‘നിഗൂഢത നിറഞ്ഞ സംഭവം; വെല്ലുവിളി ഏറ്റെടുത്ത് വൈഗ കേസ് തെളിയിക്കും’
Mail This Article
കൊച്ചി ∙ വൈഗ എന്ന പെൺകുട്ടിയെ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ കേസ് അന്വേഷണത്തിൽ നല്ല പുരോഗതിയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു. നിഗൂഢത നിറഞ്ഞ സംഭവമാണത്. അതുകൊണ്ടു തന്നെ വെല്ലുവിളി ഏറ്റെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. കേസ് തെളിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.
സംഭവത്തിനു പിന്നിലെ വസ്തുതകൾ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയുടെ വിശദ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായതിനാൽ ഇപ്പോൾ പറയാനാവില്ല. കുറച്ചു സമയം കൂടി കാത്തിരിക്കണം. സംഭവവുമായി ബന്ധപ്പെട്ട രേഖകളും ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 22നാണ് മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ 13കാരിയായ വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത്. തലേ ദിവസം രാത്രി പിതാവ് സനു മോഹനൊപ്പം ആലപ്പുഴയിലെ ബന്ധു വീട്ടിൽനിന്നു കാക്കനാട്ടെ കങ്ങരപ്പടിയിലുള്ള ഹാർമണി ഫ്ലാറ്റിലെത്തി. അവിടെനിന്നു പുറത്തു പോകുകയും ഇരുവരെയും കാണാതാകുകയുമായിരുന്നു.
ഇവരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വൈഗയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് സനു മോഹനായുള്ള അന്വേഷണം തുടരുകയാണ്. ഇയാളെ കണ്ടെത്തിയാൽ മാത്രമേ എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിയാൻ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്.
English Summary: Vaiga death case: progress in the investigation, says commissioner