ADVERTISEMENT

കൊച്ചി ∙ പ്രവർത്തന സജ്ജമായി 3 മാസത്തിലേറെയായിട്ടും ഉദ്ഘാടനത്തിനായി വിശിഷ്ടാതിഥിയെ കാത്ത് എറണാകുളം ജനറൽ ആശുപത്രിയിലെ പുതിയ കാൻസർ ബ്ലോക്ക്. ജൂണിൽ ഉദ്ഘാടനം നടത്താനായിരുന്നു ആദ്യ നീക്കം. എന്നാൽ മാസം 3 കഴിഞ്ഞിട്ടും ഉദ്ഘാടനം നടന്നിട്ടില്ല. സ്മാർട് സിറ്റീസ് മിഷൻ പദ്ധതിയുടെ ഭാഗമായി 25 കോടി രൂപ ചെലവിൽ കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡാണ് (സിഎസ്എംഎൽ) മാർക്കറ്റ് റോഡിൽ ജനറൽ ആശുപത്രിക്ക് എതിർവശത്തു പുതിയ കാൻസർ ബ്ലോക്ക് നിർമിച്ചത്. 6 നിലകളിലായി 44,825 ചതുരശ്രയടിയിലാണു പുതിയ ബ്ലോക്ക്.

പണി പൂർത്തിയായെങ്കിലും കാൻസർ ബ്ലോക്ക് ആരോഗ്യ വകുപ്പിനു കൈമാറിയിട്ടില്ല. ഉദ്ഘാടനം നടത്തിയ ശേഷം കൈമാറാനാണു സിഎസ്എംഎലിന്റെ നീക്കം. എന്നാൽ എന്ന് ഉദ്ഘാടനം നടക്കുമെന്നു സിഎസ്എംഎൽ അധികൃതർക്കും വ്യക്തതയില്ല. ഉദ്ഘാടനം നടത്താൻ ആരോഗ്യവകുപ്പ് ആലോചിച്ചിരുന്നെങ്കിലും കെട്ടിടം കൈമാറിയിട്ടില്ലാത്തതിനാൽ അതും നടക്കുന്നില്ല. അഗ്നിരക്ഷാ സേനയുടെ എൻഒസി ഉൾപ്പെടെ ബ്ലോക്കിനു ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ കാൻസർ യൂണിറ്റുകളിലൊന്നാണു ജനറൽ ആശുപത്രിയിലേതെങ്കിലും പരിമിതമായ സൗകര്യങ്ങളെ അവിടെയുള്ളൂ. 48 പേരെ മാത്രമേ കിടത്തി ചികിത്സിക്കാൻ കഴിയൂ. പുതിയ ബ്ലോക്കിൽ ഇത് 104 ആയി ഉയരും. ഇതോടെ കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനുള്ള സാധ്യതയാണു തുറക്കുന്നത്. കാൻസർ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം തന്നെ കൂടുതൽ ഡോക്ടർമാർ, നഴ്സുമാർ, ഫാർമസി ജീവനക്കാർ എന്നിവരുടെ തസ്തികകളും സൃഷ്ടിക്കണം. എങ്കിൽ മാത്രമേ സൗകര്യങ്ങൾ വർധിച്ചതിന്റെ യഥാർഥ ഗുണം രോഗികൾക്കു ലഭിക്കുകയുള്ളൂ. കാൻസർ ബ്ലോക്ക് എത്രയും വേഗം ഉദ്ഘാടനം നടത്തി രോഗികൾക്കു മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com