ചന്ദന മോഷ്ടാക്കൾ വീണ്ടും വെട്ടു തുടങ്ങി
Mail This Article
കോഴിക്കോട്∙ വർഷങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും ചന്ദന മോഷ്ടാക്കൾ സജീവമാകുന്നു. മുൻപു കേരളത്തിൽ ചന്ദന ഫാക്ടറികൾ നടത്തിയിരുന്നവർ അയൽ സംസ്ഥാനങ്ങളിലേക്കു കുടിയേറി ഫാക്ടറികൾ തുടങ്ങിയാണു ചന്ദനം കടത്തുന്നത്. മലപ്പുറം ജില്ലയിലെ രഹസ്യകേന്ദ്രങ്ങളിൽ ചന്ദനം സൂക്ഷിക്കുകയും ഒരു ലോഡ് തികയുമ്പോൾ തക്കാളിപ്പെട്ടിയിലാക്കി കണ്ടെയ്നർ ലോറികളിൽ അതിർത്തി കടത്തുകയുമാണ് രീതിയെന്നു വനം വകുപ്പ് ഇന്റലിജൻസിന് വിവരങ്ങൾ ലഭിച്ചു. ഇക്കൂട്ടത്തിൽപെട്ട ആറംഗ സംഘമാണ് കഴിഞ്ഞ ദിവസം ഒന്നര ടൺ ചന്ദനവുമായി സേലത്ത് പിടിയിലായത്.
കേരളത്തിൽ ചന്ദന ഫാക്ടറികൾ നിരോധിച്ചതോടെയാണ് സംഘം അന്യ സംസ്ഥാനങ്ങളിലേക്കു മാറിയത്. ലൈസൻസ് ലഭിക്കാൻ വേണ്ടി മറയൂരിലെ സർക്കാർ ഡിപ്പോയിൽ നിന്നു പേരിന് കുറച്ചു ചന്ദനം സംഭരിച്ചു സൂക്ഷിക്കുകയും അതിന്റെ മറവിൽ വ്യാപകമായി സ്വകാര്യ ഭൂമിയിൽ നിന്നും സർക്കാർ ഭൂമിയിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തി തൈലമാക്കുകയുമാണ് രീതി. തമിഴ്നാട്ടിലെ വനപ്രദേശങ്ങളിൽ മുറിക്കുന്ന ചന്ദന മരങ്ങൾ പോലും പണം നൽകി വാങ്ങി സംഭരിക്കുന്നത് മലപ്പുറത്താണെന്നും വനം വകുപ്പു വൃത്തങ്ങൾ പറയുന്നു.
86 ബാഗുകളിലാക്കി മിനി വാനിൽ കടത്തിയ ഒന്നര ടൺ ചന്ദനമാണ് സേലത്ത് കഴിഞ്ഞ ദിവസം പിടികൂടിയത്. ആറു പേരെ എടവണ്ണ റേഞ്ച് ഓഫിസർ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കേരളത്തിൽ എവിടെ നിന്നെല്ലാം ചന്ദനം മുറിച്ചിട്ടുണ്ട് എന്ന വിവരങ്ങൾ ഇവരെ ചോദ്യം ചെയ്യുമ്പോൾ ലഭിക്കുമെന്നാണു പ്രതീക്ഷ.
കേരളത്തിലെ സംരക്ഷിത ചന്ദനക്കാടായ മറയൂരിൽ ഇപ്പോൾ ചന്ദനക്കൊള്ള നടക്കുന്നില്ലെന്നാണു വനം വകുപ്പിന്റെ നിലപാട്. എന്നാൽ കേസുകൾക്ക് കുറവൊന്നുമില്ലെന്നും മോഷണം പോയ ചന്ദനത്തിന്റെ കുറ്റികൾ നശിപ്പിച്ചു തെളിവുകൾ ഇല്ലാതാക്കുകയാണു രീതിയെന്നും വനം വകുപ്പിലെതന്നെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.
സംരക്ഷിത പ്രദേശത്തിനു പുറമേ റവന്യു ഭൂമിയിലും സ്വകാര്യ ഭൂമിയിലും ചന്ദനം വളരുന്നുണ്ട്. ഇതു വില നൽകിയും അല്ലാതെയും രാത്രി മുറിച്ചു കടത്തിയാണ് ചന്ദനം സംഭരിക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഭൂമിയിൽ വളർന്നിരുന്ന 10 ചന്ദനമരങ്ങൾ അടുത്തിടെ മുറിച്ചു കടത്തിയിരുന്നു. സ്വന്തം ഭൂമിയിൽ എത്ര ചന്ദനം വളരുന്നുണ്ട് എന്ന കണക്കു പോലും ജില്ലാ പഞ്ചായത്തിൽ ലഭ്യവുമല്ല. ഇതേക്കുറിച്ചു പരിശോധിക്കാൻ ഫാറൂഖ് കോളജ് ബോട്ടണി വിഭാഗത്തെ കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.