ADVERTISEMENT

ഒന്നര മിനിറ്റുള്ള ഒരു വിഡിയോയിൽനിന്ന് എങ്ങനെയാണ് ‘ട്രൈക്കിൾ’ എന്ന തന്റെ സ്റ്റാർട്ടപ് ആശയം വന്നതെന്നു വിവരിച്ചായിരുന്നു ‘സ്റ്റാർട്ടപ്പുകൾക്കു മുന്നിലുള്ള വഴികളും ഏഞ്ചൽ നിക്ഷേപകർക്കുള്ള നവസാധ്യതകളും എന്ന വിഷയത്തിൽ’ അരുൺ ചന്ദ്രൻ ചർച്ച ആരംഭിച്ചത്. 2019ലായിരുന്നു അത്. ഒരു ഐടി പാർക്കിനു മുന്നിൽ ഇന്റർവ്യൂവിനായി 8000–9000 എൻജിനീയറിങ് വിദ്യാര്‍ഥികൾ കാത്തു നിൽക്കുന്നതായിരുന്നു വിഡിയോ. ഒടുവിൽ തിരക്ക് നിയന്ത്രിക്കാൻ കമ്പനിക്ക് പൊലീസിനെ വിളിക്കേണ്ടി വന്നു. എന്തുകൊണ്ടാണ് കേരളത്തിൽ ഇത്തരമൊരു കാഴ്ച? 

വിദ്യാർഥികളെ തൊഴിലിടങ്ങളുമായി ബന്ധിപ്പിക്കാൻ ഒരു പ്ലാറ്റ്‌ഫോമില്ലാത്തതാണോ പ്രശ്നം. ആ ചിന്തയിൽനിന്ന് തുടക്കത്തിൽ ഒരു ജോബ് പോർട്ടലിനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി കേരളത്തിലെ ചില കോളജുകൾ സന്ദർശിച്ചു. ഒട്ടേറെ വിദഗ്ധരെയും അധ്യാപകരെയും വിദ്യാർഥികളെയും അതിന്റെ ഭാഗമായി കണ്ടു. എന്നാൽ അവസരം ലഭിക്കാത്തതല്ല പ്രശ്നം, ‘സ്കിൽ’ ഉള്ളവർ ഇല്ലെന്നതാണ്. ഒരു സ്റ്റാർട്ടപ്പിലേക്കു യോജിച്ച സാങ്കേതിക മികവുള്ളവരെ ലഭിക്കുന്നില്ലെന്നതാണു പ്രശ്നം. ജയിച്ചു വരുന്ന നൂറിൽ 96 വിദ്യാർഥികളും ഒരു സാങ്കേതിക സ്റ്റാർട്ടപ്പിനു യോജിച്ചതല്ലെന്നായിരുന്നു ആ അന്വേഷണത്തിനൊടുവിലെ വിലയിരുത്തൽ.

കേരളത്തിൽ നൂറുകണക്കിന് സോഫ്റ്റ്‌വെയർ പരിശീലന ക്ലാസുകളുണ്ട്. പലതിലും മികച്ച പരിശീലകരുമാണ്. പക്ഷേ അവരിലേറെയും കോളജിൽ പഠിച്ചിറങ്ങിയതിനു പിന്നാലെ ജോലിക്ക് കയറിയവരാണ്. ഒരു സ്കിൽ ഡവലപ്‌മെന്റ് പരിശീലന പരിപാടിയുടെ അഭാവമാണ് അവിടെ മനസ്സിലാക്കിയത്. അങ്ങനെയാണ് ട്രൈക്കിളിന്റെ തുടക്കം. എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ മലയാളത്തിൽ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുകയെന്ന ആശയം അങ്ങനെയാണുണ്ടാകുന്നത്. വിഡിയോ രൂപത്തിൽ വിവിധ കോഴ്സുകൾ തയാറാക്കാൻ തീരുമാനിച്ചു. അതിനായി വിവിധ മേഖലകളിലെ വിദഗ്ധരെ സമീപിച്ചു. സിംപിളായി കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കേണ്ടത് എങ്ങനെയാണെന്നു പരിശോധിച്ചു. അതിനനുസരിച്ച് മെഷീൻ ലേണിങ്, ആപ്ലിക്കേഷൻ ഡവലപ്മെന്റ് തുടങ്ങിയവയിൽ പതിനഞ്ചോളം കോഴ്‌സുകൾ രൂപപ്പെടുത്തി. മൂവായിരത്തിലധികം പേരാണ് അതിന്റെ ഉപയോക്താക്കളായത്. 

കോവിഡ് കാലത്തും ഇതു ഫലപ്രദമായി ഉപയോഗപ്പെടുത്താനായി. സ്ഥിരമായി നിലനിന്നു പോകാനുള്ള ഒരു കമ്പനി എന്ന നിലയ്ക്കായിരുന്നു ശ്രമങ്ങളെല്ലാം. ഓരോ കോഴ്സ്‌ തയാറാക്കുമ്പോഴും ഇൻസ്ട്രക്ടറുമായി ചർച്ചകൾ നടത്തും. ദൈർഘ്യം കുറഞ്ഞ വിഡിയോ ആയിരിക്കണമെന്ന നിർബന്ധമുണ്ടായിരുന്നു. വിഡിയോയ്ക്ക് മികച്ച തുടക്കവും അവസാനവും ഉണ്ടായിരിക്കണം. കണ്ടന്റ് കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യുന്നതാകണം. എന്നാൽ ക്ലാസ് റൂം പഠന രീതിയെ മറികടക്കാൻ വിഡിയോയിലൂടെയുള്ള പഠനത്തിലൂടെ സാധിക്കില്ല. ഇതൊരു അഡിഷനൽ പഠനോപാദി എന്നതു മാത്രമായിരിക്കണം. ക്ലാസ് റൂം അനുഭവം കുട്ടികളിൽനിന്ന് എടുത്തുകളയരുതെന്നും അരുൺ ചന്ദ്രൻ പറഞ്ഞു.

English Summary: Trycle Founder Arun Chandran Speaks At Techspectations 2020 Digital Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com