ADVERTISEMENT

മൂന്നാറിന്റെ അതേ കാലാവസ്ഥയിൽ മഞ്ഞിൽ മൂടിയിരിക്കുകയാണ് ഗവി. പ്രകൃതി സൗന്ദര്യ ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കാണിപ്പോൾ. മഞ്ഞിനൊപ്പം നിലയ്ക്കാത്ത കാറ്റും തോരാത്ത ചാറ്റൽ മഴയും ഗവി യാത്രയെ അടിപൊളിയാക്കുന്നു.

വേനൽ മഴ തുടങ്ങിയപ്പോൾ മുതൽ ഗവിയിലെ കാലാവസ്ഥയും മാറി തുടങ്ങിയിരുന്നു. പതിവിലും നേരത്തെയാണ് കാലാവസ്ഥ വ്യതിയാനം സംഭവിച്ചിരിക്കുന്നതെന്ന് ഈ മേഖലയിൽ സ്ഥിരമായി എത്തുന്ന സഞ്ചാരികളുടെ സാക്ഷ്യം.

റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ചിലും പെരിയാർ കടുവ സങ്കേതം കിഴക്ക്, പടിഞ്ഞാറ് ഡിവിഷനുകളിലുമായിട്ടാണ് ഗവിയും സമീപ പ്രദേശങ്ങളും വ്യാപിച്ച് കിടക്കുന്നത്. ഗൂഡ്രിക്കൽ റേഞ്ചിലെ കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റ് വഴി കടന്നുള്ള യാത്ര അവസാനിക്കുന്നത് പെരിയാർ കടുവ സങ്കേതം കിഴക്ക് ഡിവിഷനിലെ വള്ളക്കടവ് ചെക്ക് പോസ്റ്റിലാണ്.പ്രവേശനം ഓൺലൈനിലാണ്. ദിവസേന 30 വാഹനങ്ങൾക്കാണ് അനുമതി. ഗവിയിലേക്ക് പോകുന്ന വാഹനങ്ങൾ വള്ളക്കടവ് വഴി പുറത്ത് പോകണമെന്നാണ് വനം വകുപ്പിന്റെ നിർദേശം. സീതത്തോട് പഞ്ചായത്തിലെ വാഹനങ്ങൾക്ക് മാത്രമാണ് ഗവിയിൽ നിന്ന് മടങ്ങിവരാൻ അനുമതി.

gavi-trip

ശബരിഗിരി, കക്കാട് ജല വൈദ്യുത പദ്ധതികളുടെ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ അണക്കെട്ടുകളും പുൽമേടുകളും എക്കോ പാറയും കാട്ടാന, കാട്ടുപോത്ത്, മ്ലാവ്, കേഴ തുടങ്ങിയ വന്യ മൃഗങ്ങളുമാണ് ഗവിയിൽ വിസ്മയ കാഴ്ചകൾ ഒരുക്കുന്നത്.

gavi1
മഞ്ഞ് മാറിയ സമയത്തെ എക്കോപാറ. ചിത്രം – എബി കുര്യൻ പനങ്ങാട്

ഭാഗ്യമെങ്കിൽ കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റ് കടക്കുമ്പോൾ തന്നെ കാലാവസ്ഥ മാറിയത് അനുഭവപ്പെട്ട് തുടങ്ങും. തുടർന്നുള്ള 70 കിലോമീറ്റർ യാത്രയിൽ പകുതിയും മഞ്ഞ് മൂടിയ കാലാവസ്ഥയിൽ കൂടിയാണ് പോകുന്നത്. പലപ്പോഴും തൊട്ടുമുന്നിലെ കാഴ്ചകൾ പോലും മറയും വിധത്തിലുള്ള മഞ്ഞും പുകയുമാണിപ്പോൾ. കാറ്റൊന്നു വീശിയാൽ മാത്രമേ പലപ്പോഴും കാഴ്ചകൾ കാണാനാകൂ. കഴിഞ്ഞ ഒരാഴ്ചയായി മഴയുടെ ശക്തിയും വർധിച്ചു. ശക്തമായി മഴ പെയ്താലും മഞ്ഞും പുകയും വഴി മാറും. നിലവിലുള്ള കാലാവസ്ഥ ആസ്വദിക്കാൻ വേണ്ടി മാത്രം സഞ്ചാരികൾ എത്തുന്നുണ്ട്.

gavi-travel2

ഓൺ ലൈനായി ബുക്ക് ചെയ്യുന്ന വിനോദ സഞ്ചാരികൾക്കുള്ള പാസ് ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിൽ നിന്നാണ് ലഭിക്കുക. ഇവിടെ നിന്നും കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്ന പൊതിച്ചോറും ലഭ്യമാണ്. ബുക്കിങ്ങിനായി .gavikakkionline.com - 9495349121, 9745001252.

English Summary: Gavi trip through forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com