരികിലേക്കോടിയെത്തും. ദേവദാസ് കൊലക്കേസിൽ 4 സിപിഎം പ്രവർത്തകർ ഇപ്പോൾ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.

കുടുംബത്തിനു താങ്ങും തണലുമായി പ്രദേശത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുണ്ട്. ‘എങ്കിലും ഞങ്ങൾക്കു നഷ്ടപ്പെട്ട പൊന്നോമനയെ തിരിച്ചുകിട്ടില്ലല്ലോ..’–അച്ഛൻ കുഞ്ഞിരാമന്റെ (72) കണ്ണീരിനെ ഏതു വാക്കുകൾ കൊണ്ടാണു തുടച്ചുകളയുക..?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com