നാടൻ അല്ല, ഇത് വെസ്റ്റേൺ കണ്ണകി; വീര്യവും അഴകും വരച്ചുകാട്ടി വ്യത്യസ്തമായ ഫോട്ടോഷൂട്ട്
Mail This Article
പാതിവ്രത്യത്തിന്റെ ശക്തിയിൽ പറിച്ചെറിഞ്ഞ തന്റെ മുലകൊണ്ട് മധുര നഗരത്തെയാകെ ചുട്ടെരിച്ച കണ്ണകിയുടെ വീരഗാഥ ഇന്നും മുഴങ്ങി കേൾക്കുന്നുണ്ട്. ചിലപ്പതികാരത്തിലെ പ്രതികാരമൂത്തിയായ ആ വീര നായികയ്ക്ക് കാലത്തിനു ചേർന്ന ഭാവപ്പകർച്ച നൽകിയിരിക്കുന്ന വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കള, ഗൂഢാലോചന എന്നീ ചലച്ചിത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായ അമീർ മാംഗോയണ് അവതരണത്തിലും വേഷവിധാനങ്ങളിലും വേറിട്ട് നിൽക്കുന്ന കണ്ണകിയെ പകർത്തിയത്.
മധുര നഗരം ചുട്ടെരിച്ച ശേഷം കണ്ണകിക്ക് ദൈവികത കൈവന്നു എന്നാണ് ഐതിഹ്യം. അത്തരത്തിൽ മനുഷ്യനിൽ നിന്നും ദേവിയായി മാറിയ കണ്ണകിയുടെ ഭാവമാണ് ഫോട്ടോഷൂട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യൻ പശ്ചാത്തലത്തിൽ ദേവതമാരെ സാരി പോലെയുള്ള പരമ്പരാഗത വസ്ത്രങ്ങളിലാണ് കാണുന്നതെങ്കിൽ ഇവിടെ കണ്ണകിയെ തികച്ചും വ്യത്യസ്തമായാണ് ആവിഷ്കരിച്ചിരിക്കുന്നത്. പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രങ്ങളാണ് അതിൽ എടുത്തു പറയേണ്ടത്.
കറുപ്പും വെളുപ്പും ഇടകലർന്ന പാറ്റേണിലുള്ള ബ്രാലറ്റും റഫിൾഡ് സ്കേർട്ടുമാണ് കണ്ണകിയുടെ വേഷം. ഇതിനുപുറമേ അയഞ്ഞ സ്ലീവും ഉൾപ്പെടുത്തിയിരിക്കുന്നു. വേഷത്തിൽ ആധുനികതയുണ്ടെങ്കിലും ഇന്തോ- വെസ്റ്റേൺ ടച്ച് കൊണ്ടുവരാനാണ് ശ്രമിച്ചിരിക്കുന്നത്. ആഭരണങ്ങളും ഹെയർസ്റ്റൈലുമെല്ലാം തനത് ഇന്ത്യൻ രീതിയിലുള്ളതുതന്നെ. മലബാർ ഭാഗത്ത് നാടൻ കലാരൂപങ്ങളിൽ കണ്ടുവരുന്ന പൊയ് പല്ലുകൾ, കൺതടങ്ങളിലെ ചായക്കൂട്ട് തുടങ്ങി വ്യത്യസ്തതയും കലാമൂല്യവും എടുത്തുകാട്ടുന്ന മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.
കഥാ പശ്ചാത്തലം ചിത്രങ്ങളിലൂടെ വിവരിക്കുന്ന ശൈലി പിന്തുടരാതെ ഫാഷന് പ്രാധാന്യം നൽകിക്കൊണ്ടാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. കണ്ണകിയുടെ വീര്യവും ഭംഗിയും വരച്ചുകാട്ടുന്ന വിധത്തിൽ നിഗൂഢത നിറഞ്ഞ ഭാവങ്ങൾ ഉൾപ്പെടുത്തിയ അവതരണമായിരുന്നു ലക്ഷ്യമാക്കിയത് എന്ന് അമീർ മനോരമ ഓൺലൈനിനോട് പറഞ്ഞു. കണ്ടും കേട്ടും പഴകിയ കഥകളിലെല്ലാം കണ്ണകിയെ അവതരിപ്പിക്കുമ്പോൾ ചുവപ്പ് നിറത്തിന് പ്രാധാന്യം നൽകുന്ന പ്രവണതയുണ്ട്. ഇത് പൊളിച്ചെഴുതിക്കൊണ്ടാണ് വസ്ത്രവും പശ്ചാത്തലവും ഒരുക്കിയത്. മോഡലായ കൃഷ്ണപ്രിയ തിലകനാണ് കണ്ണകിയെ അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ആശയവും സംവിധാനവും സ്റ്റൈലിംഗും നിർവഹിച്ചിരിക്കുന്നത് ദിൽജിൻ കൃഷ്ണയാണ്.
കണ്ണകി നേരിട്ട അനുഭവങ്ങൾക്ക് സമാനമായ പല സാഹചര്യങ്ങളിലൂടെയും കടന്നുപോകുന്നവരെ നമുക്ക് ചുറ്റും ഇന്നും കാണാം എന്നതാണ് അതേ ആശയം മുൻനിർത്തി ഫോട്ടോഷൂട്ട് നടത്താനുള്ള കാരണം. കോവലൻ കൊലചെയ്യപ്പെട്ടതുപോലെ തെറ്റിദ്ധാരണയും സാമൂഹിക വിവേചനവും മൂലം പലർക്കും നീതി ലഭിക്കാത്ത സാഹചര്യമുണ്ട്. കണ്ണകി ചെയ്തതുപോലെ അത്രയും ആഴത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായാൽ മാത്രമേ ഇവർക്ക് നീതി ലഭിക്കുകയുള്ളോ എന്നതാണ് പ്രസക്തമായ ചോദ്യം. അത്തരത്തിൽ നീതി ലഭിക്കാത്തവർ ഈ കാലഘട്ടത്തിൽ എന്ത് ചെയ്യുമെന്ന ചിന്ത കാഴ്ചക്കാരിലേക്ക് എത്തിക്കാൻ കണ്ണകിയിലൂടെ സാധിക്കുമെന്നാണ് ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചവരുടെ പ്രതീക്ഷ. ചിത്രങ്ങൾക്ക് ഇൻസ്റ്റഗ്രാമിലൂടെ ഇതിനോടകം വൻ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു.
Content Summary: Viral Kannaki Photoshoot