യുപിയിൽ നിന്ന് ചെന്നിത്തലയിലെത്തി ഓണമുണ്ട് വിദ്യാർഥികൾ

Mail This Article
മാന്നാർ ∙ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുമെത്തിയ നവോദയ വിദ്യാർഥികളുടെ ഓണാഘോഷം പുത്തൻ ഉണർവായി. ചെന്നിത്തല ജവാഹർ നവോദയ വിദ്യാലയത്തിൽ വിവിധ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളടക്കം 24 വിദ്യാർഥികളാണ് കേരളത്തിൽ ആദ്യമായെത്തി ഓണമാഘോഷിച്ചത്. അധ്യാപകരുടെ നിർദേശവും പടങ്ങൾ കണ്ടും അവർ സംഘം ചേർന്നു വിദ്യാലയ അങ്കണത്തിൽ അത്തപ്പൂക്കളം തീർത്തു.
സ്കൂൾ വളപ്പിൽ നിന്നും ലഭ്യമായ പൂക്കൾ ശേഖരിച്ചാണ് അവർ അത്തപ്പൂക്കളമിട്ടത്. സെറ്റു സാരിയുടക്കാൻ ശ്രമിച്ചെങ്കിലും പരിചയക്കുറവും പോരായ്മയും കണ്ടെത്തിയതിനെ തുടർന്ന് അതുപേക്ഷിച്ചു. ഓണസദ്യയാണ് അവർക്കു പൂക്കളത്തെക്കാൾ ഏറെ ഇഷ്ടപ്പെട്ടത്. കാമിനി സിങ്, ആതിദ്യാ ജസ്വാൾ, മനീഷ, അങ്കിറ്റ് മയൂര, അകൻക്ഷാ ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് അത്തപ്പൂക്കളമൊരുക്കിയത്. ഇടിയപ്പമായിരുന്നു അവർക്കു പ്രഭാത ഭക്ഷണം. അവർ തന്നെത്താൻ അരിപ്പൊടി കൊണ്ടു ഇടിയപ്പം ഉണ്ടാക്കി. ഡാൽകറി, കൊഴുക്കട്ട, അലുവ, അച്ചപ്പവുമാണ് ഇടിയപ്പത്തോടൊപ്പം അവർ ഭക്ഷിച്ചത്.
രാജ്യത്തെ ജവാഹർ നവോദയാ വിദ്യാലയത്തിൽ തുടരുന്ന പദ്ധതി പ്രകാരം വർഷത്തിൽ ഒരിക്കൽ ഒരു വിദ്യാലയത്തിലെ 20 ശതമാനം കുട്ടികൾ ഹിന്ദി സംസാരിക്കുന്നതും അന്യഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങൾ പോയി നിന്നും ഭാഷാ പഠനത്തോടൊപ്പം അവിടത്തെ സംസ്കാരവും മറ്റു അടിസ്ഥാന കാര്യങ്ങളും പഠിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നും 24 വിദ്യാർഥികൾ ഈ ഓണക്കാലത്തു ചെന്നിത്തലയിലെത്തിയതെന്ന് അധ്യാപകനായ സജികുമാർ പറഞ്ഞു.