കളി കൈവിട്ടു, പൊട്ടിക്കരഞ്ഞ് പോർച്ചുഗൽ താരം; കെട്ടിപിടിച്ച് ആശ്വസിപ്പിച്ച് റൊണാൾഡോ- വിഡിയോ
Mail This Article
ഹാംബർഗ്∙ യൂറോകപ്പിൽ ഫ്രാൻസിനോടു തോറ്റു പുറത്തായതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് പോര്‍ച്ചുഗൽ താരം പെപ്പെ. പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ അവസാന നിമിഷം കളി കൈവിട്ടതോടെയാണ് നിരാശ സഹിക്കാനാകാതെ പെപ്പെ കരഞ്ഞത്. പോർച്ചുഗൽ ജഴ്സിയിൽ താരത്തിന്റെ അവസാന ടൂർണമെന്റാണിത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെപ്പെയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. സഹതാരത്തെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന റോണോയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്.
റൊണാൾഡോയുടെ കരിയറിലെ ആറാം യൂറോ കപ്പായിരുന്നു ഇത്. ഏറ്റവും കൂടുതൽ യൂറോ കപ്പുകൾ കളിച്ച താരമെന്ന റെക്കോർഡും റോണോയുടെ പേരിലാണ്. അഞ്ച് യൂറോ കപ്പുകളുടെ ഭാഗമായ സ്പാനിഷ് താരം ഇകർ കസിയസിനെയാണ് റൊണാള്‍ഡോ പിന്തള്ളിയത്. 2004, 2008, 2012, 2016, 2021 യൂറോകളിലും റൊണാൾഡോ കളിച്ചിരുന്നു. യൂറോ കപ്പ് ചരിത്രത്തിൽ കൂടുതൽ ഗോൾ നേടിയ താരവും റൊണാൾഡോയാണ്. 25 മത്സരങ്ങളിൽനിന്ന് 14 ഗോളുകളാണു താരം സ്വന്തമാക്കിയത്.
ഷൂട്ടൗട്ടിൽ പോർച്ചുഗൽ താരം ജോവ ഫെലിക്സ് കിക്ക് പാഴാക്കിയപ്പോൾ ഫ്രാൻസിന്റെ 5 കിക്കുകളും ലക്ഷ്യത്തിലെത്തി (5–3). സെമിയിൽ സ്പെയിനാണ് ഫ്രാൻസിന്റെ എതിരാളികൾ. ആറാമത്തെ യൂറോ കപ്പ് ടൂർണമെന്റ് കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവാങ്ങലിനും മത്സരം വേദിയായി. ഇതു തന്റെ അവസാന യൂറോപ്യൻ ചാംപ്യൻഷിപ്പായിരിക്കുമെന്നു ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.