അച്ചൻകോവിലാറിലെ ജലനിരപ്പ് താഴുന്നു; വരൾച്ച പിടിമുറുക്കുന്നു

Mail This Article
മാന്നാർ ∙ അച്ചൻകോവിലാറിലെ ജലനിരപ്പു താഴ്ന്നു തുടങ്ങി, വറുതിയിലേക്കെന്ന സൂചനയിൽ ഓണാട്ടുകരയും അപ്പർകുട്ടനാടും.ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ വെൺമണി, ചെറിയനാട്, പുലിയൂർ, ബുധനൂർ, ചെന്നിത്തല പഞ്ചായത്തുകളിലുടെയാണ് അച്ചൻ കോവിലാർ ഒഴുകുന്നത്. മാവേലിക്കരയിലെ നൂറനാട്, തഴക്കര, മാവേലിക്കര നഗരസഭ തുടങ്ങിയ ഭാഗങ്ങളുടെ അതിർത്തി പങ്കിട്ടും ഒഴുകുന്നു . ജലവിതരണത്തിനുള്ള അഞ്ച് ശുദ്ധജലവിതരണ പദ്ധതികൾ ഇവിടെ മാത്രമായിട്ടുണ്ട്.
കൃഷിക്കാവശ്യമായ ജലസേചനത്തിനും ശുദ്ധജലവിതരണത്തിനും ജനം അച്ചൻകോവിലാറിനെയാണ് ആശ്രയിക്കുന്നത്. ആറിനോടു ചേർന്നുള്ള കൃഷിയിടങ്ങളും വരണ്ടു തുടങ്ങി. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പമ്പിങ് മിക്കയിടത്തും തുടങ്ങിയതിനാൽ നെൽകൃഷിക്കു ബുദ്ധിമുട്ടായി തുടങ്ങിയിട്ടില്ല. അച്ചൻകോവിലാറിലെ കൊല്ലകടവ് പാലം, വഴുവാടിക്കടവ് പാലത്തിനു കിഴക്കും പടിഞ്ഞാറും എന്നീ ഭാഗങ്ങളിലാണ് ജലനിരപ്പു കാര്യമായി താഴ്ന്നത്. ചെന്നിത്തല, മാന്നാർ, ബുധനൂർ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കുട്ടംപേരൂർ ആറിലെ ജലനിരപ്പും ഒരടിയോളം താഴ്ന്നു. പമ്പാനദിയിൽ അരയടിയാണ് കഴിഞ്ഞ 3 ദിവസമായി താഴ്ന്നത്