താമരവിത്ത് കറി; പോഷകസമ്പുഷ്ടം, അതീവ രുചികരം...
Mail This Article
ഉത്തരേന്ത്യയില്‍ ഏറെ സുപരിചതമാണ് താമരവിത്ത് അഥവാ മഖന കൊണ്ടുള്ള വിഭവങ്ങള്‍. പായസം ഉള്‍പ്പെടെ നിരവധി വിഭവങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ട് സമ്പുഷ്ടമായ മഖന ചര്‍മസംരക്ഷണത്തിന് ഉള്‍പ്പെടെ ഏറെ ഗുണപ്രദമാണ്. കൊളസ്‌ട്രോള്‍ തീരെ കുറഞ്ഞ ഇവ ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. മഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ്, ഫോസ്ഫറസ് എന്നിവയുടെ മികച്ച സ്രോതസാണ് മഖന. പ്രോട്ടീന്‍ സമ്പുഷ്ടമായ മഖന ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണകരമാണ്. ഫൈബര്‍ കൂടുതലായതിനാല്‍ ദഹനത്തെയും സഹായിക്കും.
ചേരുവകൾ
- താമരവിത്ത് (മഖന) - ഒരു കപ്പ്
- സവാള - ഒരെണ്ണം
- തക്കാളി - രണ്ടെണ്ണം
- എണ്ണ – ആവശ്യത്തിന്
- ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്
- കസൂരിമേത്തി – ഒരു ടീസ്പൂണ്‍
- ജീരകം – ഒരു ടീസ്പൂണ്‍
- പച്ചമുളക് – 1
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
- ജീരകപ്പൊടി – ഒരു ടീസ്പൂണ്‍
- മുളകുപൊടി – ഒരു ടീ സ്പൂണ്‍
- മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
- തൈര് – അര കപ്പ് (പുളി കുറഞ്ഞത്)
- ഗരം മസാല – അര ടീസ്പൂണ്‍
- ഉപ്പ്, വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
താമരവിത്ത് (മഖന) സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പായ്ക്കറ്റില്‍ ലഭ്യമാണ്. ഒരു കപ്പ് മഖന ചൂടായ പാനില്‍ ഇട്ട് രണ്ടു മൂന്നു മിനിറ്റ് ഫ്രൈ ചെയ്ത് മാറ്റുക. ഇതേ പാനിൽ ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് വറുത്തെടുക്കുക. തുടര്‍ന്ന് കസൂരിമേത്തിയും ഫ്രൈ ചെയ്തു മാറ്റിവയ്ക്കുക.
ഫ്രൈയിങ് പാനില്‍ എണ്ണയൊഴിച്ച് ഒരു ടീസ്പൂണ്‍ ജീരകം പൊട്ടിക്കുക. അതിലേക്ക് കൊത്തിയരിഞ്ഞ സവാള ചേര്‍ക്കുക. വഴന്നു വരുമ്പോള്‍ ഒരു പച്ചമുളക് അരിഞ്ഞത്, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ ജീരകപ്പൊടി, ഒരു ടീ സ്പൂണ്‍ മുളകുപൊടി, ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക. ഇതിലേക്ക് രണ്ടു തക്കാളി കൊത്തിയരിഞ്ഞതും ചേര്‍ത്തു വഴറ്റുക. സ്റ്റൗ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക.
നന്നായി ചൂട് കുറഞ്ഞശേഷം പുളി കുറഞ്ഞ അര കപ്പ് തൈര് ഒഴിച്ച് ഇളക്കുക. തുടര്‍ന്ന് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വീണ്ടും സ്റ്റൗവില്‍ വച്ച് ചെറിയ തീയില്‍ തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ അതിലേക്ക് വറുത്ത് വച്ചിരിക്കുന്ന മഖന, കസൂരിമേത്തി, ഉപ്പ്, അര ടീസ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കടലമാവ് വറുത്തതും ചേര്‍ത്ത് അടച്ച് വച്ച് നാല് മിനിറ്റ് വേവിക്കുക. (വെള്ളം ആവശ്യത്തിന് ചേര്‍ക്കാവുന്നതാണ്.) ഇതോടെ താമരവിത്ത് (മഖന) കറി റെഡി.