ADVERTISEMENT

ബെംഗളൂരു∙ ആരാധകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്നട നടി പവിത്ര ഗൗഡ, കേസിലെ മുഖ്യപ്രതിയും കന്നഡ നടനുമായ ദർശന്റെ ഭാര്യയല്ലെന്നും അങ്ങനെയുള്ള തെറ്റിദ്ധാരണകൾ പരത്തുന്നത് ദർശന്റെ ഭാര്യയായ വിജയലക്ഷ്മിയെ വേദനിപ്പിക്കുന്നുവെന്നും പ്രതിയുടെ അഭിഭാഷകൻ അനിൽ ബാബു. അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷനിൽ എത്തി ദർശനെ കണ്ടു പുറത്തിറങ്ങുമ്പോഴാണ് അനിൽ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. 

‘‘‌അറസ്റ്റിനു പിന്നാലെ രണ്ടു തവണ ഞാൻ ദർശനെ കണ്ടു. ദർശന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും ആവശ്യപ്രകാരമാണ് ഞാൻ അദ്ദേഹത്തിനു വേണ്ടി കോടതിയിൽ ഹാജരായത്. പവിത്ര ദർശന്റെ ഭാര്യയാണെന്ന തരത്തിലുള്ള ചില മാധ്യമ വാർത്തകൾ കണ്ട് ദർശന്റെ ഭാര്യ വിജയലക്ഷ്മി വളരെ ദുഃഖിതയാണ്. അവർക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. ദർശൻ നിയമപരമായി വിവാഹം കഴിച്ചത് തന്നെയാണെന്നും താനല്ലാതെ മറ്റു ഭാര്യമാരൊന്നും ദർശനില്ലെന്നും വിജയലക്ഷ്മിക്ക് മാധ്യമങ്ങളെ നേരിൽ കണ്ട് പറയണമെന്നുണ്ട്. ദർശനും വിജയലക്ഷ്മിക്കും ഒരു മകനുണ്ട്. പവിത്ര ദർശന്റെ സഹപ്രവർത്തകയും സുഹൃത്തും മാത്രമാണ്. അവർ തമ്മിൽ മറ്റു ബന്ധങ്ങളൊന്നുമില്ല’’– അനിൽ പറഞ്ഞു. 

പൊലീസും മറ്റ് അധികൃതരും പവിത്രയെ ദർശന്റെ ഭാര്യയെന്ന നിലയിലാണ് അഭിസംബോധന ചെയ്തതെന്ന് പറഞ്ഞപ്പോൾ അത് അവർക്ക് തെറ്റുപറ്റിയാതുമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

‘‘പവിത്ര ദർശന്റെ ഭാര്യയാണെന്ന് തെളിയിക്കുന്ന യാതൊരു രേഖകളുമില്ല. അവർ വിവാഹം കഴിച്ചിരുന്നെങ്കിൽ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകൾ ഉണ്ടാകുമായിരുന്നു. എന്നാൽ അത്തരത്തിൽ ഒന്നും തന്നെയില്ല. ദർശൻ ഒരാളെ മാത്രമാണ് വിവാഹം ചെയ്തത്, അത് വിജയലക്ഷ്മിയാണ്.’’– അനിൽ കൂട്ടിച്ചേർത്തു. 

2017ൽ ദര്‍ശനൊപ്പമുള്ള വിഡിയോ പവിത്ര ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിരുന്നു. ദര്‍ശനൊപ്പമുള്ള ജീവിതം 10 വര്‍ഷം പൂര്‍ത്തിയായെന്നും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും വിഡിയോയുടെ അടിക്കുറിപ്പായി പവിത്ര കുറിക്കുകയും ചെയ്തു. തുടർന്ന് പവിത്രയും വിജയലക്ഷ്മിയും തമ്മിൽ സമൂഹമാധ്യമത്തിൽ വാക്പോര് ഉണ്ടാകുകയും പവിത്ര തന്റെ കുടുംബം തകർക്കുകയാണെന്ന് വിജയലക്ഷ്മി ആരോപിക്കുകയും ചെയ്തിരുന്നു. 

ചിത്രദുർഗ സ്വദേശി രേണുകസ്വാമി (33) കൊല്ലപ്പെട്ട കേസിൽ പ്രതികളായ ദർശനും നടി പവിത്ര ഗൗഡയും ഉൾപ്പെടെ 13 പേർ അറസ്റ്റിലായിട്ടുണ്ട്. അതിനിടെ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തിരുത്താൻ കന്നഡ നടൻ ദർശൻ ഒരു കോടി രൂപ ആശുപത്രി അധികൃതർക്കു വാഗ്ദാനം ചെയ്തതായി പൊലീസ് അറിയിച്ചു. ബെംഗളൂരു മജിസ്ട്രേട്ട് കോടതി കസ്റ്റഡി 20 വരെ നീട്ടി. ആഴത്തിലുള്ള 15 പരുക്കുകളാണു മരണകാരണമായതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു.

English Summary:

False Claims Hurt Darshan’s Wife Vijayalakshmi Amid Pavitra Gowda’s Arrest in Renukaswamy Murder Case, Says Lawyer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com