തിരക്കൊഴിഞ്ഞു; ശ്വാസം വീണു, നഗരയാത്രയ്ക്ക്
Mail This Article
ദീർഘദൂര വാഹനങ്ങളുടെ യാത്ര ബൈപാസിലൂടെയായതോടെ നഗരത്തിൽ തിരക്കൊഴിഞ്ഞു. നഗര പാതകളിലൂടെയുള്ള യാത്രാ ദൈർഘ്യം കുറഞ്ഞു. എന്നാൽ, ആദ്യ ദിനത്തിലെ തിരക്ക് കുറഞ്ഞതോടെ ബൈപാസിലൂടെയുള്ള യാത്രയ്ക്കു വേഗമേറി. ബൈപാസ് തുറന്നതിന്റെ രണ്ടാം നാൾ ‘മനോരമ’ സംഘം കാറിലും ഇരുചക്രവാഹനത്തിലും നടത്തിയ റിയാലിറ്റി പരിശോധനയിൽ കണ്ടതിങ്ങനെ:
കാറിൽ നഗരം കടക്കാൻ 15 മിനിറ്റ്
ഇന്നലെ ഉച്ചയ്ക്ക് 12ന് ആലപ്പുഴ കൊമ്മാടി ജംക്‌ഷനിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം. ഏതു നേരവും തിരക്കൊഴിയാത്ത ശവക്കോട്ടപ്പാലത്തിൽ 15 സെക്കൻഡ് നേരം മാത്രമാണ് നിർത്തേണ്ടി വന്നത്. തുടർന്നുള്ള കോൺവന്റ് സ്ക്വയർ, കണ്ണൻവർക്കിപ്പാലം, കലക്ടറേറ്റ്, വെള്ളക്കിണർ ജംക്‌ഷനുകളിൽ വാഹനം നിർത്തേണ്ടി വന്നില്ല.
ജനറൽ ആശുപത്രി ജംക്‌ഷനിൽ ചുവപ്പ് സിഗ്നൽ കടക്കാൻ 13 സെക്കൻഡ്. തിരുവമ്പാടി ജംക്‌ഷനിലും വലിയചുടുകാട് ജംക്‌ഷനിലും നേരിയ തിരക്കുണ്ടായിരുന്നെങ്കിലും വാഹനം നിർത്തേണ്ടി വന്നില്ല. കളർകോട് ചങ്ങനാശേരി ജംക്‌ഷനിൽ 24 സെക്കൻഡ് ചുവപ്പ് സിഗ്നലിൽ സമയം കാത്തു കിടക്കേണ്ടി വന്നു.
എങ്കിലും 15 മിനിറ്റ് പൂർത്തിയായപ്പോൾ ബൈപാസിന്റെ മറുവശമായ കളർകോട് ജംക്‌ഷനിലെത്തി. ബൈക്കിൽ 13 മിനിറ്റുകൊണ്ട് കൊമ്മാടി ജംക്‌ഷനിൽ നിന്നു കളർകോട് ബൈപാസ് ജംക്‌ഷനിൽ എത്താനായി.
ബൈപാസിലൂടെ 10 മിനിറ്റിൽ താഴെ
ഉദ്ഘാടന ദിവസം വൈകുന്നേരം ബൈപാസ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് 23 മിനിറ്റ് ആണ്. എന്നാൽ, ഇന്നലെ ഉച്ചയ്ക്ക് 12.20 ന് കളർകോട് ജംക്‌ഷനിൽ നിന്നാണ് യാത്ര തുടങ്ങിയത്. കാര്യമായ തിരക്കുണ്ടായിരുന്നില്ലെങ്കിലും മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ എന്ന വേഗം നിശ്ചയിച്ചാണ് യാത്ര തുടങ്ങിയത്.
ബൈപാസിൽ ബീച്ചിനു മുകളിലെത്തിയപ്പോൾ വാഹനങ്ങൾ നിർത്തി കാഴ്ച കാണുന്നവരുടെ നിരയുണ്ടായിരുന്നു. ഫോട്ടോ എടുക്കുന്നവർക്ക് അതിനുള്ള സാവകാശം നൽകിയ ശേഷം തിരക്കൊഴിവാക്കാൻ പൊലീസ് ഇടപെടലുണ്ട്.
എവിടെയും നിർത്താതെ തുടർച്ചയായ യാത്രയിൽ 9 മിനിറ്റും 50 സെക്കൻഡും കൊണ്ട് കളർകോട് നിന്ന് കൊമ്മാടി വരെ എത്തി. വൈകിട്ട് 3.25ന് കളർകോട് ജംക്‌ഷനിൽ നിന്ന് ബൈക്കിൽ കൊമ്മാടിയിലേക്ക് യാത്ര ചെയ്തപ്പോഴും 9 മിനിറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ.