3 ദിവസം, 6 വേദികൾ, 150 സെഷൻ, 500 അതിഥികൾ; ഓർമകളുടെ മധുരം സമ്മാനിച്ച് മനോരമ ‘ഹോർത്തൂസ്’
Mail This Article
കോഴിക്കോട് ∙ സാംസ്കാരിക കേരളത്തിൽ മായ്ക്കാനാകാത്ത മുദ്ര പതിപ്പിച്ച് മനോരമ ‘ഹോർത്തൂസ്’ ആദ്യപതിപ്പിനു സമാപനം. സമ്മേളനം അവസാനിച്ചെങ്കിലും അതു പകർന്നു നൽകിയ ഓർമകളുടെ മധുരം, ചിരിയും ചിന്തയും ഉള്ളിടത്തോളം തുടരും. മൂന്നു ദിവസം ആറു വേദികളിലെ 150 സെഷനുകളിലായി വിദേശത്തു നിന്നുൾപ്പെടെ അഞ്ഞൂറോളം അതിഥികൾ സംവദിച്ചു. ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരരും ആശയങ്ങളും അറിവുകളും പങ്കിട്ടു.
കോഴിക്കോട് കടപ്പുറത്തെ തുറന്ന വേദിയിലെ അക്ഷരോദ്യാനത്തിൽ മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു കൈമാറിയ ‘അ’ അക്ഷരം നട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഹോർത്തൂസ് ഉദ്ഘാടനം ചെയ്തത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി സംഘംചേർന്നു പോരാടേണ്ട അവസ്ഥയാണ് ഇന്ത്യയിൽ ഇന്നുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പലതും തുറന്നു പറയാനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാഷയും സംസ്കാരവും സാഹിത്യവും സ്വത്വവും നിലനിർത്താനുള്ള പോരാട്ടത്തിൽ കേരളവും തമിഴ്നാടും ഒറ്റക്കെട്ടായി നിൽക്കണമെന്നു തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഹോർത്തൂസ് വേദിയിൽ ആഹ്വാനം ചെയ്തു.
പ്രമുഖ സാഹിത്യകാരരുടെ പുതിയ സൃഷ്ടികളുടെ പ്രഖ്യാപനത്തിനും ഹോർത്തൂസ് വേദിയായി. ടി.ഡി. രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’ എന്ന പുസ്തകത്തിനു രണ്ടാം ഭാഗം വരുന്നു എന്ന വിവരം സമ്മേളന വേദിയിൽ നോവലിസ്റ്റ് പങ്കുവച്ചു. ‘കാഴ്ചയുടെ സുവിശേഷ’ത്തിനു രണ്ടാം ഭാഗം എഴുതിക്കഴിഞ്ഞതായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഹോർത്തൂസ് വേദിയിൽ പറഞ്ഞു. സമാപന ചടങ്ങിൽ, കോഴിക്കോട് അലകടലായിളകിയ ആസ്വാദകർക്കുമേൽ ഹരിഹരൻ എന്ന സ്വരമഴ പെയ്തുതോർന്നു. കോഴിക്കോട് കടപ്പുറത്തെ പുസ്തകോത്സവവും ബിനാലെയും ഈ മാസം 10 വരെ തുടരും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com