ബഷീറിന്റെ കഥാപാത്രങ്ങളെത്തി, പുസ്തക പ്രകാശനത്തിന്

Mail This Article
കൊച്ചി ∙ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങൾ നേരിട്ടെത്തി അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിന്റെ ഭാഗമായി. ‘ബഷീർ: വർത്തമാനത്തിന്റെ ഭാവി’ എന്ന ബഷീർ പഠനഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിലാണ് ‘പാത്തുമ്മയുടെ ആടി’ലെ കഥാപാത്രങ്ങളായ ഖദീജ, സൈദു മുഹമ്മദ് എന്നിവർ പുസ്തകം ഏറ്റുവാങ്ങിയത്.
എഴുത്തുകാരന്റെ സൃഷ്ടി ഉന്മാദത്തിൽ നിന്ന് ഉണ്ടാകുന്നതാണെന്നു പ്ലേറ്റോ പറഞ്ഞത് ബഷീറിന്റെ കാര്യത്തിൽ തികച്ചും ശരിയാണെന്നും അനശ്വരതയുടെ താക്കോൽ ദൈവത്തിൽ നിന്ന് ഏറ്റുവാങ്ങിയ എഴുത്തുകാരനാണ് ബഷീറെന്നും പ്രഫ. എം.കെ.സാനു പറഞ്ഞു. പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുസ്തകത്തിന്റെ ചീഫ് എഡിറ്റർ കൂടിയാണ് പ്രഫ. എം.കെ.സാനു.മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാർക്കും സമശീർഷനായ എഴുത്തുകാരനാണ് ബഷീറെന്ന് അദ്ദേഹം പറഞ്ഞു.
എഐസിസി ന്യൂനപക്ഷ വകുപ്പ് ദേശീയ ഉപാധ്യക്ഷൻ ഇഖ്ബാൽ വലിയവീട്ടിൽ അധ്യക്ഷനായി. സതീശ് ചന്ദ്രൻ, ഡോ. ബി.ആർ.അജിത്, ജോഷി ജോർജ്, പി.ജി.ഷാജിമോൻ, നസീബ ഷുക്കൂർ, എഡിറ്റർ വി.വി.എ. ഷുക്കൂർ എന്നിവർ പ്രസംഗിച്ചു. എഴുപത്തഞ്ചിലേറെ എഴുത്തുകാരുടെ ഓർമകളും പഠനങ്ങളും ഉൾക്കൊള്ളുന്ന പുസ്തകം ആശയം ബുക്സാണ് പ്രസിദ്ധീകരിച്ചത്.