വിശേഷപ്പെട്ട കാഴ്ചകളുടെ പറുദീസയാണ് ഈ നാട്
Mail This Article
പൗരാണികതയും ആധുനികതയും ഒത്തുചേർന്ന മുഖം. അതിനൊപ്പം തന്നെ പ്രകൃതി സൗന്ദര്യവും കൂടി ലയിച്ചു ചേരുന്നതോടെ ഇറ്റലി എന്ന രാജ്യത്തെത്തിയാൽ ഒരു മായിക ലോകത്തെത്തിയ പ്രതീതിയാണ്. ഭക്ഷണപ്രേമികൾക്കായി തനതുവിഭവങ്ങൾ കൂടി ചേരുന്നതോടെയാണ് ആ രാജ്യസന്ദർശനം പൂർണമാകുന്നത്.
തെക്കൻ ഇറ്റലിയിലെ ലെക്സ നഗരം
അപ്‌ലിയ പ്രൊവിൻസിലെ ഏറ്റവും കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന ഒരു മേഖല കൂടിയാണിവിടം. ബറോക്ക് വാസ്തുവിദ്യയുടെ മനോഹരമായ ധാരാളം നിർമിതികൾ കാണുവാൻ കഴിയുന്നതു കൊണ്ടുതന്നെ ഇവിടം അറിയപ്പെടുന്നത് തെക്കിന്റെ ഫ്ലോറെൻസ് എന്ന പേരിലാണ്. ശില്പങ്ങൾക്കും മറ്റും ഉപയോഗിക്കാൻ കഴിയുന്ന ലെക്ക എന്നൊരു തരം ചുണ്ണാമ്പുകല്ലുകൾ കൊണ്ടു സമ്പന്നമാണിവിടം. ഈ നഗരത്തിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന വസ്തുവാണിത്. ഒലിവ് ഓയിൽ, വൈൻ എന്നിവയാണ് ലെക്സയുടെ പ്രധാന വരുമാന മാർഗങ്ങൾ. നിരവധി പുരാതന നിർമിതികൾ ഇവിടെ കാണുവാൻ കഴിയും. പഴമയുടെ പ്രൗഢി ചൂടി നിൽക്കുന്ന ദേവാലയങ്ങളാണ് അതിൽ പ്രധാനം. 1353 ൽ നിർമാണം ആരംഭിച്ച് 1695 ൽ പണി പൂർത്തീകരിച്ച ചർച്ച് ഓഫ് ദി ഹോളി ക്രോസാണ് അതിലേറ്റവും പ്രശസ്തം. വളരെ വിശേഷപ്പെട്ട നിർമാണ ശൈലിയും അലങ്കാരങ്ങളുമാണ് ഈ ആരാധനാലയത്തിനെ വേറിട്ടു നിർത്തുന്നത്. ഇതിനു അടുത്ത് തന്നെയാണ് ഗവണ്മെന്റ് പാലസ് എന്നറിയപ്പെടുന്ന കോൺവെന്റും സ്ഥിതി ചെയ്യുന്നത്. ലെക്‌സ കത്തീഡ്രൽ, സാൻ നിക്കോളോ ആൻഡ് കാറ്റാൽഡോ, സെലെസ്റ്റിൻ കോൺവെന്റ്, സാന്റാ ഐറിൻ തുടങ്ങി പുരാതന ബറോക്ക് ശൈലിയിൽ പണിതീർത്തിട്ടുള്ള നിരവധി ആരാധനാലയങ്ങൾ ഇവിടെ കാണുവാൻ കഴിയും.
ബസ്ലിക്ക ഡി സാന്റ ക്രോസ്
ഫ്രാൻസിസ്കൻ ദേവാലയങ്ങളിൽ ലോകത്തിലേറ്റവും വലുതാണിത്. ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിനുള്ളിൽ സ്ഥിതി ചെയ്യുന്ന പതിനാറ് ചാപ്പലുകളാണ്. സെന്റ് ഫ്രാൻസിസ് നിർമിച്ചതാണിതെന്നാണു കരുതപ്പെടുന്നത്. ഇപ്പോൾ കാണുന്ന ദേവാലയം മുമ്പുണ്ടായിരുന്നതിനെ പുതുക്കി പണിതതാണ്. 1294 നിർമാണം ആരംഭിച്ച പുതിയ പള്ളിയുടെ വിശുദ്ധീകരണ കർമങ്ങൾ നടത്തിയത് 1442 ൽ പോപ്പ് യൂജിൻ അഞ്ചാമനാണ്. വളരെ വിശേഷപ്പെട്ട നിർമിതിയായതു കൊണ്ടുതന്നെ പലകാലങ്ങളിൽ പുതുക്കി പണിതാണ് ഇന്നു കാണുന്ന രൂപത്തിലെത്തിയത്. നിരവധി കലാകാരന്മാരുടെ കലാസൃഷ്ടികളും ഇവിടം സന്ദർശിച്ചാൽ കാണുവാൻ കഴിയും.
ഇറ്റലിയിലെ മനോഹരമായ കടൽയാത്ര അവിസ്മരണീയമാണ്. നീല കടലും ചുറ്റിലുമുള്ള പാറക്കെട്ടുകളുമൊക്കെ കാണുന്നവരിലും ഈ ചിന്തയുണ്ടാക്കിയാൽ ആശ്ചര്യപ്പെടേണ്ടതില്ല. അത്രയേറെ മനോഹരമാണ് ആ കാഴ്ച.
അപ്‌ലിയ അഥവാ പുഗ്ലിയ
രാജ്യത്തിന്റെ തെക്കൻ ഉപദ്വീപിന്റെ ഭാഗത്താണിത് സ്ഥിതി ചെയ്യുന്നത്. ഏകദേശം നാല് മില്യൺ ജനങ്ങൾ അധിവസിക്കുന്ന ഒരു പ്രദേശമാണിത്. ഇവിടെ പ്രധാനമായും രണ്ടു ദേശീയോദ്യാനങ്ങളാണുള്ളത്. ആൾട്ട മുർഗിയ നാഷണൽ പാർക്ക്, ഗർഗാനോ നാഷണൽ പാർക്ക് എന്നിങ്ങനെയാണ് അവയുടെ പേരുകൾ. മനോഹരമായ നിരവധി ഗ്രാമങ്ങളാണ് ഈ പ്രദേശത്തിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത്. ഇറ്റലിയിലെ ഏറ്റവും സുന്ദരമായ ഗ്രാമങ്ങളുടെ പട്ടികയിൽ ഇവിടെ നിന്നുമുള്ള 14 ഗ്രാമങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. മറ്റു ഇറ്റാലിയൻ പട്ടണങ്ങൾ പോലെ തന്നെ ചരിത്രവും കലയും ഇഴപിരിയാതെയിരിക്കുന്ന നിരവധി പട്ടണങ്ങൾ ഇവിടെയും കാണുവാൻ കഴിയും.