സി ഡിറ്റിൽ സർക്കാരിനു തിരിച്ചടി; ടി.എൻ.സീമയുടെ ഭർത്താവ് ജി. ജയരാജിന് ഡയറക്ടർ സ്ഥാനം നഷ്ടമാകും
Mail This Article
കൊച്ചി∙ സി ഡിറ്റ് ഡയറക്ടറായി സിപിഎം നേതാവ് ടി.എൻ.സീമയുടെ ഭർത്താവ് ജി. ജയരാജിനെ നിയമിച്ച സർക്കാർ നീക്കത്തിന് തിരിച്ചടി. സി ഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്കുള്ള നിയമന യോഗ്യത പുനർനിർണയിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതിന്റെ തുടർച്ചയായി പുറപ്പെടുവിച്ച വിജ്ഞാപനവും നിയമനവും ഉള്‍പ്പെടെയുള്ള തുടർനടപടികളും റദ്ദാക്കിയിട്ടുണ്ട്.
ഇതോടെ, സിപിഎം നേതാവ് ടി.എൻ.സീമയുടെ ഭർത്താവ് ജി. ജയരാജിന്റെ ഡയറക്ടർ സ്ഥാനം നഷ്ടമാകും. യോഗ്യത പുനർനിർണയിച്ചതിനെതിരെ സി ഡിറ്റ് ഡപ്യൂട്ടി ഡയറക്ടർ എം.ആർ. മോഹനചന്ദ്രൻ നൽകിയ ഹർജിയിലാണ് നിർണായക വിധി. ജസ്റ്റിസ് രാജ വിജയരാഘവനാണ് ഹർജി പരിഗണിച്ചത്.
ഡയറക്ടർ തസ്തികയുടെ യോഗ്യത പുനർനിർണയിക്കാൻ സർക്കാരിന് അധികാരമില്ലെന്നു കോടതി വിലയിരുത്തി. 2020 ഒക്ടോബറിലാണ് സി ഡിറ്റ് ഡയറക്ടർ നിയമനത്തിനുള്ള യോഗ്യത പുനർനിർണയിച്ചു സർക്കാർ ഉത്തരവിറക്കിയത്. ഇതിന്റെ തുടർച്ചയായാണ് ഡയറക്ടർ നിയമനത്തിനുള്ള സേർച് കമ്മിറ്റി രൂപീകരിച്ച് ജയരാജിനെ ഡയറക്ടറായി നിയമിച്ചത്.