‘ചൂരൽപ്രയോഗം ആലങ്കാരികം; ഫോൺ വിളിച്ച് ശല്യപ്പെടുത്തൽ ആസൂത്രിതം, പരാതി നൽകും’
Mail This Article
കൊല്ലം ∙ സഹായം ആവശ്യപ്പെട്ട് വിളിച്ച പത്താം ക്ലാസ് വിദ്യാർഥിയോട് രൂക്ഷമായി പ്രതികരിച്ചെന്ന വിവാദ ശബ്ദരേഖയിൽ വിശദീകരണവുമായി എം.മുകേഷ് എംഎൽഎ. തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം ചിലർ നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘നിരന്തരം ഫോൺ കോളുകൾ വരുന്നു. ചിലർ ട്രെയിൻ ലേറ്റായ കാര്യം പോലും വിളിച്ചു ചോദിക്കുകയാണ്. ഫോൺ വിളിച്ചാൽ നേരിട്ട് എടുത്ത് സംസാരിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരു സൂം മിറ്റിങ്ങിൽ ഇരിക്കുമ്പോഴാണ് ഈ കുട്ടി വിളിക്കുന്നത്. രണ്ടു തവണ വിളിച്ചപ്പോൾ ഫോണെടുത്ത് മീറ്റിങ്ങിലാണ് പിന്നീട് വിളിക്കാം എന്നു പറഞ്ഞു.
എന്നിട്ടും നിർത്താതെ വിളിച്ചു. സൂം മീറ്റിങ് കട്ടായി പോയി. അങ്ങനെയാണ് ഈ സംഭാഷണമുണ്ടായത്. ഇത്തരത്തിൽ കുട്ടികളെ ഉപയോഗിച്ച് ഫോൺ വിളിച്ച് ശല്യം ചെയ്യുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകും. ആരാണ് ഇതിന്റെയൊക്കെ പിന്നിലെന്ന് എനിക്ക് ഉൗഹിക്കാം. ആ വിളിച്ച കുട്ടി അത്ര നിഷ്കളങ്കനായിരുന്നെങ്കിൽ എന്തിനാണു റെക്കോർഡ് െചയ്തത്. അപ്പോൾ ഇതിനു പിന്നിൽ ചിലരില്ലേ?
ചൂരൽ വച്ച് അടിക്കും എന്നു പറഞ്ഞത് ആലങ്കാരികമായി കണ്ടാൽ മതി. ഞാനും കുറെ ചൂരൽ അടി െകാണ്ടാണ് ഇത്രയൊക്കെയായത്. ഇത്തരത്തിൽ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നവർക്കെതിരെ പരാതി നൽകും. ഈ വിളികൾക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തണം. ഇത് ആസൂത്രിത രാഷ്ട്രീയ നീക്കമാണ്’– മുകേഷ് പറഞ്ഞു.
English Summary: Mukesh MLA's explanation on audio clip controversy