ചന്ദ്രയാൻ ദോശയും അതിനു പിന്നിലെ ഐഡിയയും; വേറിട്ട് ഇൗ റസ്റ്ററന്റ്

Mail This Article
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ അഭിമാനാർഹമായ നേട്ടമായിരുന്നു ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം. നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിദ്യയുടെ വലിയൊരു മുന്നേറ്റം കൂടിയായിരുന്നുവത്. അങ്ങനെയൊരു നേട്ടം രാജ്യം സ്വന്തമാക്കുമ്പോൾ അത് ആഘോഷമാക്കുകയാണ് നമ്മുടെ ജനത. പലരും പലവിധത്തിൽ ചന്ദ്രയാന്റെ വിജയകരമായ വിക്ഷേപണം ആഘോഷിച്ചപ്പോൾ വേറിട്ടൊരു രീതി കാണിച്ചു തരുകയാണ് ഒരു റസ്റ്ററന്റ്. ചന്ദ്രയാൻ ദോശ എന്ന് പേരിട്ടുകൊണ്ടു അതേ രൂപത്തിൽ ദോശയുണ്ടാക്കി വിളമ്പിയാണ് ഭക്ഷണശാല സന്തോഷം പങ്കുവച്ചിരിക്കുന്നത്.
വിഡിയോയിൽ ഷെഫ് അഭിമാനത്തോടെ ബഹിരാകാശ പേടകത്തിനു സമാനമായ ഒരു ദോശ തയാറാക്കി വിളമ്പി നൽകുന്നു. അതിനു മുകളിലായി ഹൃദയാകൃതിയിൽ ഒരു ദോശ കൂടി ഉണ്ടാക്കി വെച്ച് വളരെ ക്രിയേറ്റിവായ ഒരു മുഖം കൂടി നൽകിയിട്ടുണ്ട് താൻ ഉണ്ടാക്കിയ സ്പെഷ്യൽ ചന്ദ്രയാൻ ദോശയ്ക്ക്. ഒരു കൊച്ചുപെൺക്കുട്ടിയ്ക്കാണ് ദോശ ഉണ്ടാക്കി നൽകുന്നത്. അവളുടെ മുഖത്തെ ആശ്ചര്യവും സന്തോഷവുമെല്ലാം വിഡിയോയിൽ വ്യക്തമായി കാണാം. ''ചന്ദ്രയാൻ ദോശ വിജയകരമായ വിക്ഷേപണത്തിനായി സമർപ്പിച്ചു''. എന്ന ക്യാപ്ഷനോടെയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യയുടെ വിജകരമായ ചന്ദ്രയാൻ ദൗത്യത്തിന്റെ സന്തോഷം പങ്കിട്ടുകൊണ്ടു, ആദരസൂചകമായി റസ്റ്റോറന്റ് പങ്കുവെച്ച വിഡിയോ കാഴ്ചക്കാരുടെ ഹൃദയം നിറച്ചു എന്നുതന്നെ പറയാം. ധാരാളം പേരാണ് വിഡിയോ പങ്കുവക്കുകയും റീട്വീറ്റുകൾ കുറിക്കുകയും ചെയ്തത്. എനിക്കും ഇത് കഴിക്കണം എന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ ചന്ദ്രയാൻ ദോശയും അതിനു പിന്നിലുള്ള ഐഡിയയും വിസ്മയിപ്പിച്ചു എന്നാണ് മറ്റൊരാൾ കമെന്റായി കുറിച്ചിരിക്കുന്നത്.
English Summary: Restaurant Celebrates Successful Launch Of Chandrayaan-3 With Rocket-Like Dosa