ബെംഗളുരുവില്‍ കനത്തമഴ, ആലിപ്പഴവർഷം; വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി 23കാരിക്ക് ദാരുണാന്ത്യം
Mail This Article
ബെംഗളുരു ∙ നഗരത്തിലുണ്ടായ അപ്രതീക്ഷിത പെരുമഴയില്‍ യുവതി മുങ്ങിമരിച്ചു. നിയമസഭയ്ക്കു സമീപമുള്ള കെ.ആര്‍.സര്‍ക്കിളിലെ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ മുങ്ങിയ കാറിലുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശിനി ബാനുരേഖ (23) ആണു മരിച്ചത്. ഇന്‍ഫോസിസ് ജീവനക്കാരിയായ ബാനു, കുടുംബസമേതം ഹൈദരാബാദില്‍നിന്നു നഗരത്തിലേക്കു വരുമ്പോഴായിരുന്നു അപകടം. വെള്ളക്കെട്ടിന്റെ ആഴം മനസിലാക്കാതെ കാര്‍ ഇറക്കിയതാണ് അത്യാഹിതത്തില്‍ കലാശിച്ചത്. കാറില്‍ കുടുങ്ങിയ മറ്റുള്ളവരെ നാട്ടുകാരും ഫയര്‍ഫോഴ്സുമാണ് രക്ഷപ്പെടുത്തിയത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാനുരേഖയുടെ കുടുംബത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശിച്ചു. കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
വിവിധയിടങ്ങളിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. മല്ലേശ്വരം, തെക്കൻ ബെംഗളൂരു ഉൾപ്പെടെയുള്ള ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷമുണ്ടായി.
ബെംഗളൂരു അർബന്‍ ജില്ലയിൽ മേയ് 25 വരെ കനത്ത മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ബെംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപുര, കുടക്, മാണ്ഡ്യ, മൈസൂരു, ചിത്രദുർഗ ജില്ലകളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
English Summary: Bengaluru sees heavy rain and hail storms in many areas