വാഹന പരിശോധനാകേന്ദ്ര നവീകരണത്തിലും കെൽട്രോൺ ഉപകരാർ മറിമായം

Mail This Article
തിരുവനന്തപുരം∙ ക്യാമറ വിവാദത്തിനു പിന്നാലെ മോട്ടർ വാഹന വകുപ്പിന്റെ വാഹന പരിശോധനാ കേന്ദ്രങ്ങളുടെ നവീകരണത്തിലും കെൽട്രോണിന് ഉപകരാർ നടത്താനാവും വിധം കോടികളുടെ ഇടപാട്. മൂന്നു കേന്ദ്രങ്ങൾ നവീകരിക്കാൻ ആദ്യം 5 കോടി രൂപയുടെ പദ്ധതി സമർപ്പിച്ച കെൽട്രോൺ ഒരു മാസം കഴിഞ്ഞപ്പോൾ തുക നേർപകുതിയായി കുറച്ചു. ഇതു സംബന്ധിച്ച ഉത്തരവു മാർച്ച് 30ന് ഇറക്കിയതിനു പിന്നാലെ 40% തുക അതേ ദിവസം സർക്കാർ മുൻകൂറായി നൽകുകയും ചെയ്തു.
2015ൽ കെൽട്രോൺ തന്നെ ടെൻഡറില്ലാതെ പുറംകരാർ നൽകി സ്ഥാപിച്ച ടെസ്റ്റിങ് ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്താതെ നശിച്ച സ്ഥിതിയിലായപ്പോഴാണ് നവീകരണം. വാർഷിക അറ്റകുറ്റപ്പണി, ദൈനംദിന നടത്തിപ്പ് എന്ന പേരിൽ കെൽട്രോൺ കോടികൾ കൈപ്പറ്റിയ ശേഷമാണ് ഇപ്പോൾ നവീകരണത്തിന്റെ പേരിലുള്ള ഇടപാട്.
പാറശാല, ഉഴവൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ കംപ്യൂട്ടറൈസ്ഡ് ഹെവി വെഹിക്കിൾ പരിശോധനാ കേന്ദ്രങ്ങൾ കെൽട്രോൺ വഴി നവീകരിക്കുന്നതിനു ഫെബ്രുവരി ഏഴിനാണു ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഭരണാനുമതി നൽകിയത്. അതിന് ഒഴാഴ്ച മുൻപ് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ കെൽട്രോണിനെ ഒഴിവാക്കണമെന്നും ടെൻഡർ വിളിക്കണമെന്നും മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കെൽട്രോണിനെ തന്നെ ഏൽപിക്കണമെന്ന നിലപാടായിരുന്നു ഭരണനേതൃത്വത്തിന്റേത്. നിരക്ക് കുറയ്ക്കാൻ കെൽട്രോണുമായി ചർച്ച നടത്തണമെന്നും മോട്ടർ വാഹന വകുപ്പും കെൽട്രോണുമായി കരാറിലേർപ്പെടണമെന്നും മേൽനോട്ടത്തിനു സാങ്കേതിക സമിതി വേണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
തുടർന്നു ഗതാഗത കമ്മിഷണർ കെൽട്രോണുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ അവർ പുതിയ നിർദേശം സമർപ്പിച്ചു. മൂല്യവർധിത നികുതി അടക്കം 2.76 കോടി രൂപയുടേതായിരുന്നു പുതിയ നിർദേശം. ഒറ്റയടിക്കു 2.23 കോടി രൂപയുടെ കുറവ്! തുടർന്ന് ആദ്യം അനുവദിച്ച 5 കോടിയിൽ ബാക്കി വന്ന തുകയിൽ നിന്ന് തളിപ്പറമ്പ്, കാസർകോട് എന്നിവിടങ്ങളിലെ ഹെവി വെഹിക്കിൾ പരിശോധനാ കേന്ദ്രങ്ങൾ നവീകരിക്കാൻ 1.84 കോടി രൂപയും അനുവദിച്ചു. 5 കേന്ദ്രങ്ങൾ നവീകരിക്കാൻ ആകെ 4.60 കോടി രൂപ ചെലവ്.
നവീകരണം എന്നതിനു പകരം ‘നവീകരണമോ പുതിയ യന്ത്രം സ്ഥാപിക്കലോ’ എന്നു മാർച്ച് 30ന് ഇറക്കിയ രണ്ടാം ഉത്തരവ് പരിഷ്കരിച്ചു. ഇതോടെ ഉപകരാർ നൽകി ഏതു സ്ഥാപനം വഴിയും കെൽട്രോണിന് നവീകരണം നടത്താം.
3 ടിവിക്ക് 1.92 കോടി; 2 പൂജ്യം കൂടിപ്പോയെന്ന് വിശദീകരണം
ടെസ്റ്റിങ് സെന്റർ നവീകരണത്തിനായി കെൽട്രോൺ മോട്ടർ വാഹന വകുപ്പിനു സമർപ്പിച്ച 5 കോടി രൂപയുടെ ആദ്യ പദ്ധതിയിൽ 43 ഇഞ്ച് സ്മാർട് ടിവിക്കു 55 ലക്ഷം രൂപ വില. മൂല്യ വർധിത നികുതി കൂടി ചേരുമ്പോൾ 64 ലക്ഷം രൂപ. അങ്ങനെ 3 ടിവിക്കായി 1.92 കോടി രൂപ.
സിസിടിവി ദൃശ്യങ്ങൾ ഇതിൽ കാണുന്നതിനാണു ടിവി വാങ്ങണമെന്നു പറഞ്ഞത്. ഈ വില കണ്ട ഗതാഗത കമ്മിഷണർ കെൽട്രോൺ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. 55 ലക്ഷമല്ല, അതു 55,000 എന്നായി മറുപടി. 2 പൂജ്യം അബദ്ധത്തിൽ കൂടി പോയതാണത്രെ.
റദ്ദാക്കാൻ സർവീസ് ലെവൽ എഗ്രിമെന്റിൽ വ്യവസ്ഥ; കരാർ ലംഘനം കണ്ടാൽ കെൽട്രോണിനെ കൈവിടാം
തിരുവനന്തപുരം∙ കരാർ ലംഘനം ഏതു ഘട്ടത്തിൽ സംഭവിച്ചാലും കെൽട്രോണുമായുള്ള കരാർ റദ്ദാക്കാൻ സർക്കാരിനു കഴിയുമെന്നു രേഖ. 2020 മേയ് 28നു ഗതാഗത വകുപ്പും കെൽട്രോണുമായി വച്ച സർവീസ് ലെവൽ എഗ്രിമെന്റി (എസ്എൽഎ)ലാണു കരാർ റദ്ദാക്കുന്നതിനെക്കുറിച്ചു വ്യക്തമാക്കുന്നത്. മതിയായ കാരണമുണ്ടെങ്കിൽ കെൽട്രോണിനു നോട്ടിസ് നൽകി വിശദീകരണം വാങ്ങിയശേഷം റദ്ദാക്കൽ നടപടിയിലേക്കു കടക്കാമെന്ന് എസ്എൽഎയിൽ പറയുന്നു.
രണ്ടു പ്രധാന കരാറുകൾ കെൽട്രോൺ ലംഘിച്ചെന്നാണ് ഇപ്പോൾ ഉയർന്ന ആരോപണം. ഒന്ന്, പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റൻസിയായി (പിഎംസി ) മാത്രമേ കെൽട്രോൺ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥ. പദ്ധതിക്കു ഭരണാനുമതി നൽകിയുള്ള സർക്കാർ ഉത്തരവിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ഈ വ്യവസ്ഥ എസ്എൽഎയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വ്യവസ്ഥ ലംഘിച്ചാണു കെൽട്രോൺ പിഎംസിക്കു പുറമേ, ക്യാമറയുടെ ഘടകങ്ങളും നൽകിയത്. പിഎംസി ചാർജ് ആയ 6.4 കോടിക്കു പുറമേ, ക്യാമറാ ഘടകങ്ങൾ നൽകി 5.6 കോടി രൂപയും കെൽട്രോൺ നേടി.
പദ്ധതിയുടെ പ്രധാന പ്രവൃത്തികൾ ഉപകരാർ നൽകരുതെന്നതാണു രണ്ടാമത്തെ വ്യവസ്ഥ. എന്നൽ മുഴുവൻ പ്രവൃത്തികളും കെൽട്രോൺ ഉപകരാർ നൽകി. ഉപകരാർ നൽകിയത് എസ്ആർഐടിയാണെങ്കിലും ഇതിന്റെ ഉത്തരവാദിത്തവും എസ്എൽഎ പ്രകാരം കെൽട്രോണിനാണ്.
English Summary: Allegations on Keltron