ADVERTISEMENT

ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം രൂക്ഷമായതിനിടെ, തർക്കം പരിഹരിക്കാൻ കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി ദിവസങ്ങൾക്ക് മുൻപ് യുഎസിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്.

വാഷിങ്ടനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. നിജ്ജാറുമായി അടുത്ത് പരിചയമുള്ള ആളുകളെ ഉദ്ധരിച്ച് ബ്രിട്ടിഷ് പത്രമായ ഫിനാൻഷ്യൽ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, കാനഡയുടെയോ ഇന്ത്യയുടെയോ വിദേശകാര്യ മന്ത്രാലയം കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടില്ല.

കാനഡയുടെ നയതന്ത്ര പ്രതിനിധികളെ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകളെ തുടർന്ന്, ഇന്ത്യയുമായുള്ള സംഘർഷാവസ്ഥ പരിഹരിക്കാൻ കനേഡിയൻ സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നം സ്വകാര്യമായി പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് മെലാനി ജോളി ഈ മാസം ആദ്യം പറഞ്ഞിരുന്നു. അതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. 

ഇന്ത്യയുമായുള്ള ‘ നിലവിലെ സാഹചര്യം രൂക്ഷമാക്കാൻ’ ആഗ്രഹിക്കുന്നില്ലെന്നും ക്രിയാത്മക ബന്ധം തുടരുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും വ്യക്തമാക്കിയിരുന്നു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിനു പിന്നാൽ, ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെത്തുടർന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ആരോപണങ്ങൾ ഇന്ത്യ തള്ളിയിരുന്നു.

English Summary:

S Jaishankar, Canadian FM Melanie Joly held secret meeting in US to solve crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com