മകളുടെ മുഖമാകെ നീര്, ഉള്ളുനീറി അമ്മമനസ്സ്, ഇവരെ നാട്ടിലെത്തിക്കണം..

Mail This Article
കലവൂർ ∙ ദേശീയോദ്ഗ്രഥന പദ്ധതി പ്രകാരം ചെന്നിത്തലയിലെ നവോദയ കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് ഉത്തർപ്രദേശിലെ സ്കൂളിൽ ഒൻപതാം ക്ലാസ് പഠനത്തിന് പോയി പരീക്ഷ കഴിഞ്ഞിട്ടും അവിടെ കുടുങ്ങിപ്പോയ മകളുൾപ്പെടെയുള്ള 19 വിദ്യാർഥിനികളെയും നാട്ടിലെത്തിക്കണമെന്ന് അപേക്ഷിക്കുകയാണ് കലവൂർ ജയപ്രിയ വീട്ടിൽ പി.ജയ. ‘മുഖമാകെ നീര് വന്ന് വീർത്ത നിലയിലുള്ള എന്റെ മകൾ ഭക്ഷണം കഴിക്കാതെയും ചികിത്സ കിട്ടാതെയും വിഷമിക്കുകയാണ്.
കഴിഞ്ഞദിവസം വിളിച്ചപ്പോൾ മകളുടെ മുഖത്ത് ആകെ നീര് വന്ന് വീർത്തിരിക്കുന്നത് കണ്ടു. പുഴു കടിച്ചതാണെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ കുട്ടി ആകെ അവശതയിലാണ്. മകളെ നാട്ടിലെത്തിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഡിസ്ക് സംബന്ധമായ അസുഖത്തെ തുടർന്ന് ഇപ്പോൾ അവധിയിലുള്ള പഞ്ചായത്ത് സെക്രട്ടറിയായ ജയ പറഞ്ഞു.
‘വിദ്യാർഥികളെ നാട്ടിലെത്തിക്കണം’
ഹരിപ്പാട് ∙ ഉത്തർ പ്രദേശിൽ കുടുങ്ങിയ വിദ്യാർഥികളെ എത്രയും വേഗം നാട്ടിൽ എത്തിക്കാൻ നടപടി വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. വിദ്യാർഥികൾ വളരെ വിഷമത്തിലാണ്. പല പെൺകുട്ടികൾക്കും മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി മാതാപിതാക്കൾ പറയുന്നു. വിഡിയോകോളിൽ വരുന്ന കുട്ടികൾ വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാൻ പലതും മറച്ചു വയ്ക്കുകയാണെന്നാണ് മാതാപിതാക്കളുടെ സംശയം.