ADVERTISEMENT

തൃശൂര്‍ ∙ പൂരം നടന്നാല്‍ കോവിഡ് രോഗികള്‍ കൂടുമെന്ന ഡിഎംഒയുടെ നിലപാടിൽ ദേവസ്വങ്ങള്‍ക്ക് അമര്‍ഷം. പൂരം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നു ദേവസ്വങ്ങള്‍ ആരോപിച്ചു. തൃശൂര്‍ പൂരം മുന്‍വര്‍ഷങ്ങളിലേതു പോലെ പ്രൗഢഗംഭീരമായി നടത്തുമെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍ മനോരമ ന്യൂസിനോടു പറഞ്ഞു. പൂരം നടത്തിയാല്‍ കോവിഡും മരണസംഖ്യയും കൂടുമെന്നായിരുന്നു ഡിഎംഒയുടെ പ്രസ്താവന. കോവിഡ് വ്യാപനം രൂക്ഷമായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും മരണനിരക്ക് കൂടുമെന്നും ഡിഎംഒ നിലപാടെടുത്തു.

എന്നാല്‍, മരണനിരക്ക് ഊതിപ്പെരുപ്പിച്ച് അവതരിപ്പിക്കുകയാണെന്നും പൂരം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ദേവസ്വം ഭാരവാഹികള്‍ ആരോപിച്ചു. ആളെ കുറയ്ക്കുന്നതു സംബന്ധിച്ചു മാത്രമാണ് ഇനി ചര്‍ച്ചയെന്നും പൂരം പതിവുപോലെ നടത്തുമെന്നും വി.എസ്.സുനില്‍കുമാര്‍ വ്യക്തമാക്കി.‌ പൂരം നടത്താന്‍ നേരത്തേതന്നെ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു. കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം പൂരം മുടങ്ങി. ഇത്തവണ പൂരം നടത്തിപ്പിന് അനുമതി കിട്ടിയതോടെ ദേവസ്വങ്ങള്‍ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.

ഇപ്പോൾ റിപ്പോർട്ട് നൽ‍കിയിട്ടില്ല: ഡിഎംഒ

തൃശൂർ പൂരം നടത്തിപ്പ് പുനരാലോചിക്കണമെന്നു താൻ ഇപ്പോൾ റിപ്പോർട്ട് നൽ‍കിയിട്ടില്ലെന്നു ജില്ലാ മെഡിക്കൽ ഓഫിസർ (ഡിഎംഒ) ഡോ. കെ.ജെ.റീന. പൂരം വിപുലമായ തോതിൽ നടത്തിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി മെഡിക്കൽ ബോർഡിന്റെ അഭിപ്രായം തിരഞ്ഞെടുപ്പിനു വളരെ മുൻപു റിപ്പോ‍ർട്ടായി നൽകിയിരുന്നു. ആ റിപ്പോർട്ട് നിലനിൽക്കെയാണ് പൂരം നടത്താനുള്ള തീരുമാനം ഉണ്ടായത്.

ആ തീരുമാനത്തിനു ശേഷം ഇപ്പോൾ വേറെ ഒരു റിപ്പോർട്ടും നൽകിയിട്ടില്ല. പൂരം നടത്തിപ്പ് സർക്കാർ പുനരാലോചിച്ചാൽ നന്നായിരുന്നുവെന്നു തനിക്കു വ്യക്തിപരമായി അഭിപ്രായമുണ്ട്. അതു വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അതു റിപ്പോർട്ടായി നൽകിയിട്ടില്ല. ആ വ്യക്തിപരമായ അഭിപ്രായം ആയിരിക്കാം റിപ്പോർട്ട് എന്ന് വ്യാഖ്യാനിച്ചു പലരും വാർത്തയാക്കിയിരിക്കുന്നത്– ഡിഎംഒ പറഞ്ഞു.

English Summary: DMO vs Devaswom Groups fights over Thrissur Pooram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com