ADVERTISEMENT

അസുൻസ്യോൻ (പാരഗ്വായ്) ∙ വ്യാജ പാസ്പോർട്ടുമായി പാരഗ്വായിൽ അറസ്റ്റിലായ മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോയ്ക്കും സഹോദരൻ റോബർട്ടോയ്ക്കും ജാമ്യം കിട്ടിയില്ല. ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരായ ഇരുവരെയും കരുതൽ തടങ്കലിൽ തന്നെ വയ്ക്കാൻ ജഡ്ജി ക്ലാര റൂയിസ് ഡയസ് ഉത്തരവിട്ടു. രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന കുറ്റം ചെയ്തതിനാലാണു ജാമ്യം അനുവദിക്കാത്തതെന്നും ജഡ്ജി പറഞ്ഞു. അസുൻസ്യോനിലെ സ്പെഷ‌ലൈസ്ഡ് പൊലീസ് ഗ്രൂപ്പിന്റെ ആസ്ഥാനത്താണ് ഇരുവരെയും തടവിൽ പാർപ്പിച്ചിരിക്കുന്നത്.

സന്ദർശകരിലൊരാളാണ് താരത്തിന് ബെഡും പുതപ്പും നൽകിയത്. രാത്രി വൈകി ഒരു ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുകയും ചെയ്തു. വ്യാജ പാസ്പോർട്ട് കൈവശം വച്ചതിനു പുറമെ ഇരുവരും ‘മറ്റു ചില കുറ്റങ്ങളും’ ചെയ്തതായി പ്രോസിക്യൂട്ടർ വ്യക്തമാക്കി. ഇക്കാര്യവും അന്വേഷണ പരിധിയിലാണ്. അതേസമയം, ‘മറ്റു ചില കുറ്റങ്ങൾ’ എന്താണെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല.

അതേസമയം, റൊണാൾഡീഞ്ഞോയെയും സഹോദരനെയും കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇവരുടെ അഭിഭാഷകൻ സെർജിയോ ക്വിറോസ് ആരോപിച്ചു. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതായി ഇരുവരും ഏറ്റുപറഞ്ഞതാണെന്ന് ക്വിറോസ് ചൂണ്ടിക്കാട്ടി. പക്ഷേ, പാരഗ്വായ്ക്ക‌െതിരെ ഇരുവരും എന്തെങ്കിലും ചെയ്തതായി തെളിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാസ്പോർട്ട് വ്യാജമാണെന്ന വിവരം ഇരുവർക്കും അറിയില്ലായിരുന്നു. മാത്രമല്ല, അന്വേഷണവുമായി ഇരുവരും തുടക്കം മുതലേ സഹകരിക്കുന്നുമുണ്ടെന്ന് ക്വിറോസ് പറഞ്ഞു.

അന്വേഷണം പൂർത്തിയാകുന്നതുവരെ ഇരുവരും ജയിലിൽ കഴിയേണ്ടി വരുമെന്നാണ് സൂചന. പാരഗ്വായിലെ നിയമമനുസരിച്ച് ഇത്തരം കേസുകളിൽ അന്വേഷണം പൂർത്തിയാക്കാൻ അധികൃതർക്ക് ആറു മാസം വരെ സമയം ലഭിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും സമ്പൂർണ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇരുവരെയും ജയിലിൽ പാർപ്പിച്ചത്. ഇരുവർക്കും സോപ്പും തലയിണയും കൊതുകുവലയും നൽകി. ശനിയാഴ്ച കൈവിലങ്ങുവച്ചാണ് റൊണാൾഡീഞ്ഞോയെയും സഹോദരനെയും കോടതിയിൽ ഹാജരാക്കിയത്. ഞായറാഴ്ച ജയിലിൽ സന്ദർശന ദിവസമായിരുന്നതിനാൽ തടവുകാരുടെ കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഇരുവരും ജയിൽ സെല്ലിനുള്ളിൽത്തന്നെ കഴിച്ചുകൂട്ടി.

English Summary: Ronaldinho remains in jail, being investigated for other crimes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com