അവധിക്കാലം ആഘോഷമാക്കി എം.എസ്.ധോണി; വൈറലായി ഹുക്ക വലിക്കുന്ന വിഡിയോ

Mail This Article
രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണി. കളിക്കളത്തിലും പുറത്തുമുള്ള താരത്തിന്റെ പെരുമാറ്റം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നിലവിൽ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനാണെങ്കിലും അവധിക്കാലം ആഘോഷിക്കുകയാണ് താരം. ഏറ്റവും ഒടുവിലായി ധോണി ഹുക്ക വലിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
സംഭവം എവിടെ വച്ചാണെന്ന് വ്യക്തമല്ലെങ്കിലും പുതുവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള ‘പാർട്ടി’യായിരിക്കാം എന്നാണ് പൊതുവേ ഉയരുന്ന സംസാരം. വിഡിയോ വൈറലായതിനു പിന്നാലെ ധോണിയെ വിമർശിച്ചും അനുകൂലിച്ചും നിരവധിപ്പേർ രംഗത്തുവന്നു. യുവാക്കൾ മാതൃകയാക്കാൻ ആഗ്രഹിക്കുന്ന ധോണിയിൽനിന്ന് ഇത്തരം പ്രവൃത്തികൾ പ്രതീക്ഷിച്ചില്ലെന്നും ഇത് തെറ്റായ രീതിയാണെന്നും ചിലർ പറഞ്ഞു. എന്നാൽ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച താരത്തിന് വ്യക്തി ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് ചിലർ പ്രതികരിച്ചു. മറ്റാരോ പകർത്തിയ വിഡിയോ ആണിതെന്നും ധോണി പുകവലിയെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു.
അതിനിടെ ധോണി പുകവലി ആസ്വദിക്കുന്ന ആളാണെന്ന മുൻ ഓസ്ട്രേലിയൻ താരം ജോർജ് ബെയ്‌ലിയുടെ വെളിപ്പെടുത്തലും വൈറലായി. ചൈന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹതാരമായിരുന്ന ബെയ്‌ലി നേരത്തേ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഡ്രസ്സിങ് റൂമിൽവച്ച് പലപ്പോഴും ധോണി ഹുക്ക വലിക്കാറുണ്ടെന്നും ബെയ്‌ലി വ്യക്തമാക്കി. അതേസമയം കഴിഞ്ഞ സീസണിൽ ചെന്നൈയെ കിരീട നേട്ടത്തിലെത്തിച്ച ധോണി ഇത്തവണയും ടീമിനെ നയിക്കും. കിരീട നേട്ടത്തോടെ താരത്തിന് ഐപിഎലിനോട് വിടപറയാനാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.