ADVERTISEMENT

ബെയ്ജിങ് ∙ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20–ാം പാർട്ടി കോൺഗ്രസിന്റെ അജൻഡ മുൻപേ വ്യക്തമായിരുന്നു: ഷി ചിൻപിങ്ങിനെ ‘പരമാധികാരി’യായി അവരോധിക്കുക. 2,296 പ്രതിനിധികൾ പങ്കെടുത്ത, ഒരാഴ്ച നീണ്ട കോൺഗ്രസ്സിൽ പ്രതീക്ഷിച്ച പോലെ ആ ലക്ഷ്യം പാർട്ടി പൂർത്തീകരിച്ചു. ഭരണഘടനാ ഭേദഗതി ഏകകണ്ഠമായിരുന്നോ എതിർപ്പുകളോ അസ്വാരസ്യങ്ങളോ ഉണ്ടായോ എന്ന വിവരം പുറത്തുവന്നിട്ടില്ല. വരാൻ സാധ്യതയുമില്ല.

പാർട്ടിയുടെ പത്തുകോടിയോളം അംഗങ്ങൾ പാലിക്കേണ്ട ആധികാരിക നയരേഖയായ പാർട്ടി ഭരണഘടനയിലാണ് ഇന്നലെ സമാപിച്ച കോൺഗ്രസ് ഭേദഗതികൾ വരുത്തിയത്. ഷി ചിൻപിങ് മുൻപേ പറഞ്ഞുവച്ച നയപരവും സംഘടനാപരവുമായ മാറ്റങ്ങളാണ് കോൺഗ്രസ് അംഗീകരിച്ചത്. 

രണ്ടു കാര്യങ്ങളാണ് അവ പ്രധാനമായും അടിവരയിടുന്നത്: 

∙ ഷി ചിൻപിങ് പാർട്ടിയുടെ പരമ പ്രധാന നേതാവായിരിക്കും 

∙ അദ്ദേഹത്തിന്റെ ആശയങ്ങൾ ചൈനയുടെ ഭാവി വികസനത്തിനുള്ള അടിസ്ഥാനതത്വങ്ങളായിരിക്കും.

മാവോ സെദൂങ്ങിന് തുല്യനായ നേതാവായി ഷി ചിൻപിങ് ഇതോടെ ഉയർത്തപ്പെടുകയാണ്. പാ‍ർട്ടി ഭരണഘടനയിലൂടെ സ്ഥാനം ഉറപ്പിച്ചതോടെ ആജീവനാന്തം അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തു തുടരുമെന്നാണു വിലയിരുത്തൽ. ആജീവനാന്ത ്രപസിഡന്റായിരുന്ന മാവോയ്ക്കു ശേഷം 10 വർഷ കാലാവധി പിന്നിട്ട ആരും ചൈനയിൽ ഭരണത്തലപ്പത്തിരുന്നിട്ടില്ല. പ്രധാനമന്ത്രി ലി കെച്യാങ് ഉൾപ്പെടെ 10 വർഷം പൂർത്തിയാക്കിയ എല്ലാവരും പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ  (സിസി) നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ ഷി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 

ഇന്നു ചേരുന്ന സിസി പ്ലീനം പൊളിറ്റ് ബ്യൂറോയെ (പിബി) തിരഞ്ഞെടുക്കും. തുടർന്ന് പിബി തിരഞ്ഞെടുക്കുന്ന സ്ഥിരം സമിതിയാണു (സ്റ്റാൻഡിങ് കമ്മിറ്റി) രാജ്യഭരണം നിയന്ത്രിക്കുക. ഏഴോ അതിലധികമോ അംഗങ്ങൾ സമിതിയിലുണ്ടാകും. ഈ സമിതി പാ‍ർട്ടി ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും. ജനറൽ സെക്രട്ടറിയാണ് രാജ്യത്തിന്റെ പ്രസിഡന്റുമാകുക.

സിസിയിൽ ഷി ചിൻപിങ്ങിന് പൂർണ ആധിപത്യമുണ്ട്. പിബിയിലും സ്ഥിരം സമിതിയിലുമെത്തി ജനറൽ സെക്രട്ടറിയും പ്രസിഡന്റുമാകാൻ അദ്ദേഹത്തിന് ഒരു തടസ്സവുമുണ്ടാകാനിടയില്ല. നടപടിക്രമങ്ങൾക്കു ശേഷം ചിൻപിങ്ങും പുതിയ ടീമും മാധ്യമങ്ങളെ കാണും. മാധ്യമപ്രവർത്തകരെ ഹോട്ടൽമുറിയിൽ ക്വാറന്റീനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പാർട്ടി കേന്ദ്ര കമ്മിറ്റിയിൽനിന്നു പുറത്തായവരിൽ പ്രധാനമന്ത്രി  കെച്യാങ്ങിനു പുറമേ, പ്രധാനമന്ത്രിയാകുമെന്നു കരുതിയിരുന്ന വാങ് യാങ്, ഉപപ്രധാനമന്ത്രി ഹാൻ ഷെങ്, മുൻ വിദേശകാര്യമന്ത്രി യാങ് ഷിയെചി, ലി ഷൻസു തുടങ്ങിയ പ്രമുഖരുമുണ്ട്.

ഞാൻ പോണോ? നിന്നാലോ? പോയേ പറ്റൂ?

മുൻ പ്രസിഡന്റ് ഹു ജിന്റാവോയെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോ‍ൺഗ്രസിന്റെ സമാപനവേദിയിൽനിന്നു പുറത്തേക്കു കൊണ്ടുപോകുന്നതിന്റെ ദൃശ്യം ലോകമാകെ ചൂടേറിയ ചർച്ചകൾക്കു വഴി തെളിച്ചു. വേദിയിൽ പ്രസിഡന്റ് ഷി ചിൻപിങ്ങിനു സമീപത്താണ് ജിന്റാവോ ഇരുന്നിരുന്നത്. ഇടയ്ക്ക് രണ്ട് ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു കൊണ്ടുപോവുകയായിരുന്നു.

അങ്ങോട്ടുപോകാം എന്ന് ഉദ്യോഗസ്ഥർ ചൂണ്ടുമ്പോൾ ഇങ്ങോട്ടു വന്നാൽ പോരേ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആംഗ്യവും കാണാം. പുറത്തേക്കു പോകുമ്പോൾ ഷിയോട് സംസാരിക്കുകയും പ്രധാനമന്ത്രി ലി കെച്യാങ്ങിന്റെ തോളിൽ തട്ടുകയും ചെയ്യുന്നുണ്ട്. മാധ്യമങ്ങൾക്കു സമ്മേളനത്തിലേക്കു പ്രവേശനം അനുവദിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. അതിനാലാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.

Content Highlights: China, Xi Jinping, Chinese Communist Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com