പ്രേമലുവിലെ 'ഹൈദരാബാദ് ട്രിപ്പ്' കളറാക്കിയ 'അമൽഡേവിസ്' ഇപ്പോൾ വാഗമണ്ണിലാണ്
Mail This Article
പ്രേമലുവിൽ നായകനേക്കാളും ഒരുപടി മുന്നിൽ നിന്ന പ്രകടനമായിരുന്നു ചങ്ക് പറിച്ചു കൂടെനിൽക്കുന്ന കൂട്ടുകാരൻ അമൽ ഡേവിസ് എന്ന കഥാപാത്രത്തിന്റെ. സിനിമ വൻവിജയമായതോടെ സംഗീത് പ്രതാപ് എന്ന എഡിറ്റർക്കു സിനിമയുടെ പിന്നണിയിൽ മാത്രമല്ല, സ്വാഭാവിക അഭിനയത്തിലും ഒരുപോലെ തിളങ്ങാൻ കഴിയുമെന്ന് താരം തെളിയിച്ചു കഴിഞ്ഞു. സിനിമകൾ നിരവധിയുണ്ടെങ്കിലും അതിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത് വാഗമണ്ണിലേക്കു ഒരു യാത്ര നടത്തിയിരിക്കുകയാണ് സംഗീത്. താരം സമൂഹ മാധ്യമങ്ങളിലൂടെയാണ് തന്റെ യാത്രാചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വാഗമണ്ണിലെ തടാക കാഴ്ചകളും ചുറ്റിലും പച്ചപ്പിന്റെ പ്രസരിപ്പോടെ നിൽക്കുന്ന തേയിലക്കാടുമൊക്കെ സംഗീത്തിന്റെ ചിത്രങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
പ്രകൃതി അതിന്റെ ഏറ്റവും മനോഹാരിതയിൽ നിൽക്കുന്നയിടങ്ങളിൽ ഒന്നാണ് വാഗമൺ. ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ മനോഹരമായ മലമ്പ്രദേശത്തെ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ലോകത്തിലെ പത്തു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയതോടെ വാഗമണ്ണിന്റെ മുഖച്ഛായ തന്നെ മാറി. സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്ററായതു കൊണ്ടുതന്നെ ഇവിടെ പൊതുവെ തണുപ്പ് അനുഭവപ്പെടുന്ന കാലാവസ്ഥയാണ്. തേയിലത്തോട്ടങ്ങളും പൈൻ മരക്കാടുകളും മൊട്ടക്കുന്നുകളും തടാകവും മഞ്ഞും എന്നുവേണ്ട ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതും അനുഭവിച്ചു അറിയേണ്ടതുമായ കാഴ്ചകളാണ് ഇവിടം സന്ദർശകർക്കായി ഒരുക്കിവച്ചിരിക്കുന്നത്.
വളഞ്ഞു പുളഞ്ഞു കിടക്കുന്ന വാഗമണ്ണിലേക്കുള്ള കയറ്റം കയറി തുടങ്ങുമ്പോൾ തന്നെ ചെറിയ തണുപ്പ് വന്നു തൊട്ടു തലോടി കടന്നു പോകും. ആ യാത്ര മനോഹരമായ കാഴ്ചകളിലേക്ക് വാതിൽ തുറക്കുമ്പോൾ, പ്രവേശന കവാടത്തിൽ തന്നെ അതിഥികളെ സ്വാഗതം ചെയ്യുന്ന കരിമ്പുലി മുകളിൽ നിന്നും ചാടി വീഴാൻ തയാറായി കാത്തുനിൽപുണ്ടാകും. അവിടെയിറങ്ങി ആ കരിമ്പുലിയെ സാക്ഷിയാക്കി ചിത്രങ്ങൾ പകർത്തുക എന്നത് ആ യാത്രയിലെ നിർബന്ധമുള്ള കാര്യം തന്നെയാണ്. അവിടെ നിന്നുമാണ് വാഗമണ്ണിലെ കാഴ്ചകൾ ആരംഭിക്കുന്നത്.
മഴക്കാലമാണ് വാഗമൺ യാത്രയ്ക്ക് ഏറെ ഉചിതം. ആ സമയങ്ങളിൽ ചെറുചാറ്റൽ മഴയും കോടമഞ്ഞും തണുപ്പും ഒപ്പം കൂടും. സുഖകരമായ കാലാവസ്ഥ മാത്രമല്ല, ആരെയും ആകർഷിക്കുന്ന പച്ചയുടെ വർണക്കാഴ്ചയും വാഗമണ്ണിലേക്കുള്ള യാത്രകളെ മികച്ചതാക്കും. വാഗമൺ സന്ദർശിക്കുന്നവർ ആദ്യമെത്തുന്നയിടമാണ് മൊട്ടക്കുന്നുകൾ. പച്ചയണിഞ്ഞു നിൽക്കുന്ന മൊട്ടക്കുന്നുകൾക്കു മുകളിൽ ഇരുന്നു കാറ്റുകൊള്ളുക മാത്രമല്ല കുന്നിനു മുകളിൽ നിന്നും താഴേക്ക് ഓടിയിറങ്ങിയും കയറിയും കുട്ടികൾക്കും മുതിർന്നവർക്കും ആ സമയം ഏറെ ആസ്വാദ്യകരമാക്കാം.
മൊട്ടക്കുന്നിൽ നിന്നും യാത്ര നീളുക, പൈൻ മരക്കാട്ടിലേക്കാണ്. ആയിരക്കണക്കിന് പൈൻ മരങ്ങൾ നിറഞ്ഞു നിൽക്കുന്നയിവിടം വാഗമണ്ണിന്റെ സൗന്ദര്യത്തിനു മാറ്റുക്കൂട്ടുന്ന ഒരു കാഴ്ചയാണ്. ധാരാളം സിനിമകൾക്കു ലൊക്കേഷൻ ആയിട്ടുള്ള ഇവിടം ഇപ്പോഴും സിനിമാക്കാരുടെ പ്രിയപ്പെട്ട ഇടമാണ്. പൈൻ മരങ്ങളുടെ സൗന്ദര്യം ആസ്വദിച്ചും അവിടെ നിന്നും ചിത്രങ്ങൾ പകർത്തിയും വാഗമൺ യാത്രയെ അവിസ്മരണീയമാക്കാം.
മൊട്ടക്കുന്നുകളും പൈൻ മരക്കാടും കണ്ടുള്ള യാത്ര നീളുന്നത് വാഗമണ്ണിലെ തടാക കാഴ്ചകളിലേക്കാണ്. തടാകത്തിൽ ബോട്ടിങ് നടത്താവുന്നതാണ്. തേയിലത്തോട്ടങ്ങൾ ചുറ്റിലും പച്ച വിരിച്ച് നിൽക്കുക കൂടി ചെയ്യുമ്പോൾ കാഴ്ചകൾ അവർണനീയം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആനന്ദിപ്പിക്കുന്നയിടമാണ് കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ കാൻഡി ലിവർ കണ്ണാടി പാലവും ഇവിടെയെത്തിയാൽ കാണാം. കാലത്ത് 9 മുതൽ വൈകിട്ട് 6 വരെയാണ് പാലത്തിലേക്കുള്ള പ്രവേശന സമയം.