വിളിച്ചുവരുത്തിയത് കൊല്ലാൻ; കഷായത്തിൽ കീടനാശിനി കലർത്തി നൽകി: എഡിജിപി

Mail This Article
തിരുവനന്തപുരം ∙ പാറശാലയിലെ ബിഎസ്‌സി റേഡിയോളജി വിദ്യാർഥി ഷാരോൺ രാജിനെ വനിതാ സുഹൃത്തായ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയെന്ന് എഡിജിപി അജിത് കുമാർ. ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി ചേർത്തു നൽകിയാണ് കൊലപ്പെടുത്തിയതെന്ന് ഗ്രീഷ്മ മൊഴി നൽകിയതായി എഡിജിപി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കൊലപാതകത്തിന്റെ വിശദാംശങ്ങളും ഗ്രീഷ്മയെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളും എഡിജിപി പങ്കുവച്ചത്.
ഗ്രീഷ്മയുടെ മൊഴിപ്രകാരം നടന്ന സംഭവങ്ങൾ ഇങ്ങനെ:
ഷാരോൺ രാജും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബന്ധം തകരുകയും മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ബന്ധത്തിൽനിന്ന് പിൻമാറില്ലെന്ന് വ്യക്തമാക്കി സമ്മർദ്ദത്തിലാക്കിയതിനാൽ ഷാരോണിനെ ഒഴിവാക്കാനാണ് ഇതു ചെയ്തത്. ഷാരോണിനെ ഒഴിവാക്കാൻ പല വഴികൾ നോക്കിയെങ്കിലും അതൊന്നും നടന്നില്ല. പല കഥകൾ പറഞ്ഞു നോക്കി. ജാതകത്തിന്റെ കാര്യവും പറഞ്ഞു നോക്കി. ഇതൊന്നും നടക്കാതെ വന്നപ്പോഴാണ് ഗ്രീഷ്മ ഇത്തരമൊരു കടുംകൈയ്ക്കു മുതിർന്നത്.
കഷായം കുടക്കാൻ നല്ല ബുദ്ധിമുട്ടാണെന്ന് ഗ്രീഷ്മ പറയുമ്പോൾ ഷാരോൺ കളിയാക്കുമായിരുന്നു. താൻ കഴിച്ചു കാണിച്ചു തരാമെന്നു പറഞ്ഞാണ് ഷാരോൺ ഗ്രീഷ്മ സ്ഥിരമായി കുടിക്കുന്നതാണെന്നു പറഞ്ഞ് നൽകിയ കഷായം കുടിച്ചത്. ഗ്രീഷ്മയുടെ അമ്മയ്ക്കായി വീട്ടിൽത്തന്നെ ഉണ്ടാക്കിയ ഒരു കഷായത്തിലാണ് കീടനാശിനി കലക്കി കൊടുത്തത്. ക്യാപിക്(kapiq) എന്ന കീടനാശിനിയാണ് കലക്കിയത്. കഷായം നേരത്തെ തന്നെ ഉണ്ടാക്കി വച്ചിരുന്നു. ഷാരോണ്‍ ബാത്റൂമിൽ പോയപ്പോഴാണ് കീടനാശിനി കലക്കിയത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ.
ഇരുവരും തമ്മിൽ വിവാഹം നടന്നതായി മൊഴിയിൽ പരാമർശിച്ചിട്ടില്ലെന്നും എഡിജിപി വെളിപ്പെടുത്തി. പള്ളിയിൽ പോയി സിന്ദൂരം ചാർത്തിയതായി മാത്രമാണ് പറഞ്ഞത്. മുൻപും രണ്ടു വട്ടം ഷാരോൺ ഛർദ്ദിച്ചതായി പറയുന്നുണ്ടെങ്കിലും അതിൽ ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് വ്യക്തമല്ലെന്നും എഡിജിപി അറിയിച്ചു
∙ ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത് ഇന്നലെ
കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച പാറശാല പൊലീസിൽനിന്ന് ശനിയാഴ്ചയാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ഇതിനു പിന്നാലെ മൊഴി നൽകുന്നതിനായി ഹാജരാകാൻ പെൺകുട്ടിയോടും മാതാപിതാക്കളോടും ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കേസിൽ പ്രതി ചേർക്കാൻ തക്ക വിവരങ്ങൾ ഇതുവരെ ചോദ്യം ചെയ്യലിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് എഡിജിപി വ്യക്തമാക്കി. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് ക്രൈംബ്രാഞ്ച് സംഘം ഗ്രീഷ്മയെ ചോദ്യം ചെയ്തത്.
ഒരു വർഷത്തോളമായി അടുപ്പത്തിലായിരുന്ന ഗ്രീഷ്മയുടെ വീട്ടിൽനിന്ന് കഷായവും ജൂസും കഴിച്ചതിനു പിന്നാലെയാണ് ഷാരോൺ ഛർദ്ദിച്ച് അവശനായതും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നതും. റൂറൽ എസ്പി ഡി.ശിൽപയുടെ നേതൃത്വത്തിലാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോൺസൺ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. റൂറൽ എസ്പിയും എഎസ്പി സുൽഫിക്കറും അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നുണ്ട്.
English Summary: ADGP Ajith Kumar Explains Details Of Parassala Sharon Raj's Murder Case