ബോയിങ് വേഗത്തിൽ തഖിയുദ്ദീന്റെ വളർച്ച; അപ്രതീക്ഷിത അന്ത്യം

Mail This Article
തിരുവനന്തപുരം ∙ 1995 നവംബർ 13. മുംൈബ ബാന്ദ്രയിലുള്ള ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ഓഫിസിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അപ്പുറത്തുള്ള വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് എംഡിയും വർക്കല സ്വദേശിയുമായ തഖിയുദ്ദീൻ അബ്ദുൽ വാഹിദ് പുതിയ ബുള്ളറ്റ് പ്രൂഫ് മെഴ്സിഡീസ് ബെൻസ് കാറിൽ കൊല്ലപ്പെടുന്നത്; അതും വെടിയേറ്റ്.
പുതുതായി രണ്ട് ബോയിങ് വിമാനങ്ങൾ വാടകയ്ക്ക് എടുക്കുന്നതു സംബന്ധിച്ച ചർച്ച കഴിഞ്ഞ് അദ്ദേഹം ഓഫിസിൽ നിന്ന് ഇറങ്ങുകയായിരുന്നു. അത്താഴത്തിന് വീട്ടിലെത്താമെന്നു ഭാര്യ സജീനയ്ക്കു ഫോണിൽ ഉറപ്പും കൊടുത്തു. മക്കളായ ഷെഹ്നാസും സാഹിലും അച്ഛനെ കാത്തിരിക്കുകയായിരുന്നു. യാത്ര തുടങ്ങാറായപ്പോൾ വാഹനം സ്റ്റാർട്ടായില്ല, പകരം പുതിയ കാർ കൊണ്ടുവരാൻ ജീവനക്കാർ ഒരുങ്ങിയപ്പോഴേക്കും ബെൻസ് സ്റ്റാർട്ടായി.
യാത്ര തുടങ്ങി അധികദൂരം പിന്നിട്ടില്ല, തൊട്ടടുത്ത ഇടറോഡിൽ നിന്ന് ഒരു ചുവന്ന മാരുതി വാൻ കുറുകെ വന്നു നിന്നു. തഖിയുദ്ദീന്റെ ഡ്രൈവർ ബർക്കത്തലി വണ്ടി പിന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അക്രമികൾ മൂന്നുപേർ. രണ്ടുപേരുടെ കയ്യിൽ തോക്കുകൾ. ഒരാൾ ചുറ്റിക കൊണ്ടു കാറിന്റെ ചില്ലു തകർത്തു. തകർന്ന ചില്ലിനിടയിലൂടെ അവർ തഖിയുദ്ദീനെ വെടിവച്ചിട്ടു.
പിന്നിൽ ആര്?
കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് മുംബൈ പൊലീസ് തഖിയുദ്ദീനു മുന്നറിയിപ്പു നൽകിയിരുന്നു. ഭീഷണി കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വസതിയായ ന്യൂ ജൽദർശനു സമീപം പൊലീസ് വാഹനം ഏർപ്പെടുത്തിയിരുന്നെങ്കിലും പെട്ടെന്നു തന്നെ ഇതു പിൻവലിച്ചു. പിന്നാലെ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു.
തഖിയുദ്ദീനു ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ സജീനയ്ക്കും അറിയാമായിരുന്നു. വാഹിദ് കുടുംബം ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ആരംഭിക്കാൻ തീരുമാനമെടുത്തതു മുതൽ സജീനയ്ക്ക് ഫോൺ കോളുകൾ വന്നിരുന്നു: ‘‘ഭർത്താവിനോടു പറയുക, എയർലൈൻ തുടങ്ങരുത്.’’എന്നാൽ തഖിയുദ്ദീൻ ഇത് കാര്യമായെടുത്തില്ല.
English Summary: The rise and fall of East West Airlines