ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടു സീറ്റിൽ ജയവും 20 % വോട്ടും 10 നിയമസഭാ മണ്ഡലങ്ങളിൽ ലീഡും പ്രതീക്ഷിച്ച ബിജെപിക്കു കിട്ടിയതു ശക്തമായ തിരിച്ചടി. ശബരിമല അടക്കം അനുകൂല സാഹചര്യങ്ങൾ വോട്ടാക്കിമാറ്റി അക്കൗണ്ട് തുറക്കുമെന്നു കരുതിയെങ്കിലും ഒരു സീറ്റു പോലും നേടാനാവാതെ ദയനീയാവസ്ഥയിലായി പാർട്ടി. മിസോറം ഗവർണർ പദവി രാജിവച്ചു തലസ്ഥാനത്തു മൽസരിച്ച കുമ്മനം രാജശേഖരൻ മൂന്നു ലക്ഷത്തിലേറെ വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തിയത് ആശ്വാസകരമാണെങ്കിലും ഇവിടെ വിജയത്തിൽ കുറഞ്ഞതൊന്നും ബിജെപി ആഗ്രഹിച്ചിരുന്നില്ല.

ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനും പത്തനംതിട്ടയിൽ കെ.സുരേന്ദ്രനും തൃശൂരിൽ സുരേഷ് ഗോപിയും പാലക്കാട്ട് സി. കൃഷ്ണകുമാറും രണ്ടു ലക്ഷത്തിലേറെ വോട്ടുനേടി ഈ മണ്ഡലങ്ങളിലെ വോട്ടുവിഹിതം വർദ്ധിപ്പിച്ചു. 17 ദിവസം മാത്രം പ്രചാരണ രംഗത്തുണ്ടായിരുന്ന സുരേഷ് ഗോപി നേടിയത് 2,93,822 വോട്ട്. 2014 ൽ ബിജെപി തൃശൂരിൽ നേടിയതിനേക്കാളും 1,91,141 വോട്ടുകളുടെ വർധന.

എറണാകുളത്തു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു 1,37,749 വോട്ടേ നേടാനായുള്ളൂ എങ്കിലും 2014 – നേക്കാൾ നില മെച്ചപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മൂന്നിരട്ടി വോട്ടു കൂടിയ ആലപ്പുഴയാണു ആശ്വാസം പകർന്ന മറ്റൊരു മണ്ഡലം. ഇവിടെ ഡോ. കെ.എസ് രാധാകൃഷ്ണൻ 1,86,278 വോട്ടു നേടി. നിയമസഭാമണ്ഡലങ്ങളിൽ നേമത്തു മാത്രമാണു ബിജെപിക്കു മുന്നിലെത്താൻ കഴിഞ്ഞത്. 2014 –ലെ 10% വോട്ട് എന്നതു 16% ആയി വർദ്ധിച്ചതാണ് നേട്ടമായി ബിജെപി അവതരിപ്പിക്കുന്നത്.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. മോദിയുടെ വികസന–ക്ഷേമപദ്ധതികളേക്കാളും ആയുധമാക്കിയതും ശബരിമല തന്നെ. ഹിന്ദു സമുദായത്തിലുണ്ടാക്കിയ അത‍ൃപ്തി മുതലാക്കി ജയിച്ചു കയറാമെന്നു സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. കേരളത്തിൽ പ്രചാരണത്തിനായി വന്ന നരേന്ദ്രമോദിയും അമിത്ഷായും വിശ്വാസ സംരക്ഷണത്തിനായും ആചാരസംരക്ഷണത്തിനായും ബിജെപി ഏതറ്റം വരെയും പോകുമെന്നു പറഞ്ഞു കയ്യടി നേടിയെങ്കിലും വോട്ടായില്ല.

ശക്തമായ ത്രികോണ മൽസരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ന്യൂനപക്ഷവോട്ടുകൾക്കൊപ്പം ഭൂരിപക്ഷവോട്ടുകളിലെ ഏറിയ പങ്കും യുഡിഎഫിന് അനുകൂലമായി. എക്സിറ്റ് പോളുകളിൽ ബിജെപി ജയിക്കുമെന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായി. ആറന്മുള ഉൾപ്പടെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും ബിജെപി പിന്നിലായി. അടുത്തിടെ എൻഡിഎയിൽ ചേർന്ന പി.സി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിലും പ്രകടനം ദയനീയമായി. ശബരിമല വിഷയം അതിന്റെ പ്രഭവകേന്ദ്രമായ പത്തനംതിട്ടയിൽ പോലും വേണ്ട പോലെ ഏശിയില്ല. സുരേന്ദ്രന്റെ ജയിൽവാസവും വോട്ടായില്ല.

ശബരിമല കോൺഗ്രസിനു ഗുണം ചെയ്തതിന്റെ കാരണം ദേശീയനേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരിക്കേണ്ടിവരും. ന്യൂനപക്ഷങ്ങളുടെ മോദി ഭീതി അകറ്റാനും പാർട്ടിക്കായില്ല എന്ന വിമർശനവുമുണ്ട്. ഘടകകക്ഷിയായ ബിഡിജെഎസും തിളങ്ങിയില്ല. സ്ഥാനാർഥി നിർണയത്തിലും പ്രചാരണതന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനും പങ്കുവഹിച്ച ആർഎസ്എസിനെതിരെയും മുറുമുറുപ്പുണ്ട്. പാർട്ടിയിൽ അഴിച്ചുപണി ഉടനെയുണ്ടായേക്കാമെന്ന സൂചനയും ശക്തമാണ്. 

Alphons Kannanthanam, Thushar Vellappally

കണ്ണന്താനത്തിനും തുഷാറിനുമടക്കം കെട്ടിവച്ച തുക പോയി

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും തുഷാർ വെള്ളാപ്പള്ളിക്കുമടക്കം 13 എൻഡിഎ സ്ഥാനാർഥികൾക്കു കെട്ടിവെച്ച തുക നഷ്ടമായി. കണ്ണൂരിൽ സി കെ. പത്മനാഭനാണ് എൻഡിഎ സ്ഥാനാർഥികളിൽ ഏറ്റവും പിന്നിൽ. തൊട്ടു പിന്നിൽ വയനാട്ടിൽ തുഷാർ വെള്ളാപ്പള്ളിയും. സി.കൃഷ്ണകുമാർ (പാലക്കാട്), സുരേഷ് ഗോപി (തൃശൂർ), പി.സി.തോമസ് (കോട്ടയം), കെ.എസ്.രാധാകൃഷ്ണൻ (ആലപ്പുഴ), കെ.സുരേന്ദ്രൻ (പത്തനംതിട്ട), ശോഭാ സുരേന്ദ്രൻ (ആറ്റിങ്ങൽ), കുമ്മനം രാജശേഖരൻ (തിരുവനന്തപുരം) എന്നിവർക്കു മാത്രമാണ് കെട്ടിവെച്ച തുക ലഭിച്ചത്. പോൾ ചെയ്തതിൽ സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിക്കുന്ന സ്ഥാനാർഥിക്കു കെട്ടിവെച്ച തിരികെ ലഭിക്കും.

English Summary: Kerala BJP Lok Sabha Elections Performance Infographics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com