51 അടി ഉയരം, പൂജയും നൈവേദ്യവും ഇല്ല; ഋതുക്കളിൽ ലയിച്ച് വനവിഷ്ണുവായി ഗുരുവായൂരിലെ മരപ്രഭു
Mail This Article
നടൻ മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദ്യമായി സന്ദർശിച്ചപ്പോൾ സമ്മാനിച്ചത് മരപ്രഭു ശിൽപമാണ്. സ്വർണ വർണത്തിലുള്ള ഒരു ചെറു ശിൽപം. കൗതുകത്തോടെ പ്രധാനമന്ത്രി അതിനെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഗുരുവായൂർ ക്ഷേത്രം തെക്കേനടയിൽ ശ്രീവത്സം അങ്കണത്തിൽ ഗജരാജൻ കേശവന്റെ പ്രതിമയ്ക്ക് തൊട്ടു ചേർന്ന് തലയുയർത്തി നിൽക്കുന്ന 51 അടി ഉയരമുള്ള കളിമൺ ശിൽപമാണ് മരപ്രഭു. കളിമണ്ണിൽ നിർമിച്ച ഏറ്റവും വലിയ ശിൽപം. വിഷ്ണു സഹസ്രനാമത്തിൽ ‘അപ്രമേയോ ഹൃഷികേശഃ പത്മനാഭോമരപ്രഭുഃ..’ എന്നൊരു ഭാഗമുണ്ട്.
മേൽപുത്തൂർ നാരായണ ഭട്ടതിരിപ്പാട് ഗുരുവായൂർ ക്ഷേത്രത്തിൽ ഭജിച്ച് നാരായണീയം രചിക്കുന്ന കാലം. ഭക്തകവി പൂന്താനം നാലമ്പലത്തിലുണ്ട്. പൂന്താനം വിഷ്ണുസഹസ്രനാമം ജപിക്കുമ്പോൾ പത്മനാഭോ മരപ്രഭു.. എന്ന് ചൊല്ലി. ഇതു കേട്ട സംസ്കൃത പണ്ഡിതനായ മേൽപുത്തൂർ ഭാഷാകവിയായ പൂന്താനത്തെ പരിഹസിച്ചുവത്രേ.. അമരപ്രഭു എന്നതിന് പകരം മരപ്രഭു എന്ന് തെറ്റായി ചൊല്ലിയതാണ് പരിഹാസത്തിനു കാരണം. ഉടൻ ശ്രീലകത്തുനിന്ന് അശരീരി ഉണ്ടായി. ‘അമരപ്രഭുവും മരപ്രഭുവും സർവപ്രഭുവും ഞാൻതന്നെ...’.
ഈ അശരീരിയുടെ ശരീരഭാവമാണ് മരപ്രഭു ശിൽപം. ആലുവ ദേശം സ്വദേശി രാമചന്ദ്രന്റെ നേതൃത്വത്തിൽ 1994ൽ ശിൽപം നിർമിച്ചു. ഗുരുവായൂരിന്റെ ആത്മീയഭാവം പ്രകടമാക്കുന്ന ഒരു ശിൽപം നിർമിക്കണമെന്ന് അന്നത്തെ കലക്ടർ ജി.രാജശേഖരനാണ് നിർദേശിച്ചത്. നടയിൽ തൊഴുതുനിന്ന ശിൽപിയുടെ ഉള്ളിൽ തെളിഞ്ഞത് ‘മരപ്രഭു’ ശിൽപമായിരുന്നു. സാളഗ്രാമം, ചന്ദ്രകാന്തം, രത്നങ്ങൾ എന്നിവ നിക്ഷേപിച്ച് ശിലാസ്ഥാപനം നടത്തി. 6500 ഇഷ്ടിക കൊണ്ട് ബാഹ്യരൂപം ഉണ്ടാക്കി. 108 തരം പച്ചമരുന്നുകൾ അരച്ചു ചേർത്ത കളിമണ്ണ് ചാലിച്ചു ചേർത്തു. ദിവ്യൗഷധങ്ങളും ചേർത്തു. 6 മാസം കൊണ്ട് ശിൽപനിർമാണം പൂർത്തീകരിച്ചു.
1995 മാർച്ച് 27ന് ശിൽപത്തിന്റെ നേത്രോന്മീലനം നടന്നു. 2011ൽ ശിൽപത്തിന് കനകപ്രഭാമണ്ഡലം സമർപ്പിച്ചു. ഉരുക്കിലും പിച്ചളയിലും കൊത്തുപണികളോടെ ശിൽപത്തിന് നിർമിച്ച ലോഹകവചമാണ് കനക പ്രഭാമണ്ഡലം. മരപ്രഭുവിന്റെ മൂലമന്ത്രം ബ്രാഹ്മി ലിപിയിൽ കൊത്തിവച്ചു. പൗരാണിക ലിപിയിലുള്ള സൂക്തങ്ങളും രേഖപ്പെടുത്തി. നശിക്കുന്നതും നശിക്കാത്തതും ഞാൻ തന്നെ എന്ന ശ്രീകൃഷ്ണ വചസ്സാണ് ശിൽപത്തിന് ആധാരം. മനുഷ്യനും മണ്ണുമായുള്ള ആത്മബന്ധത്തിന്റെ പ്രതീകം.
ബ്രഹ്മാ വിഷ്ണു മഹേശ്വര സങ്കൽപമായ അരയാൽ വൃക്ഷവും പരമാത്മ ചൈതന്യമായ മുഖവും ശിരസ്സിൽനിന്ന് താഴേയ്ക്കു പതിക്കുന്ന ജീവരാശി വൃക്ഷ ശാഖികളും നിറഞ്ഞ മരപ്രഭു ശിൽപത്തിന് യോഗാത്മകതയുടെ മൂർത്തമായ കുംഭക അവസ്ഥയാണ് ഭാവം. പൂജയും നൈവേദ്യവും ഇല്ലാതെ ഋതുക്കളിൽ ലയിച്ച് ആധ്യാത്മിക ചൈതന്യം പ്രസരിപ്പിക്കുന്ന വനവിഷ്ണുവാണ് മരപ്രഭു. ശിൽപത്തിന്റെ ചെറുരൂപങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസ് മുതൽ സാധരണക്കാരന്റെ വീടു വരെ എത്തിക്കഴിഞ്ഞു.
Content Highlights: Statue of Maraprabhu | Maraprabhu | Guruvayur Temlple | Manorama Astrology | Astrology News