മർദിച്ച് മൊഴി മാറ്റിച്ചു; അനൂപിന്റെ ലഹരി റാക്കറ്റിനെ കുറിച്ചുള്ള വിവരം പൊലീസ് മുക്കി

Mail This Article
കൊച്ചി∙ കേരളത്തിലേക്കു വൻതോതിൽ രാസലഹരി മരുന്നുകളെത്തിക്കുന്നത് അനൂപ് മുഹമ്മദ് കണ്ണിയായ ബെംഗളൂരു റാക്കറ്റാണെന്ന രഹസ്യ വിവരം കേരള പൊലീസ് മുക്കി. കൊച്ചിയിൽ 2015 മേയ് 26നു ലഹരിമരുന്നു കേസിൽ അറസ്റ്റിലായ മിഥുൻ സി.വിലാസ് നൽകിയ നിർണായക മൊഴികളാണ് അന്നു കേസന്വേഷിച്ച പൊലീസ് സംഘം മുക്കിയത്.
കേരളത്തിലെ നിശാപാർട്ടികൾക്കു കൊക്കെയ്ൻ, എൽഎസ്ഡി അടക്കമുള്ള രാസലഹരികൾ വൻതോതിൽ എത്തിക്കുന്നതു അനൂപിന്റെ സംഘമാണെന്നാണ് അറസ്റ്റിലായ ഡിസ്ക് ജോക്കി മിഥുൻ 5 വർഷം മുൻപു വെളിപ്പെടുത്തിയത്. ഇതിനൊപ്പം മറ്റു ചിലരുടെ പേരുകൾ കൂടി പറഞ്ഞതോടെ പ്രകോപിതനായ അന്വേഷണ ഉദ്യോഗസ്ഥൻ മിഥുനെ മർദിച്ചു. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥൻ എഴുതി തയാറാക്കിയ മൊഴിക്കു താഴെ മിഥുൻ ഒപ്പിട്ടു.
നിശാപാർട്ടിക്കിടയിൽ അറസ്റ്റിലായ മിഥുൻ, തങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയ വിവരം ചോർന്നു കിട്ടിയ അനൂപിന്റെ സംഘത്തലവൻ അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണിൽ വിളിച്ചു പൊലീസ് കസ്റ്റഡിയിലായിരുന്ന മിഥുനോടു വധഭീഷണി മുഴക്കിയതായും ഇപ്പോൾ കേസ് അന്വേഷിക്കുന്ന കേന്ദ്ര നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്കു (എൻസിബി) വിവരം ലഭിച്ചിട്ടുണ്ട്.
സീരിയൽ നടി ഡി.അനിഖ, അനൂപ് എന്നിവർക്കൊപ്പം അറസ്റ്റിലായ റിജേഷ് രവീന്ദ്രൻ തന്നെ അനൂപിനു പരിചയപ്പെടുത്തിയതു ‘ഡിജെ കോക്കാച്ചി’ എന്നറിയപ്പെടുന്ന മിഥുൻ, ഹക്കിം എന്നീ സുഹൃത്തുക്കളാണെന്ന് എൻസിബിക്കു മൊഴി നൽകിയിട്ടുണ്ട്. ഗോവയിലെ പുതുവർഷാഘോഷങ്ങൾക്കിടയിൽ 2015ലാണു മിഥുൻ, ഹക്കിം എന്നിവർക്കൊപ്പമുണ്ടായിരുന്ന അനൂപിനെ പരിചയപ്പെട്ടതും ഗോവയിൽ നിന്നു കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കു വൻതോതിൽ ലഹരി കടത്തുന്ന റാക്കറ്റിൽ റിജേഷ് അംഗമായതും.
റിജേഷിന്റെ മൊഴികളിൽ കൊച്ചി സ്വദേശിയായ മിഥുനെ കുറിച്ചു പരാമർശമുള്ള സാഹചര്യത്തിൽ കേസ് അന്വേഷിക്കുന്ന എൻസിബി വൈകാതെ മിഥുനെ ചോദ്യം ചെയ്യും.
English Summary: Drug case, Anoop Muhammed