രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം ലഭിച്ചു; ഭാഗ്യമെന്നു മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്
Mail This Article
മുംബൈ∙ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾക്കുള്ള ക്ഷണം ലഭിച്ചതായി മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. ‘‘രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ എന്റെ ജീവിത കാലത്തു നടക്കുകയെന്നതു അഭിലാഷവും പ്രതീക്ഷയുമാണ്. ജനുവരി 22ന് പ്രതിഷ്ഠ നടക്കുന്നുവെന്നതു മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ മുഹൂർത്തത്തിൽ പങ്കെടുക്കുന്നതിനുള്ള ഭാഗ്യവും എനിക്കു ലഭിച്ചു.’’– വെങ്കടേഷ് പ്രസാദ് എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി.
ചടങ്ങിനു ക്ഷണിച്ചതിനുള്ള നന്ദിയും വെങ്കടേഷ് പ്രസാദ് അറിയിച്ചു. ജയ് ശ്രീ റാം എന്നു പറഞ്ഞാണ് വെങ്കടേഷ് പ്രസാദിന്റെ കുറിപ്പ് അവസാനിക്കുന്നത്. ക്ഷണക്കത്തുമായി നില്‍ക്കുന്ന ചിത്രവും വെങ്കടേഷ് പ്രസാദ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിട്ടുണ്ട്. ജനുവരി 22ന് ഉച്ചയ്ക്കാണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങു നടക്കുക.
ഉച്ചയ്ക്ക് 12.20ന് പ്രതിഷ്ഠ നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്രട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായി അറിയിച്ചിട്ടുണ്ട്. പ്രതിഷ്ഠയ്ക്കു ശേഷം രാജ്യമെമ്പാടും ആരതിയും പ്രസാദവിതരണവും നടക്കുമെന്നും സന്ധ്യ മുതൽ ദീപം കൊളുത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കും.