പരിശീലനത്തിന് വൈകിയെത്തിയതിന് ഗ്രൗണ്ടിൽവച്ച് ശകാരം; ഗംഭീറും മോർക്കലും തമ്മിൽ ഓസ്ട്രേലിയയിൽവച്ച് ഇടഞ്ഞു?
Mail This Article
ന്യൂഡൽഹി∙ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ബോളിങ് പരിശീലകൻ മോണി മോർക്കലും തമ്മിൽ ഉരസിയതായി റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങളാൽ മോണി മോർക്കൽ പരിശീലനത്തിന് വൈകിയെത്തിയതിൽ അതൃപ്തനായി ഗംഭീർ ശകാരിച്ചതാണ് വാക്പോരിനു കാരണമെന്നാണ് വിവരം. സീനിയർ താരങ്ങളും ഗംഭീറും തമ്മിലുള്ള ബന്ധത്തിലും അസ്വാസര്യങ്ങളുള്ളതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ്, സഹപരിശീലകനെയും ഗംഭീർ ശാസിച്ച സംഭവം പുറത്തുവരുന്നത്.
ഈ സംഭവത്തെ തുടർന്ന് ഗംഭീറും മോർക്കലും തമ്മിൽ അകൽച്ചയിലായിരുന്നുവെന്നാണ് വിവരം. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 3–1ന് തോറ്റിരുന്നു. 10 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ബോർഡർ – ഗാവസ്കർ ട്രോഫി ഇന്ത്യ കൈവിട്ടത്. ഇരുവരും തമ്മിൽ ഉടക്കിയതു സംബന്ധിച്ച് ബിസിസിഐയ്ക്കും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. പ്രശ്നം പരസ്പരം പറഞ്ഞുതീർക്കുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ അധികൃതരെന്നും റിപ്പോർട്ട് പറയുന്നു.
‘‘അച്ചടക്കത്തിന്റെ കാര്യത്തിൽ ഗംഭീറിന് കടുത്ത നിലപാടാണുള്ളത്. വൈകിയത്തിയ ഉടൻതന്നെ ഗ്രൗണ്ടിൽവച്ച് ഗംഭീർ മോർക്കലിനെ ശകാരിച്ചു. ഇതേത്തുടർന്ന് മോർക്കൽ പരമ്പരയിലുടനീളം ഗംഭീറുമായി അകൽച്ച പാലിച്ചതായാണ് ബിസിസിഐയ്ക്ക് ലഭിച്ച റിപ്പോർട്ട്. ടീമിന്റെ സുഗമമായ ഭാവിക്ക് ഇരുവരും എത്രയും വേഗം പ്രശ്നങ്ങൾ പറഞ്ഞുതീർക്കുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ’ – ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ‘ൈടംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.
ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് യോഗ്യത നേടാനാകാതെ ആദ്യമായി ഇന്ത്യൻ ടീം പുറത്തായതോടെ, പരിശീലക സംഘത്തിന്റെ പ്രവർത്തനങ്ങളും നിരീക്ഷണത്തിലാണ്. ഗൗതം ഗംഭീർ പരിശീലകനായി ചുമതലയേറ്റതു മുതൽ കളിച്ച 10 ടെസ്റ്റുകളിൽ ആറിലും ഇന്ത്യ തോറ്റിരുന്നു. ബാറ്റിങ് പരിശീലകനെന്ന നിലയിൽ അഭിഷേക് നായരുടെ പ്രവർത്തനവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
‘‘ബാറ്റിങ് പരിശീലകൻ അഭിഷേക് നായരുടെ പ്രകടനം ബോർഡ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഗൗതം ഗംഭീർ തന്നെ വളരെ മികച്ച ബാറ്ററായിരുന്നു. അഭിഷേക് നായരുടെ പ്രവർത്തനം കൊണ്ട് എന്തെങ്കിലും വിധത്തിലുള്ള ഗുണമുണ്ടോ എന്ന് ബോർഡ് കളിക്കാരോട് അന്വേഷിക്കുന്നുണ്ട്. സഹപരിശീലകൻ റയാൻ ടെൻ ഡോഷട്ടെയുടെ കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ അത്ര പരിചയസമ്പത്തില്ലാത്ത അദ്ദേഹത്തിന് എങ്ങനെ മികച്ച രീതിയിൽ പ്രവർത്തിക്കാനാകും എന്നതാണ് ചോദ്യം’ – റിപ്പോർട്ടിൽ പറയുന്നു.