ADVERTISEMENT

"വീട്ടിലുള്ളപ്പോൾ ഇഷ്ട ഭക്ഷണമായ ഖിച്ച്ടി ഞാൻ സ്വന്തമായി തയാറാക്കും..." കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച  അഭിമുഖത്തിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി തന്റെ ഇഷ്ടവിഭവങ്ങളെക്കുറിച്ചും പാചകത്തെക്കുറിച്ചും മനസ് തുറന്നത്. 

'വീട്ടിലുള്ളപ്പോള്‍ എനിക്ക് വേണ്ട ചായ ഞാന്‍ ഉണ്ടാക്കാറുണ്ട്. ഇഷ്ടഭക്ഷണമായ ഖിച്ച്ടി ഞാന്‍ സ്വന്തമായി തയാറാക്കും. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ആളുകള്‍ അമ്പരക്കും. കാരണം, ഇത്തരം കാര്യങ്ങളൊന്നും ഒരിക്കലും ചര്‍ച്ചയില്‍ വരാറില്ലല്ലോ! മുമ്പൊക്കെ  രാവിലെ 4:30നോ 5 മണിക്കോ  എഴുന്നേല്‍ക്കും. വീട് മുഴുവന്‍ വൃത്തിയാക്കും. എല്ലാവര്‍ക്കും വേണ്ടി ചായയുണ്ടാക്കും. എല്ലാവരെയും 5:20 ആകുമ്പേഴേക്കും വിളിച്ചുണര്‍ത്തും. എന്നിട്ട് തയാറാക്കിവച്ച ചായ അവര്‍ക്ക് നല്‍കും. ഒന്ന് പുറത്തുപോയി വന്ന ശേഷം ഞാന്‍ തന്നെ പ്രഭാതഭക്ഷണം തയാറാക്കും. പോഹയാണ് എനിക്ക് ഇഷ്ടമുള്ള മറ്റൊരു ഭക്ഷണം. ഇത്രയും കഴിഞ്ഞ ശേഷം പത്രം വായന... ഇങ്ങനെയൊക്കെയായിരുന്നു രണ്ട്-രണ്ടരക്കൊല്ലത്തെ ശീലങ്ങള്‍'- മോദി കൂട്ടിച്ചേര്‍ത്തു. 

ഭക്ഷണക്കാര്യത്തിലെ തുറന്നുപറച്ചിലിലൂടെ വാർത്താ താരമായി മാറിയ ഖിച്ച്ടിയും പോഹയും എങ്ങനെ തയാറാക്കാമെന്നു നോക്കാം. ഇന്ത്യയിലെങ്ങും ഒരേ രീതിയിൽ പാചകം ചെയ്യുന്ന വിഭവം എന്ന പ്രത്യേകതയുണ്ട‌ു ഖിച്ച്ടിക്ക്. ഖിച്ച്ടിയെ കിച്ചടിയായി പലരും തെറ്റിധരിക്കാറുണ്ട്. നമ്മുടെ സദ്യയിലെ തൊടുകറിയായ കിച്ചടിയല്ല ഈ കക്ഷി. അരിയും പരിപ്പുമൊക്കെ ചേർത്തുണ്ടാക്കുന്ന ഒരു അഴകൊഴമ്പൻ സംഗതിയാണ്. ഏറെക്കുറെ തമിഴൻ വിഭവമായ പൊങ്കൽ പോലെയാണ് കക്ഷി.

ഖിച്ച്ടിയുടെ രുചിക്കുറിപ്പ് 

അരക്കപ്പ് അരിയും അരക്കപ്പ് പരിപ്പും നന്നായി വെള്ളത്തിൽ കഴുകിയ ശേഷം കുതിർത്ത് വയ്ക്കുക. തുവരപ്പരിപ്പോ ഉഴുന്നു പരിപ്പോ ഉപയോഗിക്കാം. ഒരു കുക്കർ അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ ഒരു സ്പൂൺ ജീരകം ഇട്ട് ഇളക്കുക. ചെറുതായരിഞ്ഞ സവാള ഇതിലേക്കിട്ട‌ു നന്നായി ഇളക്കുക. ബ്രൗൺ നിറമാവാൻ കാത്തിരിക്കേണ്ട. ഇതിലേക്ക് അരയിഞ്ച് ഇഞ്ചി ചെറുതായരിഞ്ഞത് ചേർക്കുക. ഒരു പച്ചമുളക്, ഒരു തക്കാളി എന്നിവ അരിഞ്ഞെടുത്ത് ചേർക്കുക. അര സ്പൂൺ മഞ്ഞൾപ്പൊടിയും ഒരു നുള്ളു കായവും ചേർത്ത് ഇളക്കാം. അരിയും പരിപ്പും വെള്ളമൂറ്റി കളഞ്ഞ ശേഷം ഇതിലേക്ക് ചേർക്കുക. ആവശ്യത്തിന് ഉപ്പുമിടാം. നിരപ്പിൽ വെള്ളമൊഴിച്ച ശേഷം കുക്കർ മൂടിവയ്ക്കാം. ആറോ ഏഴോ വിസിൽ വരുമ്പോഴേയ്ക്ക് ഖിച്ച്ടി തയാറായിക്കാണും. വെള്ളം കുറവാണെങ്കിൽ അൽപ്പം വെള്ളം ചേർത്ത് ഇളക്കാം.

രുചികരമായ പോഹ എങ്ങനെ തയാറാക്കാമെന്നു നോക്കാം 

ചേരുവകൾ

  • അവൽ (വെളുത്തത്) – ഒന്നര കപ്പ്
  • ഉരുളക്കിഴങ്ങ് – 2 (വേവിച്ചത്)
  • സവാള – 1
  • നിലക്കടല (റോസ്റ്റഡ്) – അരക്കപ്പ്
  • ജീരകം – 1ടീസ്പൂൺ
  • കുരുമുളക് ചതച്ചത് – 1 ടീസ്പൂൺ
  • കറിവേപ്പില
  • പച്ചമുളക് – 1 (എരിവനുസരിച്ച്)

തയാറാക്കുന്ന വിധം

അവൽ ഒരു അരിപ്പപാത്രത്തിലിട്ട് വെള്ളം ഒഴിച്ച് കഴുകിയ ശേഷം അഞ്ച് മിനിറ്റ് ഉണക്കാൻ വയ്ക്കുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പും ചേർത്ത് യോജിപ്പിച്ചെടുക്കുക.പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്തെടുക്കാം (വേവിച്ചതാണ്). ഫ്രൈ ചെയ്യുമ്പോൾ കുറച്ച് ഉപ്പും മുളകുപൊടിയും ചേർത്ത് വറുത്തു കോരാം. പാനിൽ എണ്ണ ചൂടാക്കി ജീരകം, ചതച്ച കുരുമുളക്, പച്ചമുളക്, കറിവേപ്പില, സവാള എന്നിവ ചേർത്ത് വഴറ്റാം. ഇതിലേക്ക് നിലക്കട ചേർത്ത് രണ്ടു മിനിറ്റ് ഫ്രൈ ചെയ്യാം (നിലക്കടലയ്ക്ക് പകരം കശുവണ്ടിപ്പരിപ്പ് ചേർക്കാം). വറുത്തു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും അവലും ചേർത്ത് ടോസ്റ്റ് ചെയ്തെടുക്കാം. അവൽ നന്നായി ചൂടാക്കി കിട്ടിയാൽ മതി. അവൽ കുഴഞ്ഞു പോകാതെ ശ്രദ്ധിക്കണം. അവൽ ചൂടായ ശേഷം 2 ടീസ്പൂൺ നാരങ്ങാ നീരും ചേർത്ത് ടോസ്റ്റ് ചെയ്തെടുക്കാം. മല്ലിയില വിതറി ചൂടോടെ ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com