ദിശ തെറ്റും; ഈ ബോർഡ് നോക്കിയാൽ; ദിശാ സൂചക ബോർഡുകൾ കാടുകയറിയ നിലയിൽ

Mail This Article
പെരുമ്പാവൂർ ∙ കൃത്യമായ പരിപാലനമില്ലാത്തതിനാൽ ദിശാ സൂചക ബോർഡുകൾ കാടുകയറിയ നിലയിൽ. മിക്ക ഇടങ്ങളിലും ബോർഡുകൾ മരച്ചില്ലകൾ മൂടി. നഗരത്തിലെ തിരക്കേറിയ ഗാന്ധി പ്രതിമയ്ക്ക് മുന്നിലുള്ള ബോർഡിലെ സ്ഥലങ്ങളുടെ പേരും കിലോമീറ്ററും മാഞ്ഞു പോയി. വിനോദ സഞ്ചാര വകുപ്പ് ശ്രീധർമശാസ്താ ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ബോർഡ് മരച്ചില്ലകൾ മൂടി കാണാൻ പറ്റുന്നില്ല. കൃത്യമായ ഇടവേളകളിൽ ബോർഡുകളുടെ പരിപാലനം നഗരസഭയും പൊതുമരാമത്തു വകുപ്പും നടത്തണമെന്ന് ടൂറിസം അധ്യാപകൻ കെ. ഐ. എബിൻ പറഞ്ഞു.
പെരിയാറിന്റെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കവാടമാണ് പെരുമ്പാവൂർ. കാലടി, മലയാറ്റൂർ, കോടനാട്, കപ്രിക്കാട്, നെടുമ്പാറ ചിറ, മഹാഗണി തോട്ടം, പാണിയേലി പോര് എന്നിവിടങ്ങളിലേക്ക് പെരുമ്പാവൂരിൽ നിന്ന് എളുപ്പത്തിൽ എത്താം. നഗരത്തിലെ പ്രമുഖ ജംക്‌ഷനുകളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ദൂരവും ദിശയും സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.