കാളി ദേവിയുടെ ചിത്രം വികലമായി ഉപയോഗിച്ചതിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ

Mail This Article
കീവ്∙ കാളി ദേവിയുമായി സാമ്യമുള്ള ചിത്രം ഉപയോഗിച്ച് ഇന്ത്യൻ വികാരം വ്രണപ്പെടുത്തിയതിന് യുക്രെയ്ന്‍ വിദേശകാര്യ ഉപമന്ത്രി എമിൻ ധപറോവ ഖേദം പ്രകടിപ്പിച്ചു. യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം കാളി ദേവിയെ വികലമായി ചിത്രീകരിച്ചതിൽ ഖേദിക്കുന്നതായി എമിൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇന്ത്യൻ സംസ്കാരത്തെ ബഹുമാനിക്കുന്ന രാജ്യമാണ് യുക്രെയ്ൻ. ഇന്ത്യയുടെ പിന്തുണയെ വിലമതിക്കുകയും ചെയ്യുന്നു. വിവാദചിത്രം നീക്കം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിന് ശ്രമിക്കുന്നുവെന്നും എമിൻ കൂട്ടിച്ചേർത്തു.
ഏപ്രിൽ 30 നാണ് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലത്തിന്‍റെ ട്വിറ്റർ അക്കൗണ്ടിൽ വിവാദ ചിത്രം പ്രത്യക്ഷപ്പെട്ടത്. ‘ഡിഫൻസ് യു’ എന്ന ട്വിറ്റർ ഹാൻഡിലിലാണ് 'വർക്ക് ഓഫ് ആർട്' എന്ന തലക്കെട്ടോടെ കറുത്ത മേഘങ്ങൾക്കിടയിൽ ഹോളിവുഡ് താരം മെർലിൻ മൺറോയുടെ രൂപത്തിലുള്ള കാളിദേവിയെ ചിത്രീകരിച്ചിരുന്ന ട്വീറ്റ് വന്നത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്ന് വന്നു.
"ഞെട്ടിക്കുന്ന നടപടിയാണ് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിൽ നിന്നുണ്ടായിരുന്നത്. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ കാളി ദേവിയെ നിന്ദ്യമായ പോസിൽ ചിത്രീകരിച്ചതിനെ കലാസൃഷ്ടിയായി കാണാൻ സാധിക്കുകയില്ല. വിശ്വാസം തമാശയല്ല. ചിത്രം പിൻവലിച്ച് യുക്രെയ്ൻ മാപ്പ് പറയണം"- എന്ന് ട്വിറ്ററിൽ ആവശ്യം ഉയർന്നിരുന്നു.
യുക്രെയ്ൻ – റഷ്യ യുദ്ധം തുടങ്ങിയ ശേഷം ഇന്ത്യ സന്ദർശിച്ച ആദ്യ യുക്രെയ്ന്‍ മന്ത്രി എമിനായിരുന്നു. കേന്ദ്ര വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖിയുമായി എമിൻ അന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
English Summary: "We Regret": Ukraine Apologises After Backlash Over Goddess Kali Tweet