ADVERTISEMENT

തിരുവനന്തപുരം∙ പൊലീസിന്റെ അടിയേറ്റു കയ്യൊടിഞ്ഞ സിപിഐ എംഎൽഎ എൽദോ ഏബ്രഹാമിനെ ഉൾപ്പെടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തള്ളിപ്പറയുമ്പോൾ പ്രവർത്തകരുടെ മനസ്സിൽ നിറയുന്നത് ഒരു വ്യാഴവട്ടക്കാലം മുൻപ് കന്റോണ്മെന്റ് പൊലീസ് സ്റ്റേഷനു മുന്നിൽ മുണ്ടു മടക്കിക്കുത്തി നെഞ്ചുറപ്പോടെ നിന്ന ഒരു സെക്രട്ടറിയുടെ മുഖം– പാർട്ടി പ്രവർത്തകരെ പൊലീസ് തല്ലിയാൽ അവരെ തിരിച്ചു തല്ലുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നു പറഞ്ഞ സിപിഐയുടെ മുൻ സംസ്‌ഥാന സെക്രട്ടറി വെളിയം ഭാർഗവൻ.

2007ൽ തിരുവനന്തപുരത്ത് കുത്തകവിരുദ്ധ സമരത്തിൽ അറസ്‌റ്റിലായ വനിതകൾ ഉൾപ്പെടെയുള്ള എഐവൈഎഫ് പ്രവർത്തകരെ സിപിഐയുടെ മന്ത്രിമാർക്കൊപ്പം ചെന്ന് വെളിയം ഇറക്കിക്കൊണ്ടു പോയ സംഭവം പല പാർട്ടി പ്രവർത്തകരും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കാനത്തിന്റെ നിലപാടിനെതിരെ ഭൂരിപക്ഷം സിപിഐ പ്രവർത്തകരും പ്രതിഷേധിക്കുന്നതും ഈ സംഭവം ചൂണ്ടിക്കാട്ടിയാണ്. കിഴക്കേകോട്ടയിലെ സമരത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട സിപിഐ കൗൺസിലർ അഡ്വ. രാഖി രവികുമാറിനെയും ലൈലയെയുമാണ് സിപിഐ മന്ത്രിമാർ കന്റോൺമെന്റ് സ്‌റ്റേഷനിൽ കയറി മോചിപ്പിച്ചത്. അതിനു നേതൃത്വം നൽകിയതാകട്ടെ വെളിയം ഭാർഗവനും. സിപിഐയുടെ രണ്ടു മന്ത്രിമാരെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയായിരുന്നു വെളിയത്തിന്റെ ഇടപെടൽ. ചരിത്രം അങ്ങനെയായിരിക്കെ പിണറായിക്കും കോടിയേരിക്കും മുന്നിൽ ഇപ്പോൾ കാനം മുട്ടുമടക്കിയെന്നാണു പ്രവർത്തകരുടെ അമർഷം.

കൊച്ചിയിൽ പാർട്ടിക്കാരെ പൊലീസ് വീട്ടിൽ കയറി ആക്രമിക്കുകയല്ലായിരുന്നെന്നും അങ്ങോട്ടു പോയി അടി വാങ്ങുകയായിരുന്നെന്നുമായിരുന്നു കാനത്തിന്റെ പ്രസ്താവന. ലാത്തിച്ചാർജിൽ പരുക്കേറ്റ ജില്ലാ സെക്രട്ടറി പി.രാജുവും എൽദോയും ഉൾപ്പെടെയുള്ളവർ പൊലീസിനെതിരെ രൂക്ഷവിമർശനം തുടരുന്നതിനിടെയായിരുന്നു ഇത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരെ കണ്ട ശേഷമായിരുന്നു കാനത്തിന്റെ പ്രതികരണമെന്നതും പ്രവർത്തകരിൽ അമർഷമുണ്ടാക്കുന്നു.

പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഈ പ്രസ്താവനയ്ക്കു മറുപടിയായി സിപിഐ പ്രവർത്തകർ ഓർമപ്പെടുത്തുന്നത് 2007 ഡിസംബറിൽ വെളിയം നടത്തിയ പ്രസംഗത്തിലെ വാക്കുകളാണ്– ‘സമരം ചെയ്യുന്ന പ്രവർത്തകരെ തല്ലാൻ പൊലീസിന് അധികാരമില്ല. അങ്ങനെ തല്ലിയവരെ തിരിച്ചുതല്ലിയ ചരിത്രം സിപിഐയ്ക്കുണ്ട്...’  2007ൽ കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെയായിരുന്നു എഐവൈഎഫ് പ്രവർത്തകരെ സ്റ്റേഷനിൽ നിന്നിറക്കിയ വെളിയത്തിന്റെ നടപടി. അന്നതു വൻ വിവാദമാവുകയും ചെയ്തു. സംഭവത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനു മുന്നിൽ കോടിയേരി കടുത്ത പ്രതിഷേധം അറിയിക്കുകപോലും ചെയ്തു. 

pinarayi-kodiyeri-kanam
കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, കാനം രാജേന്ദ്രൻ (ഫയൽ ചിത്രം)

വെളിയത്തിന്റെയും മന്തിമാരായ കെ.പി. രാജേന്ദ്രൻ, സി. ദിവാകരൻ എന്നിവരുടെയും നടപടിയാണ് അന്ന് കോടിയേരിയെയും സിപിഎമ്മിനെയും പ്രകോപിപ്പിച്ചത്. ഫോർട് സ്റ്റേഷനിലെ വനിതാ കോൺസ്‌റ്റബിളിനെ പരസ്യമായി മർദിച്ചെന്ന പേരിലായിരുന്നു പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരും പൊലീസ് സേനയിലെ പലരും അന്ന് ഈ സംഭവത്തിലുള്ള അമർഷവും പ്രതിഷേധവും ആഭ്യന്തരമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ സമരത്തിൽ പങ്കെടുത്ത പ്രവർത്തകയെ തടഞ്ഞുനിർത്തി കൈപിടിച്ചു തിരിച്ച പൊലീസുകാരിക്ക് അഹങ്കാരമാണെന്നായിരുന്നു വെളിയത്തിന്റെ പരാമർശം. ഇത്തരക്കാരെ തല്ലേണ്ടിവരും. ഇപ്പോൾ ചെയ്യുന്നില്ലെന്നേയുള്ളൂ. കാലം അതല്ലാത്തതാണു കാരണമെന്നും അന്നു വെളിയം പറഞ്ഞുവച്ചു. 

വെളിയത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച്, കൂട്ടുകക്ഷി സർക്കാരിനു യോജിച്ച നടപടിയല്ല ഇതെന്നു വരെ കോടിയേരിക്കു ‘സങ്കടം’ പറയേണ്ടി വന്നു. സംഭവം മുന്നണിമര്യാദയുടെ ലംഘനമാണെന്നു കാണിച്ച് സിപിഎം സംസ്ഥാനസെക്രട്ടറിക്ക് കത്തും നൽകി.  വിഷയം ഇടതുമുന്നണി യോഗത്തിൽ ഉന്നയിക്കാമെന്നു പറഞ്ഞാണ് അന്ന് വി.എസ് തൽക്കാലത്തേക്ക് കോടിയേരിയെയും നിയമമന്ത്രി വിജയകുമാറിനെയും സമാധാനിപ്പിച്ചയച്ചത്.

പൊലീസിനെതിരെയുള്ള വെളിയത്തിന്റെ പ്രതിഷേധം അവിടെയും തീർന്നില്ല. ഇടതു സർക്കാർ അധികാരത്തിലിരിക്കെത്തന്നെ 2008 ജൂലൈയിലായിരുന്നു അടുത്ത വെടിപൊട്ടിക്കൽ. പൊലീസ് ധിക്കാരവും അധികപ്പറ്റും അവസാനിപ്പിച്ചില്ലെങ്കിൽ ഭവിഷ്യത്തു നേരിടേണ്ടിവരുമെന്നായിരുന്നു അത്. പണ്ടു കമ്യൂണിസ്‌റ്റ് വേട്ട നടത്തുമ്പോൾ കാട്ടിയിരുന്ന മര്യാദ പോലും ഇപ്പോഴത്തെ പൊലീസ് കാണിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

ഇടമൺ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുള്ള സംഘർഷത്തിൽ മുൻ പുനലൂർ എംഎല്‍എയും എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുമായി പി.എസ്.സുപാലിനെ വീട്ടിൽ കയറി അർധരാത്രി അറസ്റ്റ് ചെയ്തതിന്മേലായിരുന്നു വെളിയത്തിന്റെ പ്രതിഷേധം.  2008 ജൂൺ 28ന് ബാങ്ക് തിരഞ്ഞെടുപ്പിലെ സംഘർഷത്തെ തുടർന്നു പൊലീസ് അറസ്‌റ്റ് ചെയ്‌ത 36 സിപിഐ - കോൺഗ്രസ് പ്രവർത്തകരെ സുപാലും കോൺഗ്രസ് നേതാക്കളും ഇടപെട്ട് അഞ്ചൽ പൊലീസ് സ്‌റ്റേഷനിൽ നിന്നു മോചിപ്പിച്ച കേസിലായിരുന്നു അറസ്‌റ്റ്. സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞാണു അന്ന് കോൺഗ്രസിനോടു ചേർന്നു സിപിഐ സഹകരണ മുന്നണിയായി മൽസരിച്ചത്. ഈ സംഭവവും അന്നത്തെ സിപിഎം–സിപിഐ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു.

VELIYAM BHARGHAVAN
വെളിയം ഭാർഗവൻ (ഫയൽ ചിത്രം)

രണ്ടുവട്ടം എംഎൽഎയായ പി.എസ്. സുപാലിനെപ്പോലെ ഒരു നേതാവിനെ അർധരാത്രി വീട്ടിൽ കയറി അറസ്‌റ്റ് ചെയ്യേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു ഇതിനെപ്പറ്റി വെളിയത്തിന്റെ പരാമർശം. കോട്ടയത്തും കോഴിക്കോട്ടും പൊലീസിന്റെ മർദനം ഏറ്റുവാങ്ങേണ്ടിവന്ന വിദ്യാർഥികൾക്കെതിരെ വധശ്രമത്തിനു കേസെടുത്തിരിക്കുകയാണ്. പൊലീസുകാർക്കെതിരെയും ഇതേ വകുപ്പു പ്രകാരം കേസ് എടുക്കണം. പൊലീസിന്റെ മർദനം ഏറ്റുവാങ്ങിയ വിദ്യാർഥികളെ അന്വേഷിച്ചു രാത്രി പൊലീസ് വീടുകയറിയിറങ്ങുകയാണ്. ചില പൊലീസ് ഉദ്യോഗസ്‌ഥർ എന്തും ചെയ്യാമെന്ന നിലപാടിലാണ്. ആരുടെയെങ്കിലും പിന്തുണ ഇതിനുണ്ടോയെന്ന് അറിയില്ലെന്നു പറഞ്ഞ വെളിയം തന്റെ മറ്റൊരു ഓർമയും പങ്കുവച്ചു.

‘പണ്ട് എന്നെ അറസ്‌റ്റ് ചെയ്യാൻ കൊട്ടാരക്കരയിലെ പാർട്ടി ഓഫിസിനു മുന്നിൽ എത്തിയ പൊലീസുകാരെ അകത്തു കയറ്റരുതെന്നു ഞാൻ പാർട്ടിക്കാരോടു നിർദേശിച്ചു. രണ്ടു മണിക്കൂർ കാത്തുനിന്നാണ് അവർ എന്നെ അറസ്‌റ്റ് ചെയ്‌തത്...’ എന്നായിരുന്നു വെളിയത്തിന്റെ വാക്കുകൾ. പാർട്ടി ഓഫിസിൽ പൊലീസ് കയറിയാൽ എന്തു സംഭവിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എന്തും സംഭവിക്കാമെന്നായിരുന്നു അന്ന് വെളിയത്തിന്റെ മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com