മറ്റപ്പള്ളി: കലക്ടറുടെ റിപ്പോർട്ട് 25ന്
Mail This Article
ആലപ്പുഴ∙ മറ്റപ്പള്ളി മലയിൽ അനുമതിയില്ലാത്ത സർവേ നമ്പറിൽ നിന്നാണു മണ്ണെടുത്തത് എന്ന ആരോപണത്തിൽ വിശദമായ റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി കലക്ടർ ജോൺ വി.സാമുവൽ മറ്റപ്പള്ളി മല സന്ദർശിച്ചു. ഇന്നലെ റവന്യു ഉദ്യോഗസ്ഥർ സ്ഥലം അളന്നു. സർവേ നടത്തിയതിന്റെ രൂപരേഖ നാളെ കലക്ടർക്കു കൈമാറും. ജിയോളജി വകുപ്പ് ഇന്നു റിപ്പോർട്ട് നൽകും. കലക്ടർ 25നു റിപ്പോർട്ട് മന്ത്രി പി.പ്രസാദിന് സമർപ്പിക്കും.
അനുമതിയില്ലാത്ത ഭൂമിയിൽ നിന്നാണു മണ്ണെടുത്തതെന്നും മണ്ണെടുക്കാൻ അനുമതി നൽകുന്നതിൽ ജിയോളജി വകുപ്പിനു വീഴ്ചയുണ്ടായെന്നും മന്ത്രി പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷിയോഗത്തിൽ ആരോപണം ഉയർന്നിരുന്നു. തുടർന്ന് ഇവ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ കലക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. അതേസമയം മണ്ണെടുക്കാൻ അനുമതിയുള്ള ഭൂമിയിൽ നിന്നു തന്നെയാണു മണ്ണെടുത്തത് എന്നാണ് സൂചന.
ഇന്നലെ രാവിലെയാണു കലക്ടർ, എഡിഎം: എസ്.സന്തോഷ്കുമാർ, തഹസിൽദാർ ഡി.സി.ദിലീപ്കുമാർ, ജിയോളജിസ്റ്റ് കൃഷ്ണേന്ദു എന്നിവർ സ്ഥലം സന്ദർശിച്ചത്. മണ്ണെടുക്കാൻ അനുമതിയുള്ള സർവേനമ്പറുകളിൽ സർവേ നടത്തി രൂപരേഖ തയാറാക്കി സമർപ്പിക്കാനാണു സർവേ വിഭാഗത്തോടു കലക്ടർ ആവശ്യപ്പെട്ടത്.പാലമേൽ പവിത്രം വീട്ടിൽ പ്രശാന്തകുമാരിക്കു മണ്ണെടുക്കാൻ അനുമതി നൽകിയതു മറ്റ് 7 സർവേ നമ്പറുകളിലെ സ്ഥലം കൂടി ഉൾപ്പെടുത്തിയാണ്. അതിൽ ഒരു ഭൂമിയിൽ നിന്നാണു മണ്ണെടുത്തതെന്നാണു സൂചന.
മണ്ണെടുത്ത സ്ഥലത്തിനു പുറമേ ജനങ്ങളുടെ ആവശ്യ പ്രകാരം മറ്റപ്പള്ളി മലയിലെ ജലസംഭരണി, ഞവരക്കുന്ന്, കരിങ്ങാലിൽചാൽ പുഞ്ച എന്നിവിടങ്ങളും കലക്ടർ സന്ദർശിച്ചു. മണ്ണെടുക്കാൻ അനുമതി ലഭിച്ചിട്ടുള്ള സർവേ നമ്പറുകളിൽ നിന്ന് ജലസംഭരണിയിലേക്കുള്ള കുറഞ്ഞ ദൂരം അളന്നു റിപ്പോർട്ട് നൽകാൻ കലക്ടർ നിർദേശിച്ചു.
സമരസമിതി ഇന്നു യോഗം ചേർന്നു വാർഡ്തല സംഘാടക സമിതി രൂപീകരിക്കാൻ തീരുമാനിക്കും. മണ്ണെടുക്കുന്നതിന് അനുകൂലമായാണു റിപ്പോർട്ട് എങ്കിൽ സമരം ശക്തിപ്പെടുത്താനാണു സമരസമിതി തീരുമാനം.
ഉദ്യോഗസ്ഥർ വിവരം ചോർത്തിയെന്ന് കലക്ടർക്ക് പരാതി
മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ വിവരാവകാശം വഴി വിവരങ്ങൾ ആവശ്യപ്പെട്ടതു സ്വകാര്യ കരാർ കമ്പനിക്ക് ചോർത്തി നൽകിയെന്നു കലക്ടർക്കു പരാതി. മറ്റപ്പള്ളി ചരുവിളയിൽ സേതുവാണു പരാതി നൽകിയത്. മറ്റപ്പള്ളിയിൽ മലയിടിച്ചു മണ്ണെടുക്കാനുള്ള ശ്രമത്തിന്റെ വിവരങ്ങൾ അറിയാൻ ആദ്യം വില്ലേജ് ഓഫിസിൽ വിവരാവകാശം വഴി ആവശ്യപ്പെട്ടെങ്കിലും വിവരം ലഭ്യമല്ലെന്നു മറുപടി ലഭിച്ചു. തുടർന്നാണു മൈനിങ് ആൻഡ് ജിയോളജി വകുപ്പിലേക്കു വിവരാവകാശം വഴി വിവരങ്ങൾ ആവശ്യപ്പെട്ടത്.
എന്നാൽ ഏതാനും ദിവസത്തിനുള്ളിൽ മണ്ണെടുക്കാൻ കരാറെടുത്ത കമ്പനി തന്നെ പ്രതിയാക്കി ഹൈക്കോടതിയിൽ ഹർജി നൽകിയെന്നാണ് പരാതി. കരാറുമായെത്തിയവരെ ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണം ശരിയല്ല. വിവരാവകാശം വഴി വിവരങ്ങൾ തേടുന്ന കാര്യം നാട്ടിൽ ആർക്കും അറിവില്ലെന്നിരിക്കെ, പേരുവിവരങ്ങൾ ഉദ്യോഗസ്ഥർ തന്നെ കരാർ കമ്പനിക്കു നൽകിയത് ഉപയോഗിച്ചാണു തനിക്കെതിരെ പരാതി നൽകിയതെന്നു സേതു പറഞ്ഞു.
‘വീടു വയ്ക്കാൻ മണ്ണെടുത്തു;ഗൗരവം അറിയില്ലായിരുന്നു’
2019ൽ വാങ്ങിയ സ്ഥലം വീടു വയ്ക്കാൻ നിരപ്പാക്കാനായാണു കരാർ കമ്പനിയുമായി ധാരണയായതെന്നു മറ്റപ്പള്ളിയിൽ മണ്ണെടുത്ത സ്ഥലത്തിന്റെ ഉടമ പാലമേൽ മുതുക്കാട്ടുകരമുറി ജോവില്ലയിൽ ജോസും സാലി ജോസും പറഞ്ഞു.
ഒരു ലോഡ് മണ്ണിന് 1000 രൂപ വീതം നൽകാമെന്നാണു കായംകുളത്തെ ഒരു അഭിഭാഷകന്റെ ഓഫിസിൽ വച്ചുണ്ടാക്കിയ കരാർ. കരം അടച്ച രസീതും ആധാരവും നൽകിയാൽ ബാക്കി അനുമതി വാങ്ങിക്കോളാമെന്നാണു കരാർ കമ്പനി അറിയിച്ചത്. ഇതുപ്രകാരം രേഖകൾ നൽകി. എന്നാൽ പുലർച്ചെ മണ്ണെടുത്തത് പ്രശ്നമായപ്പോഴാണു ഗൗരവം മനസ്സിലായതെന്നും സാലി ജോസ് പറഞ്ഞു.