‘ഇതല്ല വേണ്ടത്, വലിയ വില നൽകേണ്ടി വരും’: ഗതാഗത വകുപ്പിനെതിരെ മുകേഷ്
Mail This Article
കൊല്ലം ∙ സംസ്ഥാന ഗതാഗത വകുപ്പിനെതിരെ വിമർശനവുമായി സിപിഎം നേതാവും നടനുമായ എം.മുകേഷ് എംഎൽഎ. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് അപകടാവസ്ഥയിലാണെന്നും അത് ശരിയാക്കാൻ ഫണ്ട് അനുവദിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നുമാണ് മുകേഷ് പറഞ്ഞത്.
ഫെയ്സ്ബുക് കുറിപ്പിലൂടെ ആയിരുന്നു മുകേഷിന്റെ പരാമർശം. ഇപ്പോഴത്തെ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെയും മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരെയും വിമർശനം ഉന്നയിച്ചു. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരിട്ട് കണ്ട് കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുകേഷിന്റെ ഫെയ്സ്ബുക് പോസ്റ്റ്:
പറയാതെ വയ്യ... കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും, ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്യുകയുണ്ടായി.
നിരവധി പ്രാവശ്യം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്.
കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല. യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്. അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും..
English Summary: M.Mukesh MLA's facebook post criticizing Transport ministry of State