രാജിക്ക് 3 ദിവസം മുൻപ് ചന്ദ്ര പ്രിയങ്കയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയെന്ന് സ്പീക്കർ
Mail This Article
ചെന്നൈ ∙ പുതുച്ചേരിയിൽ ചന്ദ്ര പ്രിയങ്ക രാജിവയ്ക്കുന്നതിന് 3 ദിവസം മുൻപ് അവരെ മന്ത്രി സ്ഥാനത്തിനു നിന്നു നീക്കിയിരുന്നതായി സ്പീക്കർ എംബളം ആർ.സെൽവം. പ്രകടനം തൃപ്തികരമല്ലാത്തതാണു മന്ത്രിസ്ഥാനത്തു നിന്നു നീക്കാനുള്ള കാരണം. ദലിത് വിവേചനം നേരിട്ടിരുന്നുവെന്ന ചന്ദ്ര പ്രിയങ്കയുടെ ആരോപണവും സ്പീക്കർ നിഷേധിച്ചു.
അതേസമയം, അവരെ മന്ത്രി പദവിയിൽ നിന്നു മാറ്റുന്നതിനായി 6 മാസം മുൻപു തന്നെ മുഖ്യമന്ത്രി എൻ.രംഗസാമി തീരുമാനിച്ചിരുന്നതായി ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.
എന്നാൽ ഏക വനിതാ മന്ത്രിയായതിനാൽ പ്രകടനം നടത്താൻ കൂടുതൽ സമയം നൽകാൻ നിർദേശിച്ച് ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും തമിഴിസൈ പറഞ്ഞു. മകളെ പോലെയാണ് രംഗസാമി അവരോടു പെരുമാറിയതെന്നും പാർട്ടിയിൽ മുതിർന്നവർ ഏറെ ഉണ്ടായിട്ടും സ്ത്രീകൾക്കു പ്രാധാന്യം നൽകുന്നതിനാണ് ചന്ദ്ര പ്രിയങ്കയെ മന്ത്രിയാക്കിയതെന്നും കൂട്ടിച്ചേർത്തു.
ജാതി, സ്ത്രീ വിവേചനത്തിന്റെ പേരിൽ നിരന്തരം വേട്ടയാടപ്പെടുന്നുവെന്ന് ആരോപിച്ചാണു പുതുച്ചേരിയിലെ ഏക വനിതാ മന്ത്രിയായിരുന്ന ചന്ദ്ര പ്രിയങ്ക കഴിഞ്ഞ ദിവസം രാജിവച്ചത്.
പുരുഷൻമാർ എല്ലാ കാര്യങ്ങളും തീരുമാനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അപരിഷ്കൃതമാണെന്നു രാജിക്കത്തിൽ പറഞ്ഞു. എൻആർ കോൺഗ്രസ് അംഗമായ ചന്ദ്ര പ്രിയങ്ക 41 വർഷത്തിനു ശേഷം പുതുച്ചേരി മന്ത്രിയാകുന്ന ആദ്യ വനിത കൂടിയാണ്.