ADVERTISEMENT

മലയാളികളുടെ പ്രിയതാരമാണ് നമിത പ്രമോദ്. തിരക്കുകളിൽ നിന്നൊഴിഞ്ഞു അവധിക്കാലം ആഘോഷിക്കുകയാണ് താരമിപ്പോൾ. ആരെയും മോഹിപ്പിക്കുന്ന ഇംഗ്ലണ്ടിന്റെ നഗരകാഴ്ചകളിലാണ് നമിത. മാഞ്ചസ്റ്ററിൽ നിന്നും കാന്റർബറിയിൽ നിന്നുമൊക്കെയുള്ള നിരവധി ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അവിടുത്തെ മനോഹര കാഴ്ചകളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രങ്ങളിലേറെയും.

Image Credit:nami_tha_/instagram
Image Credit:nami_tha_/instagram

∙ വിസ്മയക്കാഴ്ചകളുടെ നഗരം

namitha-pramod-02

വിസ്മയിപ്പിക്കുന്ന കാഴ്ചകൾ നിരവധിയുള്ള നഗരമാണ് മാഞ്ചസ്റ്റർ. ഈ മഹാനഗരത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നയിടമാണ് മാഞ്ചസ്റ്റർ മ്യൂസിയം. ജോൺ ലെ ഫിലിപ്പ് എന്ന വ്യക്തിയുടെ ശേഖരമാണ് ഈ മ്യൂസിയത്തിന്റെ മുതൽക്കൂട്ട്. അദേഹത്തിന്റെ മരണശേഷം മാഞ്ചസ്റ്റർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സ്ഥാപിതമാകുകയും ആ ശേഖരങ്ങൾ ഏറ്റെടുത്തു വിപുലീകരിക്കുകയും ചെയ്തു. 1868 ൽ മ്യൂസിയം മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിക്കു കൈമാറുകയും മാഞ്ചസ്റ്റർ മ്യൂസിയം എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി.

നിലവിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി മ്യൂസിയങ്ങളിൽ ഒന്നാണിത്. പുരാവസ്തുശാസ്ത്രം, ചരിത്രം, നരവംശശാസ്ത്രം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വസ്തുതകളും ശേഖരങ്ങളും ഇവിടെ കാണുവാൻ കഴിയും. നൂറ്റാണ്ടുകൾക്കു മുൻപ് സ്ഥാപിക്കപ്പെട്ട ഈ മ്യൂസിയത്തിലിപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള 4.5 ദശലക്ഷം കലാശില്പ മാതൃകകളുണ്ട്.

നഗരത്തിരക്കുകളിൽ രുചികരമായ ഭക്ഷണവും ബിയറുമൊക്കെയായി സമയം ചെലവഴിക്കണമെന്നുള്ളവർക്കു കാസ്റ്റിൽഫീൽഡ് അർബൻ ഹെറിറ്റേജ് പാർക്കിൽ എത്തിയാൽ മതിയാകും. ഏഴ് ഏക്കറിലാണ് ഈ പാർക്ക്. ശാസ്ത്ര, സാങ്കേതിക മ്യൂസിയം, റോമൻ ഫോർട്ട് ഓഫ് മാമുസിയം, നിരവധി ഭക്ഷണശാലകൾ, ബാറുകൾ തുടങ്ങിയവയും ഇവിടെയുണ്ട്.

മാഞ്ചസ്റ്ററിൽ മറക്കാതെ സന്ദർശിക്കേണ്ടയിടങ്ങളിൽ ഒന്നാണ് ഇംപീരിയൽ വാർ മ്യൂസിയം. 2002 ലാണിത് സന്ദർശകർക്കായി തുറന്നുകൊടുത്തത്. യുദ്ധത്തിന് ഉപയോഗിച്ചുവന്ന വാഹനങ്ങൾ, വിമാനങ്ങൾ എന്നിവയുടെ വലിയ ശേഖരം തന്നെ ഇവിടെ കാണാനാകും. ടാങ്കുകൾ, ആയുധങ്ങൾ, വലിയ യന്ത്രങ്ങൾ എന്നിവ കൂടാതെ, യുദ്ധവുമായി ബന്ധപ്പെട്ട, ബാധിച്ച ജീവിതങ്ങളെയെല്ലാം സംബന്ധിക്കുന്ന ഹൃസ്വ സിനിമകളുമൊക്കെ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാറുണ്ട്.

∙ ഫുട്ബോൾ പ്രേമികളുടെ സ്വപ്നഭൂമി

ഫുട്ബോൾ പ്രേമികളുടെ സ്വപനഭൂമി കൂടിയാണ് മാഞ്ചസ്റ്റർ. കളിപ്രേമികളെ തൃപ്തിപ്പെടുത്തുന്ന നിരവധി കാഴ്ചകളാണ് ഇവിടുത്തെ ദേശീയ ഫുട്ബോൾ മ്യൂസിയം കാത്തുവച്ചിരിക്കുന്നത്. ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള, ലോകത്തിലെ ഏറ്റവും വലിയ ശേഖരം ഈ മ്യൂസിയത്തിൽ കാണുവാൻ കഴിയും. കാൽപന്തുകളിയും അതുമായി ബന്ധപ്പെട്ട നിയമാവലികളടങ്ങിയതുമായ ആദ്യ പുസ്തകം, ടീം ജേഴ്സികൾ, ഷൂസ്, പല ടീമുകളും സ്വന്തമാക്കിയ ട്രോഫികൾ തുടങ്ങി നിരവധി കാഴ്ചകൾ ഈ മ്യൂസിയത്തിലെത്തിയാൽ ആസ്വദിക്കാം. ഫുട്ബോളുമായി ബന്ധപ്പെട്ട നിരവധി അറിവുകളും കളിയുടെ ചരിത്രവുമൊക്കെ ഹൃസ്വ ചിത്രങ്ങളായി ഇവിടെ പ്രദർശിപ്പിക്കാറുമുണ്ട്. 

മാഞ്ചസ്റ്റർ കത്തീഡ്രൽ മ്യൂസിയം, ഇത്തിഹാദ് സ്റ്റേഡിയം, മാഞ്ചസ്റ്റർ ടൗൺ ഹാൾ, മ്യൂസിയം ഓഫ് സയൻസ് ആൻഡ് ഇൻഡസ്ട്രി, ഓൾഡ് ട്രാഫോൾഡ് തുടങ്ങി ആശ്ചര്യപ്പെടുത്തുന്ന ഒരുപിടി കാഴ്ചകൾ ഈ മഹാനഗരത്തിനു സ്വന്തമായുണ്ട്.

∙കാന്റർബറി എന്ന കത്തീഡ്രൽ സിറ്റി

നമിത പ്രമോദിന്റെ ഇംഗ്ലണ്ട് യാത്രയിൽ ഇടംപിടിച്ച മറ്റൊരു നഗരമാണ് കാന്റർബറി. കത്തീഡ്രൽ സിറ്റി എന്ന് പേരുള്ള ഇവിടം യുനെസ്കോയുടെ ലോക പൈതൃകപട്ടികയിലും ഇടം നേടിയിട്ടുണ്ട്. സ്‌റ്റൗർ നദിയുടെ കരയിലായാണ് പൗരാണികതയുടെ അടയാളപ്പെടുത്തലുകൾ അവശേഷിപ്പിച്ച ഈ നഗരം സ്ഥിതി ചെയ്യുന്നത്. മധ്യകാല വാസ്തുവിദ്യയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കാന്റർബറി ദേവാലയം.

ഇംഗ്ളണ്ടിലെ ആദ്യത്തെ ക്രിസ്ത്യൻ ദേവാലയമെന്ന സവിശേഷതയും ഗോഥിക് ശൈലിയിൽ പണികഴിപ്പിച്ചിട്ടുള്ള ഈ ആരാധനാലയത്തിനുണ്ട്. ഏകദേശം 1400 വർഷത്തിന്റെ പഴക്കമുണ്ട്. ഇതിനു സമീപത്തായി തന്നെയാണ് സെന്റ്. മാർട്ടിൻ, സെന്റ് അഗസ്റ്റിൻ ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ പ്രൗഢിയ്ക്കു മാറ്റുകൂട്ടുന്ന കാഴ്ചകളാണിത്.

തിരക്കുകളിൽ നിന്നുമൊഴിഞ്ഞു ശാന്തമായി കുറച്ചു സമയം ചെലവഴിക്കണമെന്നുള്ളവർക്കു സന്ദർശിക്കാവുന്നയിടമാണ് വെസ്റ്റ്ഗേറ്റ് ഉദ്യാനം. നദിക്കരയിൽ സ്ഥിതി ചെയ്യുന്ന പാർക്ക് മഞ്ഞുകാലത്താണ് സന്ദർശനത്തിനുചിതം. എങ്കിലും വർഷത്തിലെ മുഴുവൻ സമയവും മനോഹരമായ പുഷ്പങ്ങളും പച്ചപ്പും കണ്ടാസ്വദിക്കാനും സമയം ചെലവിടാനും ഈ ഉദ്യാനത്തിലെത്തിയാൽ മതിയാകും.

ചരിത്രവും സംസ്കാരവും കലയും വെളിവാക്കുന്ന നിരവധി മ്യൂസിയങ്ങൾ കാന്റർബറിയിൽ പ്രധാന കാഴ്ചയാണ്. ദ് ബീയാനി ഹൗസ് ഓഫ് ആർട് ആൻഡ് നോളഡ്ജ്, കാന്റർബറി റോമൻ മ്യൂസിയം തുടങ്ങിയവയെ ഈ നഗരത്തിന്റെ മറ്റൊരു മുഖം അതിഥികൾക്ക് സമ്മാനിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com