വനിതകൾക്ക് വരുമാന അവസരമൊരുക്കി സ്ത്രീ ശക്തി ബീമ സഖി യോജന
Mail This Article
'വികസിത് ഭാരത്' എന്ന ലക്ഷ്യത്തിലേക്കെത്താൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ സ്ത്രീ ശാക്തീകരണ പരിപാടിയായ 'ബീമ സഖിക്ക്' പ്രചാരമേറുന്നു. പത്താം ക്ലാസ് പാസായ 18 മുതല്‍ 70 വയസു വരെയുള്ള വനിതകൾക്കായുള്ള ഈ പദ്ധതിയിലൂടെ ഇൻഷുറൻസ് ബോധവൽക്കരണവും സാമ്പത്തിക സാക്ഷരതയുമാണ് ലക്ഷ്യമിടുന്നത്. സ്റ്റൈപ്പന്‍ഡോടു കൂടി പ്രത്യേക പരിശീലനം പൂർത്തിയാക്കുന്ന വനിതകൾക്ക് പ്രകടനം വിലയിരുത്തി എൽഐസിയുടെ ഡവലപ്മെന്റ് ഓഫീസറാകാനുള്ള അവസരവുമുണ്ട്.
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയുമ്പോൾ ബീമ സഖിയുടെ മൊത്തം റജിസ്ട്രേഷൻ 52,511 ആയിട്ടുണ്ട്. അതിൽ 27,695 ബീമ സഖികൾക്ക് പോളിസികൾ വിൽക്കുന്നതിനുള്ള നിയമന കത്തുകൾ നൽകിയിട്ടുണ്ടെന്നും 14,583 ബീമ സഖികൾ പോളിസികൾ വിൽക്കാൻ തുടങ്ങിയതായും എൽഐസി പ്രസ്താവനയിൽ പറഞ്ഞു.
"ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ഓരോ പഞ്ചായത്തിലും കുറഞ്ഞത് ഒരു ബീമ സഖിയെ എങ്കിലും നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം" എന്ന് വികസനത്തെക്കുറിച്ച് സംസാരിച്ച എൽഐസി മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു.
സ്ത്രീകളെ വൈദഗ്ധ്യമുള്ളവരാക്കിയും ഡിജിറ്റൽ മാർഗങ്ങളിലൂടെ ശാക്തീകരിക്കുന്നതിലൂടെയും എൽഐസി ബീമ സഖി സ്ട്രീം ശക്തിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി പ്രകാരം, ഓരോ ബീമ സഖിയ്ക്കും ആദ്യ വർഷം 7,000 രൂപയും രണ്ടാം വർഷം പ്രതിമാസം 6,000 രൂപയും മൂന്നാം വർഷം പ്രതിമാസം 5,000 രൂപയും സ്റ്റൈപ്പൻഡ് നൽകും.
ഈ സ്റ്റൈപ്പൻഡ് അടിസ്ഥാന പിന്തുണ അലവൻസായിരിക്കും. കൂടാതെ, വനിതാ ഏജന്റുമാർക്ക് അവരുടെ ഇൻഷുറൻസ് പോളിസികളെ അടിസ്ഥാനമാക്കി കമീഷന്‍ നേടാനാകും. അതായത്, അവർ കൊണ്ടുവരുന്ന ബിസിനസ്സിന് ആനുപാതികമായി അവരുടെ വരുമാനം വർദ്ധിക്കും.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2 ലക്ഷം ബീമ സഖിമാരെ റിക്രൂട്ട് ചെയ്യാനാണ് എൽഐസി ലക്ഷ്യമിടുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ 18 നും 70 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
എല്ലാവർക്കും ഇൻഷുറൻസ്
ഇൻഷുറൻസ് സാധാരണക്കാർക്കും എടുക്കാൻ പ്രാപ്യമാക്കുക, താങ്ങാവുന്ന വിലയിൽ നൽകുക എന്ന ലക്ഷ്യങ്ങളും ബീമ സഖിക്ക് പിന്നിലുണ്ട്. സാധാരണക്കാർക്ക് നിലവിൽ വിപണിയിലുള്ള പല ഇൻഷുറൻസുകളും എടുക്കാൻ സാധിക്കാത്ത വിലയിലാണ്. അതിനൊരു മാറ്റം കൊണ്ടുവരാനും സർക്കാർ ഇതിലൂടെ ശ്രമിക്കുന്നുണ്ട്. പല സാമ്പത്തിക സൂചകങ്ങളിലും ഇന്ത്യ വളരുകയാണെങ്കിലും, ഇൻഷുറൻസ് മേഖലയിൽ ഈ വളർച്ച കാണുന്നില്ല.
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ)യുടെ 2023-24 സാമ്പത്തിക വർഷത്തിലെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2023-24ൽ തുടർച്ചയായ രണ്ടാം വർഷവും ഇൻഷുറൻസ് വ്യാപനം കുറഞ്ഞു. ഇത് ആശങ്കാജനകവും ആഗോള പ്രവണതയ്ക്ക് വിരുദ്ധവുമാണെന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു.
ഇതിൽ ഇടിവുണ്ടായിട്ടും ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയം ശേഖരണത്തിൽ 6 ശതമാനം വർദ്ധനവുണ്ടായി എന്നും ഈ റിപ്പോർട്ടിലുണ്ട് . വികസിത രാജ്യങ്ങളുമായോ ആഗോള ശരാശരിയുമായോ താരതമ്യപ്പെടുത്തുമ്പോൾ ഇൻഷുറൻസ് വ്യാപനം കുറഞ്ഞ രാജ്യമാണ് ഇന്ത്യ എന്നത് കൊണ്ട് ഈ ഇടിവ് ആശങ്കാജനകമാണ്. കോവിഡ് പശ്ചാത്തലത്തിൽ 2021-22ൽ രാജ്യത്തെ ഇൻഷുറൻസ് വ്യാപനം 4.2 ശതമാനത്തിലെത്തിയിരുന്നു.
ഗ്രാമീണ മേഖലകളിലേക്ക് നുഴഞ്ഞുകയറ്റം ലക്‌ഷ്യം
ആഗോളതലത്തിൽ, ഇൻഷുറൻസ് വ്യാപനം 2022-ൽ 6.8 ശതമാനത്തിൽ നിന്ന് 2023-ൽ 7% ആയി ഉയർന്നു. ഇന്ത്യയിൽ ഇൻഷുറൻസ് വ്യാപനം വർദ്ധിപ്പിക്കുന്നതിന് സർക്കാരും ഇൻഷുറൻസ് വ്യവസായവും റഗുലേറ്ററും ഉൾപ്പെടെ എല്ലാ പങ്കാളികളും നന്നായി പ്രവർത്തിക്കേണ്ടതുണ്ട് അതുകൊണ്ടാണ് പുതിയ പദ്ധതികളിലൂടെ സ്ത്രീ ശാക്തീകരണവും, ഇൻഷുറൻസ് വ്യാപനവും ഒരുമിച്ചു കൊണ്ടുപോകാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
ഗ്രാമീണ മേഖലകളിലാണ് ഇൻഷുറൻസ് വ്യാപനം കുറവ് എന്നുള്ളതിനാൽ ഗ്രാമീണ മേഖലക്ക് പ്രത്യേകം പ്രാധാന്യം നൽകി പ്രവർത്തിക്കാനും സർക്കാർ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ബീമ സഖി പോലുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകുന്നത്.
ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, പ്രോപ്പർട്ടി ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്ന ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ഒരു പ്ലാനിന് കീഴിൽ അവതരിപ്പിക്കാൻ ഐആർഡിഎഐ പദ്ധതിയിടുന്നുണ്ട്. പ്രത്യേക ആവശ്യങ്ങൾക്കായി പ്രത്യേക പോളിസികൾ നിലനിർത്തുന്നതിനുപകരം ഒരു കുടകീഴിൽ എല്ലാം കൊണ്ടുവരുന്നത് കാര്യങ്ങൾ എളുപ്പമാക്കും എന്ന ചിന്തയും ഇതിന് പിന്നിലുണ്ട്. ഇൻഷുറൻസ് പോളിസികളിൽ ചുമത്തുന്ന നികുതി കുറയ്ക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട് എന്ന് വിദഗ്ധർ പറയുന്നു.