ADVERTISEMENT

തിരുവനന്തപുരം ∙ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥന്‍ നായർ (99) അന്തരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അന്ത്യം. വിദ്യാർഥികാലം മുതൽ ഗാന്ധിമാർഗത്തിലായിരുന്നു. 2016ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 2005 ൽ ജ‌മ്‌നാലാൽ ബജാജ് പുരസ്കാരം നേടി. എൽ.സരസ്വതി അമ്മയാണ് ഭാര്യ.

ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ 11 വർഷം പ്രസിഡന്റായിരുന്നു. ആചാര്യ വിനോബാ ഭാവേയുടെ ഭൂദാനപ്രസ്ഥാനത്തിൽ 13 വർഷം പ്രവർത്തിച്ചു. ഭൂദാന പ്രസ്ഥാനങ്ങളിൽ ശ്രമദാന പ്രസ്ഥാനം കേരളത്തിൽ പരീക്ഷിച്ചു. ജയപ്രകാശ് നാരായണന്‍ നയിച്ച സത്യഗ്രഹങ്ങളിലും പ്രധാന പങ്കുവഹിച്ചു.

സംസ്ഥാനത്തുണ്ടായ മാറാട് കലാപത്തിലും ദേശീയ തലത്തിൽ സിഖ്–ഹിന്ദു സംഘർഷത്തിലും ശാന്തിയുടെ സന്ദേശവുമായി സജീവമായ പ്രമുഖരിൽ ഒരാളായിരുന്നു ഗോപിനാഥൻ നായർ. മാറാട് കലാപത്തിൽ സർക്കാരിന്റെ മീഡിയേറ്ററായും പ്രവർത്തിച്ചു. ബംഗ്ലാദേശ് കലാപവേളയിൽ ഇന്ത്യയിലേക്ക് പ്രവഹിച്ച അഭയാർഥികളുടെ ക്യാംപുകളിൽ ആശ്വാസം എത്തിക്കാനും സജീവ പങ്കാളിത്തം വഹിച്ചു.

എം.പത്മനാഭൻ പിള്ളയുടെയും കെ.പി.ജാനകി അമ്മയുടെയും മകനായി 1922 ജൂലൈ 7ന് തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് ജനനം. കുട്ടിക്കാലത്ത് ഗാന്ധിജി കേരളത്തിലെത്തിയപ്പോൾ അടുത്തു നിന്നു കാണുകയും അദ്ദേഹത്തിന്റെ ആദർശങ്ങളെ ജീവിതത്തിൽ പകർത്തുകയും ചെയ്താണ് പി.ഗോപിനാഥൻ നായർ ഗാന്ധിമാർഗത്തിലെത്തിയത്. കോളജ് വിദ്യാർഥിയായിരിക്കെ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിലിലായി. ശാന്തിനികേതനിലെ പഠനം ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തി. 1946–48 കാലയളവിൽ വിശ്വഭാരതി സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായി. തികഞ്ഞ ഗാന്ധിമാർഗത്തിൽ അധിഷ്ഠിതമായതായിരുന്നു അദ്ദേഹത്തിന്റെ പിൽക്കാല ജീവിതം.

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ദേശീയ നേതാക്കൾ സംഘടിപ്പിച്ച ‘അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി’യുടെ പ്രാരംഭം മുതൽ ആറു ദശാബ്ദത്തിലേറെയായി സേവനം അനുഷ്ഠിച്ച ഏറ്റവും മുതിർന്ന പ്രവർത്തകനായിരുന്നു. ഗാന്ധിജിയുടെ വേർപാടിനു ശേഷം സർവ സേവാ സംഘത്തിലും അഖിലേന്ത്യാ സർവോദയ സംഘടനയിലും കർമസമിതി അംഗമായി.

1951ൽ കെ.കേളപ്പൻ അധ്യക്ഷനും ഗോപിനാഥൻ നായർ സെക്രട്ടറിയുമായി രൂപം കൊണ്ട ഗാന്ധിസ്മാരക നിധിയിൽ പ്രവർത്തിച്ചാണ് കേരളത്തിൽ ഗാന്ധിയൻ ആദർശങ്ങളിലുളള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജന്മദിനം ജൂലൈ ഏഴിനാണെങ്കിലും മിഥുന മാസത്തിലെ തൃക്കേട്ട നക്ഷത്രമാണ് ജന്മനാളായി ആഘോഷിച്ചുവന്നത്. കഴിഞ്ഞ മാസം നടത്തിയ നൂറാം പിറന്നാൾ ആഘോഷത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങിയവർ ഫോണിലൂടെ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നിരുന്നു

നെയ്യാറ്റിൻകരയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഗാന്ധിമാർഗ പ്രവർത്തനങ്ങൾക്കും ഇതോടൊപ്പം തുടക്കമായിരുന്നു. നെയ്യാറ്റിൻകര ടിബി ജംക്‌ഷനിലെ ‘നാരായണീയം’ വീട്ടിലെത്തി കെ. ആൻസലൻ എംഎൽഎയാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഗാന്ധിയൻ ഗോപിനാഥൻ നായരെ അന്ന് പൊന്നാട അണിയിച്ച് ആദരിച്ചത്.

English Summary: Freedom fighter and famous Gandhian P Gopinathan Nair passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com