ADVERTISEMENT

റോമിൽ നിന്നും ഏതാനും മിനിറ്റുകൾ മാത്രം യാത്ര ചെയ്താൽ നമ്മൾ കൽക്കറ്റയിലെത്തും. ഒരുകാലത്തു മന്ത്രവാദികൾ അതിവസിച്ചിരുന്നയിടം എന്ന പേരിൽ അറിയപ്പെട്ടിരുന്നു കൽക്കറ്റ ഗ്രാമം. റോമും കൽക്കത്തയും ഇത്ര അടുത്താണോ, എങ്ങനെയാണ് അത്ര അകലെയുള്ള റോമിൽ നിന്നും വെറും മിനിറ്റുകൾ കൊണ്ട് കൽക്കത്തയിലെത്തുക, നമ്മുടെ കൽക്കത്തയുടെ കാര്യം തന്നെയാണോ പറഞ്ഞു വരുന്നത് തുടങ്ങിയ സംശയങ്ങൾക്കെല്ലാം ഉള്ള ഉത്തരം പേരിൽ മാത്രമേ ഈ സാദൃശ്യമുള്ളു, മറ്റെല്ലാ കാര്യങ്ങളിലും ഇനി പറയാൻ പോകുന്ന കൽക്കറ്റയ്ക്ക് നമ്മുടെ കൽക്കത്ത എന്ന കൊൽക്കത്തയുമായി യാതൊരു ബന്ധവുമില്ല എന്നാണ്. ഇത് ഇറ്റലിയിലെ ഏറ്റവും പുരാതനമായ ഗ്രാമങ്ങളിലൊന്നിനെക്കുറിച്ചാണ് പറയുന്നത്. 

കഥയിലെ കൽക്കറ്റ ഇങ്ങനെ

പുരാതന ഐതിഹ്യമനുസരിച്ച്, ശക്തമായ കാറ്റുള്ള രാത്രികളിൽ കൽക്കറ്റയിലെ ഇടവഴികളിൽ മന്ത്രവാദിനികളുടെ പാട്ട് കേൾക്കാൻ കഴിയുമായിരുന്നത്രേ. അത് മാത്രമല്ല: ഈ പുരാതന ഗ്രാമം പണ്ട് മാന്ത്രിക ആചാരങ്ങളുടെ സ്ഥലമായിരുന്നു എന്നും പറയപ്പെടുന്നു. പിന്നീട് ദശാദ്ബങ്ങൾക്കുശേഷം നാഗരികതയിൽ നിന്നും സാങ്കേതിക വിദ്യയിൽ നിന്നും തിരക്കേറിയ ജീവിതത്തിൽ നിന്നുമെല്ലാം അകന്നു ജീവിക്കാൻ വേണ്ടി ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട വീടുകളും ഗുഹകളുമുള്ള കൽക്കറ്റയെന്ന പർവ്വത ഗ്രാമത്തിലെത്തി താമസിക്കാൻ തുടങ്ങിയ കലാകാരന്മാർ, ബൊഹീമിയൻമാർ, വൃദ്ധരായ ഹിപ്പികൾ എന്നിവരടങ്ങുന്ന ഒരു കമ്മ്യൂണിറ്റിയാണ് ഈ സ്ഥലത്തെ പുറംലോകം അറിയുന്ന ഇന്നത്തെ നാടാക്കി മാറ്റിയത്. റോമിൽ നിന്ന് കൽക്കറ്റയ്ക്ക് ഏതാനും മിനിറ്റുകൾ മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കാൻ പ്രയാസമാണ്.

കൽക്കറ്റ പ്രാദേശികമായി കാർഗറ്റ എന്നറിയപ്പെടുന്ന ഗ്രാമം റോമിൽ നിന്ന് 47 കിലോമീറ്റർ അകലെയുള്ള ട്രെജ നദിയുടെ താഴ്‌വരക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന വിറ്റെർബോ പ്രവിശ്യയിലെ അഗ്നിപർവ്വത പാറക്കെട്ടിൽ തൂങ്ങിക്കിടക്കുന്ന വിധമുളള ഒരു ഗ്രാമമാണ്. അതിന്റെ ചരിത്രം ഏകദേശം 3,000 വർഷങ്ങൾ പഴക്കമുള്ളതാണ്. ചരിത്രാതിത കാലം മുതൽ അവിടെ മനുഷ്യവാസം ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.1930-കളിൽ മുസോളിനിയുടെ ഗവൺമെന്റ് ഈ ഗ്രാമത്തെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. അഗ്നിപർവ്വതത്തിന് മുകളിലും മറ്റുമായി സ്ഥിതിചെയ്യുന്ന ഗ്രാമമായതിനാൽ അത് ഏത് സമയത്തും അപകടം വിളിച്ചുവരുത്താനുള്ള സാധ്യത ഉണ്ടെന്ന കാരണം പറഞ്ഞ് അവിടെയുള്ള ആളുകളെയെല്ലാം മൂന്ന് കിലോമീറ്റർ അകലെ കൽക്കറ്റ നുവോവോ എന്ന പുതിയ പട്ടണം നിർമിച്ച് അവിടേക്കു മാറ്റി. കുറേപ്പേർ ഇറ്റലിയിലെ മറ്റിടങ്ങളിലേക്കു ചേക്കേറി. 

ഹിപ്പികൾ കുടിയേറുകയും വീടുകളും തെരുവുകളും പുനർനിർമിക്കുകയും  ഗാലറികളും റസ്റ്ററന്റുകളും കഫേകളും തുറക്കുകയും ചെയ്യുന്നതുവരെ പുരാതന കൽക്കറ്റ മൂന്ന് പതിറ്റാണ്ടുകളോളം വിജനമായി കിടന്നു.1970-കളിൽ ഇറ്റാലിയനും അതുപോലെ അന്തർദേശീയ കലാകാരന്മാരും ഹിപ്പികളും ചേർന്ന് ഈ പഴയ ഗ്രാമത്തിന് ഒരു പുതിയ ജീവിതം നൽകി. ചരിത്രത്തിന്റെ ചിലന്തിവലയിൽ നിന്നും ഗ്രാമത്തെ രക്ഷിക്കുക മാത്രമല്ല ആ നാടിനെക്കുറിച്ചുള്ള  അധികാരികളുടെ തെറ്റായ തീരുമാനം മാറ്റാൻ പുതിയ താമസക്കാർക്കു സാധിക്കുകയും ചെയ്തുവെന്നതാണ് ഈ ഗ്രാമത്തിന്റെ വിജയഗാഥ. ഇറ്റലിയുടെ തലസ്ഥാന നഗരിയിലെ തിരക്കിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ മാത്രം അകലെയാണെങ്കിലും കൽക്കറ്റ കാലം കുറേ പിന്നിലാണെന്നു തോന്നും നമുക്ക് ഇവിടെയെത്തിയാൽ. കാറിൽ വരുന്നവർ പതിമൂന്നാം നൂറ്റാണ്ടിലെ പാലാസോ ബറോണലെ എന്ന കെട്ടിടത്തിന്റെ ഗേറ്റിന് പുറത്തു വാഹനങ്ങൾ നിർത്തേണ്ടിവരും. ഇതാണ് ഗ്രാമത്തിന്റെ പുറംലോകത്തേക്കുള്ള ഏക പ്രവേശനം. 

കൽക്കറ്റയിൽ ഒരു ദിവസം എങ്ങനെ ചെലവഴിക്കാം?

കൽക്കറ്റയുടെ മധ്യകാല വാസ്തുവിദ്യ പള്ളികളിലും പൗരാണിക കെട്ടിടങ്ങളിലും സന്ദർശനം നടത്താം. ഈ ഗ്രാമത്തിനകത്ത് ഗതഗാത സൗകര്യമൊന്നുമില്ല. എല്ലായിടവും നടന്നുതന്നെ കാണണം എന്നു സാരം. ലോകോത്തര കലാകാരൻമാരുടെ കഴിവിൽ വിരിഞ്ഞ ഈ മനോഹരമായ ഗ്രാമാന്തരീക്ഷം നിങ്ങളെ മറ്റൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകും. മുക്കിലും മൂലയിലും നിങ്ങൾക്കു വ്യത്യസ്തമായ കലാരൂപങ്ങൾ കാണാനാകും. മാർക്കറ്റ്, കളിസ്ഥലം,  കച്ചേരി വേദി,  മീറ്റിങ് സ്ഥലം,  ഓപ്പൺ എയർ വൈൻ ബാർ എന്നിങ്ങനെയുള്ള പ്രധാന സ്ക്വയറാണ് ഈ ഗ്രാമത്തിന്റെ കേന്ദ്രബിന്ദു. ഗ്രാമ കേന്ദ്രത്തിലെ ഇടവഴികൾ കലാസൃഷ്ടികൾ, ആഭരണങ്ങൾ, പുരാവസ്തുക്കൾ, മനോഹരമായ ആളുകളുമായി ബന്ധപ്പെട്ട അവശ്യമായ റെട്രോ-വിന്റേജ് ഇനങ്ങൾ എന്നിവ വിൽക്കുന്ന ആർട്ടിസാനൽ ഷോപ്പുകളാൽ അലങ്കരിച്ചിരിക്കുന്നു.

200 ൽ പരം വ്യത്യസ്തമായ ചായകൾ ലഭിക്കുന്ന ടീ ഷോപ്പ്, ഭക്ഷണപ്രിയരായവർക്കു വേണ്ടി പല തരത്തിലെ റസ്റ്ററന്റുകൾ, അങ്ങനെ വിനോദസഞ്ചാരികൾക്കായി അനവധി സൗകര്യങ്ങൾ ഇവിടെയുണ്ട്. ഒരു വലിയ അഗ്നിപർവ്വതത്തിന്റെ ചെരുവിലായതിനാൽ തന്നെ ഗ്രാമത്തിൽ നിന്നുള്ള പ്രകൃതി ഭംഗിയും അതിമനോഹരമാണ്, ഇവിടുത്തെ വീടുകളും കെട്ടിടങ്ങളുമെല്ലാം പാറയിൽ കൊത്തിയെടുത്തവയാണെന്നതാണ് മറ്റൊരു വസ്തുത. ഇവിടെയെത്തിയാൽ നിങ്ങളുടെ സാധാരണ ജീവിതത്തിലെ പല കാര്യങ്ങളും നടക്കില്ല എന്നു മനസ്സിലാക്കുക. ഉദാഹരണത്തിന് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനോ ഒരു പോസ്റ്റ്കാർഡ് അയയ്‌ക്കാനോ എന്തിനേറെ മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. അതുകൊണ്ട് ഇതെല്ലാം മറന്ന് ഇന്നത്തെ ലോകത്തിന്റെ ജീവിതസാഹചര്യങ്ങളിൽ നിന്നും മാറി ഒരു യാത്രയാണ് പ്ലാനെങ്കിൽ കൽക്കറ്റയ്ക്ക് പോകാം. 

English Summary:

Discover the Mystical Village of Calcata, Italy's Hidden Gem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com