വിനയം കൊണ്ട് മനസ്സുകൾ കീഴടക്കിയ ഡോക്ടർ; കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. പി.വിശ്വനാഥനെ ഓർമിക്കുമ്പോൾ
Mail This Article
കോട്ടയം ∙ വിനയം കൊണ്ടു രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വിദ്യാർഥികളുടെയും മനസ്സുകളിൽ എന്നും വിസ്മയം തീർത്ത ഡോക്ടറായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച അന്തരിച്ച പി.വിശ്വനാഥൻ. മെഡിക്കൽ കോളജ് ആശുപത്രി മെഡിസിൻ വിഭാഗത്തിൽ പ്രഫസറായും പുഷ്പഗിരി, കോലഞ്ചേരി മെഡിക്കൽ കോളജുകളിൽ മെഡിസിൻ വിഭാഗം മേധാവിയായും ഭാരത് ആശുപത്രിയിൽ സീനിയർ കൺസൽറ്റന്റായും പ്രവർത്തിച്ചിരുന്ന ഡോ. വിശ്വനാഥൻ ജീവിതത്തിലുടനീളം രോഗികളുമായി ഊഷ്മള ബന്ധം സൂക്ഷിച്ചുപോന്നു.
മുന്നിലെത്തുന്ന രോഗികളെ കൈകൂപ്പി ചിരിച്ച മുഖത്തോടെ സ്വീകരിക്കുകയും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. ഓരോ രോഗിക്കും ആത്മവിശ്വാസം പകരുന്ന വിധമായിരുന്നു ചികിത്സാരീതി. രോഗലക്ഷണങ്ങൾ നോക്കി രോഗനിർണയം നടത്തുന്നതായിരുന്നു രീതി. രോഗികൾക്ക് അധികം മരുന്നുകളും നൽകിയിരുന്നില്ല. കൈപ്പുണ്യമുള്ള ഡോക്ടർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
പഠിച്ചിരുന്ന കാലത്ത് മെഡിക്കൽ കോളജ് ലൈബ്രറി ഏറ്റവും അധികം ഉപയോഗിച്ചിരുന്നത് വിശ്വനാഥൻ ആയിരുന്നെന്നു സഹപാഠിയും പ്രമുഖ ന്യൂറോസർജനുമായ ഡോ. ബി.ഇക്ബാൽ ഓർക്കുന്നു. കോട്ടയം മെഡിക്കൽ കോളിലെ മെഡിസിൻ 4–ാം യൂണിറ്റ് കരുണയുടെയും കരുതലിന്റെയും യൂണിറ്റാക്കി മാറ്റിയത് ഡോ. വിശ്വനാഥനായിരുന്നെന്നു സഹപ്രവർത്തകനായിരുന്ന ഡോ. ആർ.എൻ.ശർമയും അനുസ്മരിച്ചു. സംസ്കാരം വിദേശത്തുനിന്നു മക്കളെത്തിയശേഷം 14ന് ഉച്ചയ്ക്ക് 2.30നു കോട്ടയം ഗാന്ധിനഗറിലെ ‘സായ് പങ്കജ്’ വീട്ടുവളപ്പിൽ നടക്കും.