യുപിയിൽ യുവാവിനെ മർദിച്ച് ദേഹത്ത് മൂത്രമൊഴിച്ച സംഭവം; മൂന്നു പേർ കൂടി അറസ്റ്റിൽ
Mail This Article
മീററ്റ്∙ ഉത്തർപ്രദേശിൽ യുവാവിനെ മർദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. യുവാവിനെ അക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്.
നവംബർ 13ന് അമ്മായിയെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് രാത്രിയിൽ വിദ്യാർഥിയായ യുവാവ് ആക്രമിക്കപ്പെട്ടത്. പിറ്റേന്ന് രാവിലെയാണ് യുവാവ് വീട്ടിലെത്തിയത്. മർദനത്തിനിരയായ കാര്യം വീട്ടുകാരോട് പറഞ്ഞെങ്കിലും മൂത്രമൊഴിച്ച കാര്യം വെളിപ്പെടുത്തിയിരുന്നില്ല. കുറച്ചുദിവസങ്ങൾക്ക് ശേഷം വിഡിയോ പുറത്തുവന്നതിനുശേഷമാണ് കാര്യങ്ങൾ മുഴുവനും തുറന്നു പറയാൻ യുവാവ് തയാറായത്.
യുവാവിനെ സംഘം ചേർന്ന് മർദിക്കുന്നതും ഒരാൾ മൂത്രമൊഴിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും കാണാം. അക്രമം നടത്തിയവരിൽ രണ്ടു പേർ സുഹൃത്തുക്കളാണെന്ന് കുടുംബം ആരോപിച്ചു. ഏഴു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.