ആളെ കൊല്ലും മീന്‍, ഒരു പ്ലേറ്റിന് വില 14,875 രൂപ; ജപ്പാനില്‍ പോകുന്നവര്‍ ഇത് കഴിക്കല്ലേ!

Mail This Article
നമ്മുടെയെല്ലാം അറിവു വച്ച് ഏറ്റവും കൊടിയ വിഷമായി അറിയപ്പെടുന്ന വസ്തുവാണ് സയനൈഡ്, അല്ലേ? എന്നാല്‍ അതിനേക്കാള്‍ 1200 മടങ്ങ് കൂടുതല്‍ വിഷം സ്വന്തം ശരീരത്തില്‍ പേറി നടക്കുന്ന ഒരു മത്സ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ജപ്പാന്‍കാരുടെ തീന്മേശകളില്‍ വിളമ്പുന്ന ഏറെ വിലയുള്ള ഒരു വിഭവമായ 'ഫ്യുഗു'വിനു വേണ്ടി ഉപയോഗിക്കപ്പെടുന്നത് ഈ മത്സ്യമാണ് എന്നതാണ് ഏറ്റവും കൗതുകകരമായ മറ്റൊരു കാര്യം!
ബ്ലോഫിഷ് അഥവാ പഫര്‍ഫിഷ് എന്നയിനം മത്സ്യമാണ് നമ്മുടെ 'കഥാനായകന്‍'.
എന്താണ് ഈ പഫര്‍ഫിഷ്?
നൂറ്റിരുപതോളം വ്യത്യസ്തയിനം മത്സ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ടെട്രോഡോണ്‍റ്റിഡേ' കുടുംബത്തില്‍പ്പെടുന്നതാണ് പഫര്‍ഫിഷ്. സമുദ്രജലത്തിലാണ് ഇവ കാണപ്പെടുന്നത്.
മറ്റുള്ള ജീവികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി ചില പഫർഫിഷുകൾക്ക് ചർമത്തിൽ മുള്ളുകൾ ഉണ്ട്. ഈയിനത്തില്‍പ്പെടുന്ന മിക്കവാറും എല്ലാ മത്സ്യങ്ങളും മാരകമായ വിഷം നിറഞ്ഞതാണ്. ഒരിഞ്ചു മുതല്‍ രണ്ടടി വരെയാണ് ഇവയുടെ നീളം. മാംസഭോജികളാണ് പഫർഫിഷുകൾ.

മനുഷ്യരില്‍ മരണം വരെയും സംഭവിക്കാവുന്നത്ര മാരകമാണ് പഫർഫിഷിന്‍റെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്സിൻ എന്ന ന്യൂറോടോക്സിന്‍. ഇവയുടെ കരൾ, ഗോണാഡുകൾ, ചർമ്മം എന്നിവയിൽ കാണപ്പെടുന്ന ഈ വിഷ പദാർത്ഥത്തിന് മറ്റു മത്സ്യങ്ങളെ കൊല്ലാനാവില്ല.ലളിതമായി പറഞ്ഞാൽ, ആരോഗ്യമുള്ള മുതിർന്ന 30 മനുഷ്യരെ കൊല്ലാൻ ആവശ്യമായ വിഷവസ്തു ഒരു പഫർഫിഷിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഒരിക്കല്‍ വിഷബാധയേറ്റാല്‍ മറുമരുന്നില്ല!
എന്നാല്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന പഫർഫിഷിന്‍റെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ നീക്കംചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച പാചകക്കാർ ജപ്പാനിലുണ്ട്. അവരാണ് ഈ മത്സ്യത്തെ 'ഫ്യൂഗു' എന്നറിയപ്പെടുന്ന രുചിയേറും വിഭവമായി ശ്രദ്ധാപൂർവ്വം തയ്യാറാക്കുന്നത്.
പഫര്‍ഫിഷിനെ കാണാന്‍ എവിടെപ്പോകണം?
ഉഷ്ണമേഖലകളില്‍പ്പെടുന്ന സമുദ്രജലത്തിലാണ് പഫർഫിഷുകള്‍ കാണപ്പെടുന്നത്. നേരിയ ഉപ്പുരസമുള്ള വെള്ളത്തിലും ശുദ്ധജലത്തിലും വസിക്കുന്നവയും ഉണ്ട്. വിഷാംശത്തെ സൂചിപ്പിക്കുന്ന വർണ്ണാഭമായ പാറ്റേണുകള്‍ കാണാം. നീളമുള്ള ശരീരങ്ങളും വൃത്താകൃതിയിലുള്ള തലകളുമാണ് ഇവയ്ക്കുള്ളത്. ശരീരത്തില്‍ ശലകങ്ങളില്ല.
ജീവന്‍ പണയം വച്ച് കഴിക്കാവുന്ന വിഭവം!
പോയപോലെ തിരിച്ചു വരണം എന്ന ആഗ്രഹത്തോടെ ജപ്പാന്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ഒരു വിഭവമാണ് പഫർഫിഷ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫ്യുഗു! ക്രിസാന്തിമം, മയില്‍, ആമ, പൂമ്പാറ്റ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ അലങ്കരിച്ച ഈ പഫര്‍ഫിഷ് വിഭവത്തിന് അവിടുത്തെ നിരക്കനുസരിച്ച് ഒരു പ്ലേറ്റിന് $200 (14,875 രൂപ) മാത്രമല്ല, ചിലപ്പോള്‍ സ്വന്തം ജീവനും വിലയായി കൊടുക്കേണ്ടിവരും! ജപ്പാനില്‍ പ്രതിവര്‍ഷം ആറുപേര്‍ ഈ വിഷാംശമേറ്റ് മരിക്കുന്നു എന്നാണു കണക്ക്.
English Summary: Pufferfish Japan